എന്റെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വോട്ട് തരാം: ‘കരുവന്നൂർ ബാങ്കിലിട്ട എന്റെ പണം തിരിച്ചുതരാമോ’
മാപ്രാണം (തൃശൂർ) ∙ ‘എന്റെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വോട്ട് നിങ്ങള്ക്ക് നൽകാം.
പക്ഷേ, കരുവന്നൂർ ബാങ്കിൽ നിക്ഷേപിച്ച എന്റെ പണം തിരികെ ലഭിക്കുമെന്ന് ഒരു ഉറപ്പ് തരാമോ?’—
നഗരസഭയുടെ 40-ാം വാർഡായ തളിയക്കോണത്ത് പ്രചാരണത്തിനെത്തിയ എൽഡിഎഫ് സ്ഥാനാർഥിയോട് നിക്ഷേപകനായ പുത്തനങ്ങാടി ജോയ് (57) ഉന്നയിച്ച ചോദ്യം ഇങ്ങനെയായിരുന്നു.
ഈ സംഭാഷണത്തിന്റെ വീഡിയോ ജോയ് തന്നെ സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു.
ഗ്യാസ് ഏജൻസിയിൽ ജോലി ചെയ്തിരുന്ന ജോയ് 2016ൽ മാപ്രാണം ശാഖയിലെ കരുവന്നൂർ ബാങ്കിൽ 12 ലക്ഷം രൂപ നിക്ഷേപിച്ചു.
പല ഘട്ടങ്ങളിലായി 5 ലക്ഷം രൂപ ലഭിച്ചുവെങ്കിലും, മക്കളുടെ വിദ്യാഭ്യാസച്ചെലവുകൾക്കായി കൂടുതൽ തുക ആവശ്യപ്പെട്ടപ്പോൾ 10,000 രൂപ വീതം മാത്രമാണ് നൽകിയതെന്ന് അദ്ദേഹം പറയുന്നു.
കഴിഞ്ഞ നാല് മാസമായി പലിശ പോലും ലഭിച്ചിട്ടില്ല. സെപ്റ്റംബറിൽ മൂത്ത മകന്റെ ചികിത്സയ്ക്കായി 70,000 രൂപ ചെലവായതിന്റെ ബില്ലുകൾ സഹിതം ഈ മാസം 8ന് നൽകിയ അപേക്ഷയ്ക്കും ഇന്നുവരെ ബാങ്കിൽ നിന്ന് മറുപടി ലഭിച്ചിട്ടില്ലെന്നും ജോയ് പരാതിപ്പെടുന്നു.
English Summary
Joy, a resident of Mapranam in Thrissur and a depositor at Karuvannur Bank, questioned an LDF candidate during election campaigning, asking whether he could ensure the return of his deposited money. Joy had deposited ₹12 lakh in 2016 but has received only ₹5 lakh in installments. Even for urgent family needs, he was granted only ₹10,000 at a time. He hasn’t received interest for the past four months, and a recent request for ₹70,000 for his son’s medical treatment has gone unanswered by the bank. The video of his interaction with the candidate was shared by Joy on social media.
joy-karuvannur-bank-plea-election-campaign
കരുവന്നൂർ ബാങ്ക്, തൃശൂർ, നിക്ഷേപകർ, തിരഞ്ഞെടുപ്പ് പ്രചാരണം, എൽഡിഎഫ്, ധനകാര്യ തട്ടിപ്പ്, കേരള വാർത്തകൾ









