ഇടുക്കിയിൽ നിന്നും ജീപ്പ് മോഷ്ടിച്ച് കമ്പത്ത് പൊളിക്കാൻ നൽകുന്ന സംഘത്തെ വണ്ടൻമേട് പോലീസ് അറസ്റ്റ് ചെയ്തു. അണക്കര പാമ്പ് പാറയിൽനിന്നുമാണ് ഇവർ ജീപ്പ് മോഷ്ടിച്ചത്.
സംഭവത്തിൽ മൂന്ന് പ്രതികളെ വണ്ടൻമേട് പോലീസ് അറസ്റ്റു ചെയ്തു. കുമളി റോസാപ്പൂക്കണ്ടം ദേവികാ ഭവനത്തിൽ ജിഷ്ണു(24), കുമളി ഗാന്ധിനഗർ കോളനി സ്വദേശി ഭുവനേശ് (22) റോസാപ്പൂ കണ്ടം മേട്ടിൽ അജിത്ത് (24) എന്നിവരെയാണ് വണ്ടൻമേട് പോലീസ് അറസ്റ്റ് ചെയ്തത്.
ഞായറാഴ്ച മൂന്നിനാണ് അണക്കര പാമ്പ് പാറ സ്വദേശി മൂലേപള്ളത്തു വീട്ടിൽ കുഞ്ഞുമോൻ ഐസക്കിന്റെ ഉടമസ്ഥതയിലുള്ള ജീപ്പ് മോഷണം പോയത്. പച്ച നിറത്തിലുള്ള മറ്റൊരു ജീപ്പിലെത്തിയ പ്രതികൾ കുഞ്ഞുമോന്റെ ജീപ്പ് തള്ളി സ്റ്റാർട്ടാക്കിയശേഷം തമിഴ്‌നാട്ടിലേക്ക് കടക്കുകയായിരുന്നു.
പ്രതികളുടെ ദൃശ്യം സി.സി.ടി.വി.യിൽ നിന്നും പോലീസിന് ലഭിച്ചിരുന്നു. വെളുപ്പിന് കുമളിയിൽ വെച്ച് പ്രതികളെത്തിയ പച്ച നിറത്തിലുള്ള ജീപ്പ് ശ്രദ്ധയിൽപ്പെട്ടയാൾ പോലീസിനേ വിവരമറിയിച്ചതാണ് പ്രതികളേ പിടികൂടാൻ സഹായിച്ചത്.
ജീപ്പ് പൊളിച്ച് വിൽക്കുന്നതിനായി കമ്പം ഉത്തമ പാളയത്ത് എത്തിച്ചങ്കിലും പോലീസ് പിടികൂടുകയായിരുന്നു.
വണ്ടൻ മേട് പോലീസിന് ലഭിച്ച പരാതിയേത്തുടർന്ന് നടത്തിയ അന്വേഷണത്തിൽ മണിക്കൂറുകൾക്കുള്ളിൽ പ്രതികളേ പിടികൂടുകയായിരുന്നു.
ഒന്നാം പ്രതി ജിഷ്ണു കഞ്ചാവ്‌കൈവശം വച്ചതും ചെക്ക് കേസും ഉൾപ്പടെ നിരവധി കേസുകളിൽ പ്രതിയാണ്. ഇവർ മുൻപും സമാന രീതിയിൽ മോഷണത്തിന് ശ്രമിച്ചിരുന്നു.