വിശപ്പുരഹിത കേരളം ലക്ഷ്യമിട്ട് ഏറെ കൊട്ടിഘോഷിച്ച് ആരംഭിച്ച ജനകീയ ഹോട്ടലുകൾ അടച്ചുപൂട്ടൽ ഭീഷണിയിൽ. സർക്കാർ കൈമലർത്തിയതോടെ അന്നമൂട്ടുന്നവരുടെ അന്നംമുട്ടുന്ന സ്ഥിതിയാണ്. നാലുവർഷം മുമ്പാണ് കുടുംബശ്രീയുടെ നേതൃത്വത്തിൽ 20 രൂപക്ക് ഊൺ ലഭ്യമാക്കുന്നതിനായി ജനകീയ ഹോട്ടൽ ആരംഭിച്ചത്. സ്ത്രീകൾക്ക് തൊഴിലും വരുമാനവും എന്ന ലക്ഷ്യത്തോടെ കുടുംബശ്രീകൾക്കായി നൽകുകയായിരുന്നു ജനകീയ ഹോട്ടലുകളുടെ നടത്തിപ്പ്.Janakeya hotels under threat of closure
ആദ്യം സബ്സിഡി നിർത്തലാക്കി. പിന്നാലെ അരിയും. ഇതോടെ ജനകീയ ഹോട്ടലുകൾ അടച്ചുപൂട്ടലിൻറെ വക്കിലാണിപ്പോൾ. സബ്സിഡി ഇനത്തിൽ സർക്കാറിൽനിന്ന് ലക്ഷങ്ങളാണ് കുടുംബശ്രീകൾക്ക് കിട്ടാനുള്ളത്. കുടുംബശ്രീ ജനകീയ ഹോട്ടലുകൾക്ക് സബ്സിഡി വിലയിൽ നൽകിയിരുന്ന അരി നിർത്തലാക്കുകയായിരുന്നു സർക്കാർ.
ഊണിനു സർക്കാർ നൽകിയിരുന്ന 10 രൂപ സബ്സിഡിയാണ് നിർത്തലാക്കിയത്. അരിവില ഉയർന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പിടിച്ചുനിൽക്കാനാകാതെ പൂട്ടേണ്ട ഗതിയിലാണ് ജനകീയ ഹോട്ടലുകൾ. കിലോക്ക് 40 രൂപക്ക് മുകളിലായി ഇപ്പോഴത്തെ അരി വില. ഇതു വാങ്ങി വേണം 35 രൂപക്ക് ഊണ് നൽകാൻ. പണമടച്ചു അരിവാങ്ങാൻ എത്തിയപ്പോഴാണ് സബ്സിഡി അരി നിർത്തലാക്കിയെന്ന് മിക്കവരും അറിയുന്നത്.
കഴിഞ്ഞ വർഷം നിർത്തലാക്കിയ ഊണിൻറെ സബ്സിഡി ഇനത്തിലും ലക്ഷങ്ങളാണ് കിട്ടാനുള്ളത്. ഇതോടെ കടത്തിന് മുകളിൽ കടത്തിലാണിവർ. പച്ചക്കറിക്കും പലചരക്കിനും മീനിനും എല്ലാം വില കുതിക്കുകയാണ്. ഈ അവസ്ഥയിൽ ജനകീയ ഹോട്ടൽ നടത്തിക്കൊണ്ടുപോകാൻ പറ്റാത്ത സ്ഥിതിയാണെന്ന് കുടുംബശ്രീ വനിതകൾ പറയുന്നു.
അരിയുടെ പ്രതിസന്ധി അറിയിച്ചപ്പോൾ ഊണിനു വിലകൂട്ടാനാണ് സർക്കാർ നിർദേശം നൽകിയത്. സാധാരണക്കാരന് ഇത് താങ്ങാനാവില്ലെന്ന് ജനകീയ ഹോട്ടൽ ജീവനക്കാർ പറയുന്നു. സർക്കാർ കൊട്ടിഗ്ഘോഷിച്ചള ആരംഭിച്ച ജനകീയ ഹോട്ടലുകൾ നിരവധി കുടുംബശ്രീ വനിതകളെ കടക്കെണിയിലാക്കി അവസാനത്തെ ഷട്ടറിനും പൂട്ടുവീണു കൊണ്ടിരിക്കുകയാണ്.