ബ്രസീലിയ: ഈ മാസം നടക്കുന്ന ലോകകപ്പിന് ശേഷം വിരമിക്കുകയാണെന്ന് അറിയിച്ച് ബ്രസീലിയന്‍ സുപ്പര്‍ താരം മാര്‍ത്ത സില്‍വ. ആസ്‌ട്രേലിയയിലും ന്യൂസിലന്റിലുമായി ഈ മാസം 20 ന് തുടങ്ങുന്ന ലോകകപ്പിന് പുറപ്പെടുന്നതിന് തൊട്ടുമുമ്പായിരുന്നു മാര്‍ത്തയുടെ പ്രഖ്യാപനം. 37 കാരിയായ മാര്‍ത്തയുടെ ആറാം ലോകകപ്പ് ആണിത്. ലോക ഫുട്‌ബോളിലെ മികച്ച വനിതാ താരങ്ങളിലൊരാളായാണ് മാര്‍ത്ത വിലയിരുത്തപ്പെടുന്നത്.
എല്ലാ കാര്യങ്ങള്‍ക്കും പരിഗണന നല്‍കേണ്ട സമയമായെന്നും ഇത്രയും കാലം ടീമില്‍ കളിക്കാനായതില്‍ നന്ദിയുണ്ടെന്നും വിരമിക്കല്‍ പ്രഖ്യാപനത്തിനിടെ മാര്‍ത്ത പറഞ്ഞു. 2002 ലാണ് മാര്‍ത്ത ബ്രസീലിയന്‍ മുന്നേറ്റ നിരയില്‍ കളിക്കുന്നത്. 174 മത്സരങ്ങളില്‍ മഞ്ഞക്കുപ്പായത്തിലെത്തിയ മാര്‍ത്ത 117 ഗോളുകള്‍ നേടി. ബ്രസീലിന്റെ വേണ്ടി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയതും മാര്‍ത്തയാണ്.
മൂന്ന് തവണ കോപ്പാ അമേരിക്ക നേടാന്‍ കഴിഞ്ഞെങ്കിലും ഇതുവരെ ലോകകപ്പ് ഉയര്‍ത്താന്‍ മാര്‍ത്തക്ക് സാധിച്ചിട്ടില്ല. 2007 ല്‍ രണ്ടാം സ്ഥാനത്തെത്തിയതാണ് മികച്ച നേട്ടം. ആറ് തവണ ഫിഫ ലോക വനിതാ ഫുട്‌ബോളര്‍ പുരസ്‌കാരം മാര്‍ത്ത നേടിയിട്ടുണ്ട്. സമീപകാലത്ത് തുടര്‍ച്ചയായി പരിക്കുകള്‍ അലട്ടിയ സാഹചര്യത്തില്‍ കൂടിയാണ് ബ്രസീലിയന്‍ താരത്തിന്റെ വിരമിക്കല്‍ പ്രഖ്യാപനം.