കണ്ണൂർ: ജീവനക്കാർ ആകാശ സമരം പിൻവലിച്ചെങ്കിലും കണ്ണൂരില്‍ ഇന്നും എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ വിമാനങ്ങള്‍ റദ്ദാക്കി. പുലര്‍ച്ചെ 5.15 ന് പുറപ്പെടേണ്ട ദമാം, രാവിലെ 9.20 നുള്ള അബുദാബി വിമാനങ്ങളാണ് റദ്ദാക്കിയത്. എയർ ഇന്ത്യ എക്സ്പ്രസിന്റെ 75 സർവീസുകൾ ഇന്നലെയും മുടങ്ങിയിരുന്നു. ഇന്നും 50 സർവീസുകൾ വരെ മുടങ്ങിയേക്കാം എന്നാണ് സൂചന. നാളെ മുതൽ ഏകദേശം പൂർവസ്ഥിതിയിലേക്ക് വരുമെന്നാണു കമ്പനി വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. എന്നാൽ, നാളത്തെ ചില സർവീസുകളും റദ്ദാക്കിയിട്ടുണ്ടെന്ന് യാത്രക്കാർ പറയുന്നു.രോഗാവധിയെടുത്ത ജീവനക്കാർ തിരികെ പ്രവേശിക്കുന്നതിനു മുൻപുള്ള ഫിറ്റ്‍നെസ് പരിശോധന അടക്കമുള്ള കാരണങ്ങളാലാണ് ഇന്നലെയും സർവീസുകൾ മുടങ്ങിയതെന്നാണ് സൂചന.
ജീവനക്കാരുടെ മിന്നൽ സമരം മൂലം 30 കോടി രൂപ നഷ്ടമുണ്ടായതായാണു വിവരം. ഇതേക്കുറിച്ച് സ്ഥാപനം ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ചീഫ് ലേബർ കമ്മിഷണറുടെ മധ്യസ്ഥതയിൽ നടന്ന ചർച്ചയിലാണു സമരം തീർന്നത്. മിന്നൽ പണിമുടക്കിന്റെ പേരിൽ പിരിച്ചുവിട്ട 25 പേരെ തിരിച്ചെടുക്കുകയും ചെയ്തു.3 ദിവസത്തിനിടെ 245 സർവീസുകളാണ് മുടങ്ങിയത്. സാധാരണ ദിവസം ശരാശരി 120 രാജ്യാന്തര സർവീസുകളും 260 ആഭ്യന്തര സർവീസുമാണ് നടത്താറുള്ളത്.
Read Also:പ്ലസ്ടു പരീക്ഷയിൽ തോറ്റു; വിഴിഞ്ഞത്ത് വിദ്യാർത്ഥി ആത്മഹത്യ ചെയ്ത നിലയിൽ