തിരുവനന്തപുരം: മനുഷ്യന് പലപ്പോഴും മനുഷ്യനെ മനസിലാക്കാൻ സാധിക്കാറില്ല. പക്ഷെ ഇനി ക്ലോയ് റോബോർട്ട് ഒരു പരിധി വരെ മനുഷ്യനെ മനസിലാക്കി സംസാരിക്കും. ശബ്ദവും മുഖത്തെ ഭാവങ്ങളും തിരിച്ചറിഞ്ഞ് കുശലാന്വേഷണം നടത്തും. സന്ദർഭത്തിന് അനുസരിച്ച് പാട്ടു വയ്ക്കും. അടുത്തദിവസം ചെയ്യേണ്ട കാര്യങ്ങളൊക്കെ ഓർമ്മിപ്പിക്കും…
ഹോം അപ്ലയൻസസ് കമ്പനിയായ എൽ.ജിയാണ് നിർമ്മിതബുദ്ധിയിൽ (എ.ഐ) പ്രവർത്തിക്കുന്ന ക്ലോയ് എന്ന റോബോട്ടിനെ നിർമിച്ചിരിക്കുന്നത്. ഗൂഗിളിന്റെ എ.ഐ മോഡലായ ജെമിനിയാണ് റോബോട്ടിൽ ഉപയോഗിച്ചിട്ടുള്ളത്. ഭാഷകളും കമ്മാൻഡുകളും അതിവേഗം പഠിച്ചെടുക്കുന്ന റോബോയെ ജൂണിൽ ദക്ഷിണ കൊറിയയിൽ നടക്കുന്ന ഗൂഗിൾ ക്ലൗഡ് സമ്മിറ്റിൽ പ്രദർശിപ്പിക്കാനാണ് എൽജി ഒരുങ്ങുന്നത്. അടുത്ത വർഷത്തിൻ്റെ തുടക്കത്തിൽ വിപണിയിലെത്തിക്കാനാണ് നീക്കം.
മുന്നിൽ ഘടിപ്പിച്ചിട്ടുള്ള ഒന്നിലധികം ക്യാമറ കണ്ണുകളിലൂടെ ചുറ്റും നടക്കുന്നതെല്ലാം റോബോ കാണും. കള്ളന്മാർ വീട്ടിൽ കയറിയാൽ ഉടൻ ഉടമയെ അറിയിക്കും. മനുഷ്യനോട് സംസാരിക്കുന്ന രീതിയിൽ വ്യക്തിവിവരങ്ങൾ പറഞ്ഞുകൊടുക്കാം. ഇത് ഓർത്തുവച്ച് വീട്ടിലുള്ളവരെ തിരിച്ചറിയുമെന്നും നിർമ്മാതാക്കൾ അവകാശപ്പെടുന്നു. ചോദ്യങ്ങൾക്ക് മറുപടി നൽകും. ഓൺലൈനായി സാധനങ്ങൾ ഓർഡർ ചെയ്യും. കാലാവസ്ഥ പ്രവചിക്കാനും മഴയുള്ള ദിവസങ്ങളിൽ ട്രാഫിക്ക് ബ്ലോക്കിന് സാദ്ധ്യതയുണ്ടെന്ന് ഓർമിപ്പിക്കും. നേരത്തേ ഓഫീസിലേയ്ക്ക് ഇറങ്ങണമെന്നും പറയാനുള്ള ശേഷിയും റോബോട്ടിനുണ്ടെന്ന് കമ്പനി പറയുന്നു.
ആശുപത്രി വാർഡുകളിൽ മരുന്നെത്തിക്കും. അടിയന്തര സാഹചര്യത്തിൽ ഡോക്ടറെ വിളിക്കും. നാലു കംപാർട്ട്മെന്റുകളിലായി 30 കിലോഗ്രാം മരുന്നുവരെ സൂക്ഷിക്കാൻ സാധിക്കുന്ന മോഡലും പുറത്തിറക്കും. കിടപ്പുരോഗികളെ പരിചരിക്കാനും മരുന്നെടുത്ത് നൽകാനും കഴിവുണ്ട്. 2022 മുതൽ റോബോ നിർമ്മാണത്തിന്റെ ചർച്ച ആരംഭിച്ചെങ്കിലും കഴിഞ്ഞവർഷമാണ് രൂപകല്പന തുടങ്ങിയത്. ദക്ഷിണ കൊറിയയിലും ചൈനയിലുമായാണ് നിർമ്മാണം. 11 മണിക്കൂർ വരെ റോബോട്ടിലെ ബാറ്ററി ചാർജ് നിലനിൽക്കുമെന്നും കമ്പനി ഉറപ്പുനൽകുന്നു.