പാരിസ് ഒളിംപിക്‌സിൽ ഇന്ത്യക്ക് ഏറ്റവും വേദന നിറഞ്ഞ വാർത്തയായിരുന്നു അത്. ഇന്ത്യയുടെ മെഡൽ പ്രതീക്ഷയായിരുന്ന വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കിയെന്നുള്ള വാർത്ത കായിക പ്രേമികൾക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. ഭാരപരിശോധനയിൽ 100 ഗ്രാം കൂടുതലാണെന്ന് കണ്ടെത്തിയതിനെ തുടർന്നായിരുന്നു തീരുമാനം.It was the most painful news for India in the Paris Olympics
നിയമം അനുസരിച്ച് ഗുസ്തിക്കാർ കൃത്യമായി ഭാരം നിലനിർത്തേണ്ടതുണ്ട്. എല്ലാ പ്രതിസന്ധികളേയും മറി കടന്ന് ഫൈനലിലെത്തിയ വിനേഷ് ഫോഗട്ടിന് ഇന്നലെ രാത്രി ഏകദേശം രണ്ട് കിലോ അമിത ഭാരമുണ്ടായിരുന്നു. ഒരു രാത്രി മുഴുവനും ഉറങ്ങാതിരുന്ന് മാനദണ്ഡം പാലിക്കുന്നതിനായി ജോഗിങും സ്‌കിപ്പിങും സൈക്ലിങും ഒക്കെ ചെയ്താണ് ഭാരം കുറച്ചത്. എന്നിട്ടും 100 ഗ്രാം അമിതമായതിനെത്തുടർന്നാണ് അയോഗ്യയാക്കിയത്. എന്താണ് ഗുസ്തിയിലെ ഭാര നിയമങ്ങൾ.
പാരിസ് ഒളിമ്പിക്സിൽ ഗുസ്തി ഇനത്തിൽ രാജ്യത്തിന്റെ മെഡൽ പ്രതീക്ഷകൾ വാനോളം ഉയർത്തിയാണ് വിനേഷ് ഫോഗട്ട് ഫൈനലിൽ എത്തിയത്. എന്നാൽ, ഇന്നു രാവിലെ നടന്ന ഭാരപരിശോധനയിൽ താരം പരാജയപ്പെട്ടു. അനുവദനീയമായതിനേക്കാൾ 100 ഗ്രാം ഭാരം കൂടിയതിന്റെ പേരിലാണ് 50 കിലോ വിഭാഗത്തിൽ ഫൈനലിൽ പ്രവേശിച്ചിരുന്ന വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കിയത്.
സാധാരണയായി 53 കിലോഗ്രാം വിഭാഗത്തിലാണ് ഫോഗട്ട് മത്സരിച്ചിരുന്നത്. എന്നാൽ പാരീസ് ഒളിമ്പിക്സിൽ 50 കിലോഗ്രാമിലാണ് ഫോഗട്ടിന് യോഗ്യത ലഭിച്ചത്. ഫൈനൽ മൽസരത്തിനു മുൻപായി 50 കിലോഗ്രാമിൽ ശരീര ഭാരം നിലനിർത്താൻ ഫോഗട്ട് കഠിന പരിശ്രമം നടത്തിയിരുന്നു. അതിനായി മുടി മുറിച്ചതായി ഒരു റിപ്പോർട്ടുണ്ട്.
ചൊവ്വാഴ്‌ച രാത്രി ശരീരഭാരം 1 കിലോ വർധിച്ചതിനെ തുടർന്നാണ് വിനേഷിന് ഇത്തരം കടുത്ത നടപടികൾ സ്വീകരിക്കേണ്ടി വന്നതെന്നാണ് റിപ്പോർട്ട്. ചൊവ്വാഴ്ച മത്സരങ്ങൾ പൂർത്തിയാക്കിയശേഷം ഫോഗട്ട് നേരെ പരിശീലനത്തിന് പോയി, ഭക്ഷണം കഴിച്ചില്ല. രാത്രി മുഴുവൻ വർക്ക്ഔട്ട് ചെയ്തു. ബുധനാഴ്ച രാവിലെ വീണ്ടും പരിശീലനത്തോടെയാണ് തുടങ്ങിയത്. ഇതിലൂടെ 900 ഗ്രാം ഭാരം കുറയ്ക്കാൻ കഴിഞ്ഞു, പക്ഷേ 100 ഗ്രാം താരത്തിന്റെ മെഡൽ പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിച്ചു.
പാരീസ് ഒളിമ്പിക്‌സിൽ 50 കിലോഗ്രാം വിഭാഗത്തിൽ മൽസരിക്കുന്നതിനായി അതികഠിനമായ പരിശീലനങ്ങൾ നടത്തിയിരുന്നതായി വിനേഷ് മുൻപ് വെളിപ്പെടുത്തിയിരുന്നു. 50 ഗ്രാം കുറയ്ക്കാൻ മുടി മുറിക്കാൻ ആവശ്യപ്പെട്ടിരുന്നുവെന്ന് ഫോഗട്ടിന്റെ പരിശീലകൻ വെളിപ്പെടുത്തി. പക്ഷേ, അപ്പോൾ അത് വേണ്ടിവന്നില്ല. എന്നാൽ, പാരീസ് ഒളിമ്പിക്‌സിൽ മെഡൽ പ്രതീക്ഷ നിലനിർത്താൻ വിനേഷിന് മുടി മുറിക്കേണ്ടിവന്നുവെന്നാണ് റിപ്പോർട്ട്.