കൊച്ചി: വീട്ടിൽ പ്രസവിച്ച അതിഥി തൊഴിലാളി യുവതിക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108 ആംബുലൻസ് ജീവനക്കാർ. പെരുമ്പാവൂർ അറക്കപ്പടി വെങ്ങോലയിൽ താമസിക്കുന്ന അസം സ്വദേശിനി പായൽ (20) ആണ് വീട്ടിൽ പെൺകുഞ്ഞിന് ജന്മം നൽകിയത്.Kaniv 108 ambulance staff rescued the guest worker and her baby who gave birth at home
ഞായറാഴ്ച രാത്രി എട്ടു മണിയോടെയാണ് സംഭവം. പായലിനു പ്രസവ വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റാൻ ശ്രമിക്കവേ വീട്ടിൽ കുഞ്ഞിന് ജന്മം നൽകുകയായിരുന്നു. ഉടൻ ഒപ്പമുള്ളവർ കനിവ് 108 ആംബുലൻസിന്റെ സേവനം തേടി.
കൺട്രോൾ റൂമിൽ നിന്ന് അത്യാഹിത സന്ദേശം പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിലെ കനിവ് 108 ആംബുലൻസിനു കൈമാറി. ആംബുലൻസ് പൈലറ്റ് വിനോദ് പി വി, എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ സനീഷ് ചന്ദ്രൻ എന്നിവർ സ്ഥലത്തെത്തി.
തുടർന്ന് സനീഷ് ചന്ദ്രൻ അമ്മയും കുഞ്ഞും തമ്മിലുള്ള പൊക്കിൾകൊടി ബന്ധം വേർപ്പെടുത്തി ഇരുവർക്കും വേണ്ട പ്രഥമ ശുശ്രൂഷ നൽകി ആംബുലൻസിലേക്ക് മാറ്റി.
ആംബുലൻസ് പൈലറ്റ് വിനോദ് ഇരുവരെയും പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നതായി ബന്ധുക്കൾ അറിയിച്ചു.