‘പൊലീസുകാർ ചുറ്റും കൂടി വസ്ത്രം വലിച്ചു കീറി’: ആരോപണവുമായി ബിജെപി പ്രവർത്തക
ബെംഗളൂരു: കർണാടകയിൽ ബിജെപി വനിതാ പ്രവർത്തകയെ പൊലീസ് കസ്റ്റഡിയിലെടുക്കുന്നതിനിടെ മർദിക്കുകയും വസ്ത്രം വലിച്ചുകീറുകയും ചെയ്തെന്ന് ആരോപണം.
ഹുബ്ബള്ളിയിൽ ചൊവ്വാഴ്ചയാണ് സംഭവം. കസ്റ്റഡിയിലെടുത്ത ശേഷം ബസ്സിൽ കയറ്റുന്നതിനിടെയുണ്ടായ പിടിവലിയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
പുരുഷ–വനിത പൊലീസ് ഉദ്യോഗസ്ഥർ സ്ത്രീയെ ചുറ്റിനിൽക്കുന്നതും വാക്കേറ്റവും പിടിവലിയും ദൃശ്യങ്ങളിൽ കാണാം.പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചപ്പോഴാണ് മർദനവും വസ്ത്രം വലിച്ചുകീറലും ഉണ്ടായതെന്നുമാണ് ആരോപണം.
കേശവ്പുർ–റാണ പ്രദേശത്തെ എസ്‌ഐആർ (Special Intensive Revision) നടപടികളുമായി ബന്ധപ്പെട്ട് കോൺഗ്രസ്–ബിജെപി പ്രവർത്തകർ തമ്മിലുണ്ടായ തർക്കമാണ് സംഭവത്തിന് പിന്നിലെന്നാണ് റിപ്പോർട്ട്.
കോൺഗ്രസ് കോർപറേഷൻ അംഗം സുവർണ കല്ലകുണ്ട്ള നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ബിജെപി പ്രവർത്തക വിജയലക്ഷ്മി ഹണ്ഡിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
വോട്ടർ പട്ടികയിൽ നിന്ന് പേരുകൾ നീക്കം ചെയ്യാൻ ബിൽഒമാരെ സ്വാധീനിച്ചെന്ന ആരോപണമാണ് വിജയലക്ഷ്മിക്കെതിരെ ഉയർന്നത്. മുൻപ് കോൺഗ്രസ് പ്രവർത്തകയായിരുന്ന വിജയലക്ഷ്മി അടുത്തിടെയാണ് ബിജെപിയിൽ ചേർന്നതെന്ന വിവരവും പുറത്തുവന്നു.
അതേസമയം, പൊലീസ് ആരോപണം നിഷേധിച്ചു. ഹുബ്ബള്ളി പൊലീസ് കമ്മിഷണർ ശശി കുമാർ നൽകിയ വിശദീകരണത്തിൽ, വിജയലക്ഷ്മി സ്വയം വസ്ത്രങ്ങൾ വലിച്ചുകീറുകയും പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുകയും ചെയ്തുവെന്നാണ് പറഞ്ഞത്.
‘‘മൂന്ന് കേസുകളാണ് ഇവർക്കെതിരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രദേശവാസി നൽകിയ കൊലപാതക ശ്രമ പരാതിയിലാണ് അറസ്റ്റ്. അറസ്റ്റ് ചെയ്യാനെത്തിയപ്പോൾ തന്നെ പ്രശ്നങ്ങളുണ്ടായി. ഒരു പൊലീസുകാരനെ ഇവർ മർദിച്ചു.
തുടർന്ന് അവർ തന്നെയാണ് സ്വന്തം വസ്ത്രങ്ങൾ വലിച്ചുകീറിയത്. പിന്നീട് വനിതാ പൊലീസുകാരി വസ്ത്രങ്ങൾ നൽകി പ്രദേശവാസികളുടെ സഹായത്തോടെ അവരെ ധരിപ്പിച്ചു.
പൊലീസ് അപമര്യാദയായി പെരുമാറിയെന്ന ആരോപണം അടിസ്ഥാനരഹിതമാണ്’’– കമ്മിഷണർ വ്യക്തമാക്കി.
English Summary
A controversy has erupted in Karnataka after a BJP woman activist alleged that police assaulted her and tore her clothes while taking her into custody in Hubballi. Videos showing a scuffle between police personnel and the woman have gone viral.
karnataka-hubballi-bjp-woman-activist-police-controversy
Karnataka, Hubballi, BJP, Congress, police action, woman activist, political clash, voter list row, India news









