കൊച്ചി: മലയാള സിനിമയിലെ ഹാസ്യ സാമ്രാട്ട് ജഗതി ശ്രീകുമാറിൻ്റെ പിറന്നാളാണ് ഇന്ന്. കാർ അപകടത്തെ തുടര്‍ന്ന് സിനിമ രംഗത്ത് നിന്നും പൂര്‍ണ്ണമായും വിട്ടു നില്‍ക്കുന്ന ജഗതി ശ്രീകുമാര്‍ അതിനിടയില്‍ സിബിഐ 5 എന്ന ചിത്രത്തില്‍ മാത്രമാണ് പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ വര്‍ഷങ്ങള്ക്ക് ശേഷം വന്‍ തിരിച്ചുവരവിന് ഒരുങ്ങുകയാണ് ജഗതി.
നടന്‍ അജുവര്‍ഗ്ഗീസാണ് വരാന്‍ പോകുന്ന വല എന്ന ചിത്രത്തിൽ ജഗതി അഭിനയിക്കുമെന്ന് വെളിപ്പെടുത്തിയത്. പ്രൊഫസര്‍ അമ്പിളി അഥവ അങ്കില്‍ ലൂണ.ആര്‍ എന്നാണ് ഈ സിനിമയിൽ ജഗതിയുടെ കഥപാത്രത്തിന്‍റെ പേര്. ക്യാരക്ടര്‍ പോസ്റ്ററും പുറത്തുവിട്ടിട്ടുണ്ട്.
ഗഗനചാരി എന്ന ചിത്രത്തിലൂടെ മലയാള സിനിമയ്ക്ക് ഒരു ജോണര്‍ പരിചയപ്പെടുത്തിയ സംവിധായകന്‍ അരുണ്‍ ചന്തുവിന്റെ അടുത്ത ചിത്രമാണ് വല.
സയന്‍സ് ഫിക്ഷന്‍ മോക്യുമെന്ററിയായ ഗഗനചാരിക്ക് ശേഷം എത്തുന്ന ചിത്രവും പുതുമയുള്ള പ്രമേയവും കഥാപശ്ചാത്തലത്തിലുമാണ് വരുന്നതെന്നാണ് റിപ്പോർട്ട്. സോംബികളുമായാണ് വല എന്ന പുതിയ ചിത്രമെത്തുന്നത്.
ഭൂമിയില്‍ നിന്നും പുറത്തേക്ക് വളര്‍ന്ന നിലയിലുള്ള ചുവപ്പന്‍ പേശികളുമായാണ് വലയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കിയിരുന്നത്. ചിത്രത്തിന്റെ രസകരമായ അനൗണ്‍സ്‌മെന്റ് വീഡിയോയും കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.
ഗോകുല്‍ സുരേഷും അജു വര്‍ഗീസും ഭാഗമായ ഈ അനൗണ്‍സ്‌മെന്റ് വീഡിയോ വലയെ കുറിച്ചുള്ള പ്രേക്ഷക പ്രതീക്ഷകള്‍ വര്‍ധിപ്പിച്ചിരിക്കുകയാണ്. കോമഡി കൂടി കലര്‍ന്നായിരിക്കും മലയാളത്തിന്റെ സോംബികള്‍ എത്തുക എന്ന സൂചനയായിരുന്നു ഈ വീഡിയോ നല്‍കിയത്.









