ബാഗ്ലൂർ : ഭൂപ്രകൃതി അനുസരിച്ച് ഉഷരഭൂമിയാണ് തമിഴ്നാട്. 43 നദികളാൽ സമൃദ്ധമായ കേരളത്തിൽ നിന്നും, കാവേരി നദി ഉത്ഭവിക്കുന്ന കർണാടകയിൽ നിന്നും വെള്ളം കിട്ടിയാൽ മാത്രം കൃഷി നടക്കുന്ന നാട്. അത് കൊണ്ട് തന്നെ രണ്ട് സംസ്ഥാനങ്ങളോടും വെള്ളത്തിന് വേണ്ടി പോരടിക്കുന്ന നാടായി തമിഴ്നാട് മാറിയിട്ട് നൂറ്റാണ്ടായിരിക്കുന്നു. തമിഴ്നാട് നടത്തുന്ന നദീജല തർക്കങ്ങളിൽ ഏറ്റവും കുപ്രസിദ്ധമാണ് കാവേരി തർക്കം. ബ്രിട്ടീഷുകാർ രാജ്യം ഭരിച്ചിരുന്ന 1892ൽ ഉദയം ചെയ്തുവെന്ന് കരുതുന്ന തർക്കം ഇപ്പോഴും ഇടവേളകളില്ലാതെ തുടരുന്നു. ഏറ്റവും അവസാനം കർണാടകയോട് തമിഴ്നാടിന് 5000യിരം ഘനയടി വെള്ളം നൽകാൻ കാവേരി വാട്ടർ മാനേജ്മെന്റ് അതോറിറ്റി ഉത്തരവിട്ടിരിക്കുന്നു. കേട്ടപാടെ കർണാടക ആവിശ്യം തള്ളി. വാട്ടർ അതോറിട്ടിയുടെ ഉത്തരവിലെ തിയതി പ്രകാരം സെപ്റ്റംബർ 13 മുതൽ 27വരെയുള്ള 15 ദിവസത്തിനുള്ളിൽ വെള്ളം നൽകണം.പക്ഷെ ആ സമയപരിധി ബുധനാഴ്ച്ച കഴിഞ്ഞു.ഒരു തുള്ളി പോലും തമിഴ്നാടിന് ഇത് വരെ ലഭിച്ചിട്ടില്ല.
തമിഴ്നാടിനേക്കാൾ വലിയ വരൾച്ചയിലാണ് തങ്ങളെന്നാണ് കർണാടകയുടെ വാദം. മതിയായ മഴയും ലഭിച്ചിട്ടില്ല. അതിനാൽ വെള്ളം നൽകാൻ കഴിയാത്ത സാഹചര്യമെന്നാണ് കർണാടകയുടെ വാദം. പക്ഷെ ഇത് അപ്പാടെ വിഴുങ്ങാൻ തമിഴ്നാട്ടിലെ കർഷകർ തയ്യാറല്ല. വെള്ളം നൽകാൻ ഉത്തരവിടുമ്പോഴെല്ലാം കർണാടക പറയുന്ന സ്ഥിരം മുടന്തൻന്യായങ്ങൾ മാത്രമാണ് ഇതെന്നാണ് കർഷക വിമർശനം.
വീണ്ടും മറ്റൊരു കാവേരി തർക്കത്തിന് തീ പടരുന്നു.
കാവേരി നദീ ജലം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് തമിഴ്നാട്ടിലെ കര്‍ഷകര്‍ വ്യാപക പ്രതിഷേധത്തിലാണ്. തഞ്ചാവൂരിലെ കര്‍ഷകര്‍ തഞ്ചാവൂര്‍ ജില്ല കലക്ടറുടെ ഓഫീസിന് മുന്നില്‍ ബലിതര്‍പ്പണം നടത്തിയാണ് പ്രതിഷേധിച്ചത്. തിരുച്ചറപ്പള്ളിയില്‍ ചത്ത എലിയെ കടിച്ചുപിടിച്ചുകൊണ്ടാണ് ഒരുകൂട്ടം കര്‍ഷകര്‍ പ്രതിഷേധ സമരം നടത്തിയത്. ബന്ദിനെതിരെ നടപടിയെടുക്കാതെ മൗനം പാലിക്കുന്ന കര്‍ണാടക സര്‍ക്കാര്‍ നിലപാടിനെതിരെയും കര്‍ണാടകയില്‍നിന്ന് തമിഴ്നാട്ടിലേക്ക് കാവേരി നദീ ജലം നല്‍കണമെന്നും ആവശ്യപ്പെട്ടാണ് കര്‍ഷകര്‍ എലിയെ കടിച്ചുപിടിച്ചുകൊണ്ട് അസാധാരണമായ രീതിയില്‍ പ്രതിഷേധിച്ചത്. തമിഴ്നാട്ടിലെ മറ്റുപലഭാഗങ്ങളിലും പ്രതിഷേധം നടന്നു. ഇതിന് മറുപടിയുമായി കന്നടസംഘടനകളും രംഗത്ത് ഇറങ്ങിയിട്ടുണ്ട്. വെള്ളിയാഴ്ച്ച വൻ ബന്ദിനാണ് ആഹ്വാനം.കർണാടകയിലെ വിവിധ തുറകളിൽ നിന്നുള്ള നിരവധി സംഘടനകളാണ് വെള്ളിയാഴ്ചത്തെ ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. കട കമ്പോളങ്ങളും വ്യാപാര കേന്ദ്രങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിട്ട് ബന്ദുമായി സഹകരിക്കണമെന്ന് സംഘടനകൾ പൊതു ജനങ്ങളോട് അഭ്യർത്ഥിച്ചു. സംസ്ഥാനത്തെ ബസ് – ടാക്സി – ഓട്ടോറിക്ഷാ തൊഴിലാളി യൂണിയനുകളും ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട് .
രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെയാണ് ബന്ദ്. പൊതുഗതാഗത സർവീസുകളെയും ബന്ദ് ബാധിച്ചേക്കും. സർക്കാർ ജീവനക്കാരുടെ സംഘടനകളും ബന്ദിനെ പിന്തുണക്കുന്നുണ്ട്. അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ കനത്ത ജാഗ്രതയിലാണ് പോലീസ്. ബെംഗളുരുവിൽ വ്യാഴാഴ്ച ഉച്ചയോടെ നിരോധനാജ്ഞ നിലവിൽ വന്നു. ബന്ദിനോടനുബന്ധിച്ചുള്ള റാലികളും പ്രതിഷേധ പ്രകടനങ്ങളും പോലീസ് തടയും.
പ്രശ്ന സാധ്യതയുള്ള ഭാഗങ്ങളിൽ കേന്ദ്ര സേനയെയും വിന്യസിച്ചിട്ടുണ്ട്. തമിഴ്‌നാട് അതിർത്തികളിലും പ്രദേശത്തെ സംഘർഷ സാധ്യതയുള്ള ഗ്രാമങ്ങളിലും കർണാടക പോലീസ് പ്രട്രോളിങ് ശക്തമാക്കിയിട്ടുണ്ട്. സംസ്ഥാനമൊന്നാകെ സമ്പൂർണമായി സ്‌തംഭിപ്പിക്കാനാണ് സംഘടനാ തീരുമാനിച്ചിരിക്കുന്നതെന്ന് മുൻ എം എൽ എയും സംഘടനാ നേതാവുമായ വാട്ടാൾ നാഗരാജ് മാധ്യമങ്ങളോട് പറഞ്ഞു. ബന്ദിനോട് സഹകരിക്കാതെ റോഡിലിറങ്ങുന്ന സ്വകാര്യ വാഹനങ്ങൾ ഉൾപ്പടെ തടയുമെന്നും സംസ്ഥാനത്തെ ദേശീയ പാതകൾ ഉപരോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .
അക്രമ സംഭവങ്ങൾ ഉണ്ടായാൽ കർശന നടപടി ഉണ്ടാകുമെന്ന് ബെംഗളൂരു സിറ്റി പോലീസ് കമ്മീഷണർ ബി ദയാനന്ദ ഐപിഎസ് പറഞ്ഞു. തമിഴ്നാട് സ്വദേശികൾ കൂട്ടമായി താമസിക്കുന്ന ബെംഗളുരുവിലെ ഇടങ്ങളിൽ പോലീസ് സുരക്ഷാ വിന്യാസം ശക്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ ചൊവ്വാഴ്ച കാവേരി പ്രശ്നത്തിൽ കന്നഡ ജലസംരക്ഷണ സമിതി ആഹ്വാനം ചെയ്ത ബന്ദ് സമാധാനപരമായിരുന്നു. അന്ന് 175 സംഘടനകൾ ബന്ദിനെ പിന്തുണച്ചിരുന്നെങ്കിലും അവസാന നിമിഷം പലരും പിന്മാറിയതോടെ ബന്ദ് ഭാഗികമായിരുന്നു. നാളെ നടക്കുന്ന സംസ്ഥാന ബന്ദിനെ പിന്തുണക്കമെന്ന ധാരണയുണ്ടാക്കിയായിരുന്നു പിന്മാറ്റം. എന്നാൽ നാളത്തെ ബന്ദിന് കർണാടകയിലെ സർവ മേഖലയിലുമുള്ള ഒട്ടുമിക്ക സംഘടനകളും പിന്തുണയുമായി എത്തിയിട്ടുണ്ട്. വെള്ളിയാഴ്ചയിലെ ബന്ദ് മുന്നിൽകണ്ട് വ്യാഴാഴ്ച അവധിയെടുത്ത് ഒക്ടോബർ രണ്ട് വരെയുള്ള ദീർഘ അവധി ആഘോഷിക്കാൻ മറുനാട്ടുകാരെല്ലാം ബുധനാഴ്ച രാത്രിയോടെ നാട് പിടിച്ചിരിക്കുകയാണ്. വിഷയം കാവേരി ആയതിനാൽ എന്തും പ്രതീക്ഷിക്കാമെന്ന അവസ്ഥയാണ് കർണാടകയിലുള്ളത്.
Read Also: മല്ലു ട്രാവലർ ലണ്ടനിൽ.പീഡനകേസിൽ ജാമ്യം ലഭിച്ചാൽ അടുത്തയാഴ്ച്ച നാട്ടില്‍ എത്തും.