കോഴിക്കോട്: കെ മുരളീധരനെ വീട്ടിലെത്തി സന്ദർശിച്ച് കെപിസിസി പ്രസിഡന്റെ കെ സുധാകരൻ. മുരളീധരനെ വന്ന് കാണേണ്ടത് തന്റെ ഉത്തരവാദിത്തമാണ് എന്നാണ് സുന്ദർശനത്തിനു ശേഷം സുധാകരൻ പറഞ്ഞത്.(K Sudhakaran visited K Muralidharan’s home who refused to speak on the phone)
മുരളീധരനെ തിരിച്ചുകൊണ്ടുവരുമെന്നും അദ്ദേഹം വ്യക്തമാക്കി.തൃശൂരിലെ പരാജയത്തിനു പിന്നാലെ പൊതുരംഗത്തു നിന്ന് മാറി നിൽക്കുമെന്ന കെ മുരളീധരൻ്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് കെ സുധാകരൻ്റെ സന്ദർശനം.
മുരളീധരനെ തിരിച്ചുകൊണ്ടുവരും. അദ്ദേഹം ഒരാവശ്യവും ഉന്നയിച്ചിട്ടല്ല. തൃശൂരിൽ സംഘടനാ രംഗത്ത് പാളിച്ചയുണ്ടായി. അക്കാര്യം പാർട്ടി ചർച്ച ചെയ്യും.
പൊതുരംഗത്തുനിന്ന് മാറി നിൽക്കുമെന്ന് മുരളി പറഞ്ഞത് അദ്ദേഹത്തിന്റെ വികാരമാണ്. അത് ഞങ്ങൾക്ക് മനസ്സിലാകും. വടകരയിൽ നിന്ന് മുരളിയെ തൃശൂരിലേക്ക് കൊണ്ടുപോയത് മണ്ടൻ തീരുമാനം അല്ലായിരുന്നുവെന്നും സുധാകരൻ പറഞ്ഞു.
അടച്ചിട്ട മുറിയിലായിരുന്നു സന്ദർശം. മുരളീധരൻ മാധ്യമങ്ങൾക്ക് മുന്നിൽ വരാൻ തയാറായില്ല. തോൽവിക്കു പിന്നാലെ പൊതു രംഗത്തുനിന്ന് പൂർണമായി മാറി നിൽക്കുകയാണ് മുരളീധരൻ. മാധ്യമങ്ങളോടോ കോണ്‍ഗ്രസ് നേതാക്കളോടോ ഫോണില്‍പോലും സംസാരിക്കാന്‍ മുരളീധരന്‍ കഴിഞ്ഞ ദിവസങ്ങളില്‍ തയ്യാറായിരുന്നില്ല.
തൃശൂരില്‍ കോണ്‍ഗ്രസ് ഇക്കുറി മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടിരുന്നു. 74686 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് സുരേഷ് ഗോപിയുടെ ജയം. കഴിഞ്ഞ തവണ 4,15,089 വോട്ടാണ് യുഡിഎഫിലെ ടി എന്‍ പ്രതാപന്‍ നേടിയത്. അതിനെക്കാള്‍ 86959 കുറവ് വോട്ടാണ് മുരളിക്ക് ലഭിച്ചത്.