അമ്മയും മകളും വിഷം കഴിച്ച് ജീവനൊടുക്കിയ സംഭവം; ഗ്രീമയുടെ ഭർത്താവ് പിടിയിൽ
തിരുവനന്തപുരം: കമലേശ്വരത്ത് അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തിൽ മകൾ ഗ്രീമയുടെ ഭർത്താവ് ബി. എം. ഉണ്ണികൃഷ്ണനെ പൊലീസ് അറസ്റ്റ് ചെയ്തു.
മുംബൈയിൽ നിന്ന് വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാളെ വിമാനത്താവളത്തിൽ നിന്ന് പിടികൂടിയത്. രാജ്യം വിടാനുള്ള സാധ്യത കണക്കിലെടുത്ത് നേരത്തെ തന്നെ ഇയാൾക്കെതിരെ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
കമലേശ്വരം ആര്യൻകുഴിക്ക് സമീപം ശാന്തിഗാർഡൻസ് സോമനന്ദനിൽ താമസിച്ചിരുന്ന പരേതനായ റിട്ടയേർഡ് കൃഷി ഡെപ്യൂട്ടി ഡയറക്ടർ എൻ. രാജീവിന്റെ ഭാര്യ എസ്. എൽ. സജിത (54), മകൾ ഗ്രീമ എസ്. രാജ് (30) എന്നിവരെ കഴിഞ്ഞ ദിവസം വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.
സംഭവത്തിൽ ഗ്രീമയുടെ ഭർത്താവ് ഉണ്ണികൃഷ്ണനാണ് മരണത്തിന് ഉത്തരവാദിയെന്ന് സജിതയുടെ ആത്മഹത്യാക്കുറിപ്പിൽ വ്യക്തമാക്കിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ ഉണ്ണികൃഷ്ണനുമേൽ ഗാർഹിക പീഡനം, ആത്മഹത്യക്ക് പ്രേരിപ്പിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തി പൊലീസ് കേസെടുത്തു. കസ്റ്റഡിയിലെടുത്ത ഉണ്ണികൃഷ്ണനെ നാട്ടിലെത്തിക്കുന്നതിനായി പൂന്തുറ പൊലീസ് മുംബൈയിലേക്ക് തിരിച്ചതായാണ് വിവരം.
ആറ് വർഷം മുൻപായിരുന്നു ഗ്രീമയും പഴഞ്ചിറ സ്വദേശിയായ ഉണ്ണികൃഷ്ണനും വിവാഹിതരായത്. എന്നാൽ ദാമ്പത്യജീവിതം 25 ദിവസത്തിൽ ഒതുങ്ങി. ഗ്രീമയുടെയും സജിതയുടെയും ആത്മഹത്യാക്കുറിപ്പുകളിൽ ഉണ്ണികൃഷ്ണനെതിരെ ഗുരുതരമായ ആരോപണങ്ങളുണ്ട്.
ഉണ്ണികൃഷ്ണന്റെ ബന്ധുവിന്റെ മരണവീട്ടിൽ വെച്ച് ഉണ്ടായ അപമാനകരമായ പെരുമാറ്റമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് കുറിപ്പിൽ പറയുന്നു.
ഈ സംഭവത്തെ തുടർന്ന് സജിത അവിടെ വെച്ച് ബോധരഹിതയായി വീണതായും, ഇതുണ്ടാക്കിയ മാനസിക വിഷമമാണ് അമ്മയെയും മകളെയും ആത്മഹത്യയിലേക്ക് നയിച്ചതെന്നും പൊലീസ് വ്യക്തമാക്കി.
200 പവൻ സ്വർണം സ്ത്രീധനമായി നൽകിയിട്ടും മാനസിക പീഡനം തുടർന്നുവെന്നതും ആത്മഹത്യാക്കുറിപ്പിൽ പരാമർശിക്കുന്നുണ്ട്. ലോക്കറിൽ സൂക്ഷിച്ചിരിക്കുന്ന സ്വർണത്തിനും സ്വത്തിനും ഉണ്ണികൃഷ്ണന് അവകാശമില്ലെന്നും അത് സജിതയുടെ സഹോദരങ്ങൾക്ക് നൽകണമെന്നും കുറിപ്പിലുണ്ട്.
ആത്മഹത്യയ്ക്ക് തൊട്ടുമുമ്പ് സജിത സയനൈഡ് കഴിച്ച് ജീവനൊടുക്കാനാണെന്ന് സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും വാട്സാപ്പിലൂടെ ആത്മഹത്യാക്കുറിപ്പ് അയച്ചിരുന്നു.
തുടർന്ന് ഇരുവരും ജീവനൊടുക്കുകയായിരുന്നു. സജിതയുടെ ഭർത്താവ് എൻ. രാജീവ് മൂന്ന് മാസം മുൻപ് ഹൃദയാഘാതം മൂലമാണ് മരിച്ചത്.
അതേസമയം, അമ്മക്കും മകൾക്കും സയനൈഡ് എങ്ങനെ ലഭിച്ചുവെന്നതിൽ ദുരൂഹത തുടരുകയാണ്.
അച്ഛൻ ജീവനോടെയിരിക്കുമ്പോൾ തന്നെ സയനൈഡ് വീട്ടിലുണ്ടായിരുന്നുവെന്ന് ഗ്രീമ ആത്മഹത്യാക്കുറിപ്പിൽ പരാമർശിക്കുന്നതോടെ, രാജീവ് സയനൈഡ് സൂക്ഷിച്ചിരുന്നുവോയെന്ന സംശയവും അന്വേഷണ സംഘം പരിശോധിച്ചുവരികയാണ്.
English Summary
In the Kamaleswaram double suicide case involving a mother and daughter, police have arrested the daughter’s husband, B. M. Unnikrishnan, from Mumbai while he was attempting to flee abroad. A lookout notice had been issued against him earlier. Suicide notes blamed him for domestic abuse and mental harassment, citing dowry-related issues and humiliation. Police have charged him with domestic violence and abetment of suicide, while also investigating how the victims obtained cyanide.
kamaleswaram-mother-daughter-suicide-husband-arrested
Kamaleswaram, Suicide Case, Unnikrishnan Arrest, Domestic Violence, Dowry Harassment, Kerala Police, Thiruvananthapuram News









