തൃശൂര്‍: ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പിന് ഇരയായ അധ്യാപിക വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. എറണാകുളം വൈറ്റില സ്വദേശിയാണ് യുവതിയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. കൂരിക്കുഴി എ.എം.യു.പി. സ്‌കൂള്‍ മാനേജരായിരുന്ന വലപ്പാട് സ്വദേശി പ്രവീണിന്റെ വീടിന് മുന്നിൽ വെച്ച് യുവതി വിഷം കഴിക്കുകയായിരുന്നു.(Job fraud; teacher tried to commit suicide)
നിയമനം നൽകാമെന്ന് പറഞ്ഞ് പ്രവീണ്‍ 27 ലക്ഷം രൂപ വാങ്ങിയതായി യുവതി ആരോപിച്ചു. ആരോപണ വിധേയനായ കയ്പമംഗലത്ത് സ്‌കൂള്‍ മാനേജരായ വലപ്പാട് കോതകുളം സ്വദേശി പ്രവീണ്‍ വാഴൂര്‍ നിയമന തട്ടിപ്പിന് നേരത്തെ അറസ്റ്റിലായിരുന്നു. 2012 മുതല്‍ ഇയാള്‍ പലരില്‍ നിന്നായും പണം കൈപ്പറ്റിയിട്ടുണ്ടെന്നാണ് വിവരം. ഇതേ സ്‌കൂളിലെ അധ്യാപകരായ ഏഴുപേര്‍ നല്‍കിയ പരാതിയിലാണ് ഇയാളെ അറസ്റ്റ് ചെയ്തിരുന്നത്.
25 ലക്ഷം രൂപ മുതല്‍ 45 ലക്ഷം രൂപ വരെ മാനേജര്‍ ടീച്ചര്‍മാരില്‍നിന്നും വാങ്ങിയതായി പരാതിയില്‍ പറയുന്നു. പണം വാങ്ങി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇവരെ നിയമിക്കുകയോ നിയമനം നടത്തിയവര്‍ക്ക് ശമ്പളം നല്‍കുകയോ ചെയ്തില്ല. ഇത് രണ്ടും ലഭിക്കാതെ വന്നതോടെ അധ്യാപകര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. കയ്പമംഗലം പൊലീസ് സ്റ്റേഷനില്‍ ഇയാള്‍ക്കെതിരേ നാല് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.