കണ്ണൂർ: പയ്യന്നൂരിൽ നിന്നുള്ള ഒരു ഐ ഐ ക്യാമറ ചിത്രം സാമൂഹ്യ മാധ്യമങ്ങളിലടക്കം വലിയ ചർച്ചകൾക്കാണ് വഴി വെച്ചത്. പയ്യന്നൂർ മേൽ പാലത്തിന് സമീപം മോട്ടോർ വാഹന വകുപ്പ് സ്ഥാപിച്ച ക്യാമറയിലാണ് ഡ്രൈവറുടെ പിന്നിലായുള്ള സീറ്റിൽ സ്ത്രീ രൂപം തെളിഞ്ഞത്. എന്നാൽ കാറിൽ ഇങ്ങനെ ഒരു സ്ത്രീ ഇല്ലായിരുന്നു. ഇതോടെ ചിത്രത്തെ സംബന്ധിച്ച് പല തരത്തിലുള്ള കഥകളാണ് പ്രചരിച്ചത്. ചിത്രത്തിലുള്ളത് പ്രേതം ആണെന്നടക്കമുള്ള കഥകൾ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ മാസങ്ങൾക്ക് ശേഷം സംഭവത്തിൽ വിശദീകരണവുമായി എത്തിയിരിക്കുകയാണ് മോട്ടോർ വാഹന വകുപ്പ്.
കാറിലുണ്ടായിരുന്ന 17 വയസ്സുള്ള ആൺകുട്ടിയുടെ ചിത്രമായിരുന്നു അതെന്നാണ് എംവിഡി പറയുന്നത്. സ്ത്രീ ആണെന്ന് തോന്നുന്നതാണെന്നും എൻഫോഴ്സ്മെന്റ് ആർ ടി ഒ സി യു മുജീബ് പുറത്തിറക്കിയ വിശദീകരണ കുറിപ്പിൽ വ്യക്തമാക്കി. കണ്ണൂർ ആർ ടി ഒ പയ്യന്നൂർ ഡി വൈ എസ് പിയ്ക്ക് നൽകിയ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇത് കണ്ടെത്തിയതെന്നും പറയുന്നു. ഇതോടെ ഈ വിഷയത്തിലെ ദുരൂഹത അവസാനിച്ചെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.
ചെറുവത്തൂർ കൈതക്കാട് സ്വദേശികളായ കുടുംബത്തിന്റെ കാർ പയ്യന്നൂരിലേക്ക് പോകുമ്പോളാണ് കോളോത്ത് വെച്ച് ഒക്ടോബർ മൂന്നാം തീയതി രാത്രി 8. 27 ന് ക്യാമറയിൽ പതിയുന്നത്. കാറിൽ അന്ന് സഞ്ചരിച്ചത് ഒരു സ്ത്രീയും പുരുഷനും രണ്ടു കുട്ടികളുമായിരുന്നു. എന്നാൽ പിൻസീറ്റിലെ കുട്ടികൾ ക്യാമറയിൽ പതിഞ്ഞതുമില്ല. പകരം ഒരു സ്ത്രീയുടെ രൂപം ക്യാമറയിൽ പതിയുകയും ചെയ്തു. മുൻ സീറ്റിൽ ഇരുന്നവർ സീറ്റ് ബെൽറ്റ് ധരിക്കാതിരുന്നതിനാൽ ഇവർക്ക് പിഴയും ലഭിച്ചിരുന്നു.
Read Also: റേഷൻ വിതരണം സ്തംഭനത്തിലേക്കെന്ന പ്രചാരണം അടിസ്ഥാന രഹിതം; ജി ആര്‍ അനില്‍