കര്‍ക്കടക വാവുബലി; ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക
തിരുവനന്തപുരം: ഈ വർഷത്തെ കര്‍ക്കടക വാവുബലി പൂര്‍ണ്ണമായും ഹരിതച്ചട്ടം പാലിച്ച് നടത്താനൊരുങ്ങി കേരളാ സർക്കാർ. ഹരിതച്ചട്ടം പാലിക്കുന്നതിന് ആവശ്യമായ നിര്‍ദ്ദേശങ്ങളും ജില്ലാ ശുചിത്വമിഷന്‍ പുറത്തിറക്കിയിട്ടുണ്ട്.
വാവുബലി സ്ഥലങ്ങളിൽ കുപ്പിവെളളം വില്പനയ്‌ക്കും ഡിസ്പോസിബിള്‍ വസ്തുക്കളുടെ ഉപയോഗത്തിനും സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തി.
പ്ലാസ്റ്റിക്, ഫ്ളക്സ് ബാനറുകള്‍ക്കു പകരം തുണിയിലോ, പേപ്പറിലോ, വാഴയിലയിലോ, ഓലയിലോ പ്രകൃതിയ്‌ക്ക് ഇണങ്ങുന്ന രീതിയിലുളള ബാനറുകള്‍ വേണം ഉപയോഗിക്കേണ്ടത്.
മേഖലകളിൽ പ്ലാസ്റ്റിക് ബിന്നുകള്‍ക്ക് പകരം മുള, ഈറ, ചൂരല്‍, ഓല എന്നിവയില്‍ തീര്‍ത്ത ബിന്നുകള്‍ സ്ഥാപിക്കുക. കൂടാതെ ലഘുഭക്ഷണമായി അരിയില്‍ വേവിച്ചെടുക്കുന്ന അട, കൊഴുക്കട്ട തുടങ്ങിയ വിഭവങ്ങള്‍ ഇലകളില്‍ വേണം വിളമ്പേണ്ടതാണ്.
കൃത്രിമ ശീതള പാനീയങ്ങള്‍ക്ക് പകരം കരിക്കിന്‍ വെളളം, നാരങ്ങവെളളം, നീര തുടങ്ങിയവ കഴുകി ഉപയോഗിക്കാന്‍ കഴിയുന്ന പാത്രങ്ങളില്‍ വിളമ്പുക. പ്ലാസ്റ്റിക് സ്‌ട്രോ ഒഴിവാക്കുക. കൂടാതെ കുപ്പിവെളളം വില്പന പൂര്‍ണ്ണമായും ഒഴിവാക്കുക.
കുടിവെളള കിയോസ്‌ക്കുകള്‍ പരമാവധി സ്ഥലങ്ങളില്‍ ഏര്‍പ്പെടുത്തുക. ഡിസ്പോസിബിള്‍ പാത്രങ്ങള്‍/ പേപ്പര്‍ കപ്പ് ഒഴിവാക്കി സ്റ്റീല്‍ ഗ്ലാസ്സ് കിയോസ്‌ക്കുകളില്‍ വയ്‌ക്കുക എന്നും നിർദേശമുണ്ട്.
ആഹാരം വിളമ്പി നല്‍കുന്നതിന് പകരം ബുഫേ കൗണ്ടറുകള്‍ വഴി സ്റ്റീല്‍/സെറാമിക് പാത്രങ്ങളില്‍ ആഹാരം നല്‍കുക. ജൈവ-അജൈവ മാലിന്യങ്ങള്‍ തരംതിരിച്ച് വേണം സൂക്ഷിക്കാൻ. ജൈവ മാലിന്യം ഉറവിടത്തില്‍ തന്നെ സംസ്‌ക്കരിക്കുന്നതിനുളള സൗകര്യങ്ങള്‍ ഒരുക്കുക.
അജൈവ മാലിന്യങ്ങള്‍ വൃത്തിയാക്കി ഉണക്കി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കോ, പാഴ് വസ്തു വ്യാപാരികള്‍ക്കോ കൈമാറണം.
പ്ലാസ്റ്റിക് പൂക്കള്‍, കൊടിതോരണങ്ങള്‍ എന്നിവയ്‌ക്ക് പകരം പ്രകൃതി സൗഹൃദ വസ്തുക്കള്‍ ഉപയോഗിക്കുക എന്നിങ്ങനെയാണ് നിര്‍ദ്ദേശങ്ങളിൽ പറയുന്നത്.
Summary: This year’s Karkidaka Vavubali will be conducted in full compliance with the green protocol, as announced by the Kerala government. The District Sanitation Mission has also issued necessary guidelines to ensure adherence to the green protocol.