കൊച്ചി: ഈ വരുന്ന ജനുവരി മുതൽ തിരുവനന്തപുരം – ഷൊർണൂർ വേണാട് എക്സ്പ്രസിൻറെ സമയക്രമം മാറുമെന്ന് റിപ്പോർട്ട്. ജനുവരി ഒന്നുമുതൽ 16302 വേണാട് എക്സ്പ്രസിൻറെ രാവിലത്തെ സമയം യാത്രക്കാർക്ക് അനുകൂലമാകുന്ന വിധം ക്രമീകരിക്കുമെന്നുള്ള ഉറപ്പ് ലഭിച്ചതായി കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു. തിരുവനന്തപുരത്തേക്കുള്ള മടക്കയാത്രയുടെ സമയം പുനഃക്രമീകരിക്കണമെന്ന് റെയിൽവേ മന്ത്രിയോട് ആവശ്യപ്പെട്ടെന്നും എംപി മാധ്യമങ്ങളോട് പറഞ്ഞു.
വേണാട് എക്സ്പ്രസിൻറെ രാവിലെത്തെയും വൈകുന്നേരത്തെയും സമയം പുനഃക്രമീകരിക്കണമെന്ന് ആവശ്യപ്പെട്ട് യാത്രക്കാരുടെ സംഘടനകൾ റെയിൽവേയ്ക്കും ജനപ്രതിനിധികൾക്കും നേരത്തതന്നെ കത്ത് നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് വേണാടിൻറെ രാവിലത്തെ സമയം ജനുവരി മുതൽ മാറുമെന്ന് എംപി വ്യക്തമാക്കിയത്. നിലവിൽ രാവിലെ 5:25 നാണ് തിരുവനന്തപുരം സെൻട്രലിൽ നിന്ന് വേണാട് പുറപ്പെടുന്നത്. ഇത് അഞ്ച് മിനിറ്റ് നേരത്തേയാക്കി രാവിലെ 5:20 ന് യാത്ര ആരംഭിക്കുന്ന വിധത്തിലാക്കണമെന്നാണ് സ്ഥിരം യാത്രക്കാർ ആവശ്യപ്പെടുന്നത്.
തിരുവനന്തപുരം – ഷൊർണൂർ വേണാട് എക്സ്പ്രസിൻറെ സമയക്രമം മാറുമെന്ന് എംപി ഉറപ്പ് നൽകുമ്പോഴും പുതിയ സമയക്രമം എങ്ങനെയാകുമെന്ന് റെയിൽവേ അധികൃതർ ഔദ്യോഗികമായി അറിയിച്ചിട്ടില്ല. സമയക്രമം മാറ്റിയത് സംബന്ധിച്ച വിജ്ഞാപനം പുറത്ത് വരാനിരിക്കുന്നേയുള്ളൂ. നിലവിൽ തിരുവനന്തപുരം 5:25, കൊല്ലം 6:36, കായംകുളം 7:20, കോട്ടയം 8:27, എറണാകുളം 9:50, തൃശൂർ 11:16 എന്നിങ്ങനെയാണ് വേണാട് എത്തുന്നത്. ഇത് തിരുവനന്തപുരം 05:20, കൊല്ലം 6:30, കായംകുളം 7:15 , കോട്ടയം 08:21, എറണാകുളം 09:40, തൃശൂർ 11:04 എന്നിങ്ങനെയാക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
ഷൊർണൂർ – തിരുവനന്തപുരം (16301) വേണാട് എക്സ്പ്രസിൻറെ സമയക്രമം യാത്രക്കാർക്ക് പ്രയോജനപ്പെടുന്ന വിധത്തിൽ മാറ്റണമെന്നാണ് കൊടിക്കുന്നിൽ സുരേഷ് എംപി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു. വേണാട് എക്സ്പ്രസ് കടന്നുപോകുന്നതിനായി വള്ളത്തോൾ നഗർ മുതൽ അങ്കമാലിവരെ 12626 ന്യൂഡൽഹി – തിരുവനന്തപുരം കേരള എക്സ്പ്രസ്, 12677 ബെംഗളൂരു എറണാകുളം ഇൻറർസിറ്റി ട്രെയിനുകൾ പല സ്റ്റേഷനുകളിൽ പിടിച്ചിടുകയാണിപ്പോൾ.
തൃശൂരിൽ വേണാട് എക്സ്പ്രസ് ആദ്യം എത്തിച്ചേരുന്ന വിധമാണ് നിലവിലെ സമയം. എന്നാൽ അങ്കമാലി, ഇടപ്പള്ളി സ്റ്റേഷനുകളിൽ വേണാടിനെ പിടിച്ചിട്ട് കേരള എക്സ്പ്രസ്, ഇൻറർ സിറ്റി സൂപ്പർ ഫാസ്റ്റ് ട്രെയിനുകൾ കടന്നുപോകുകയും ചെയ്യും. ഇതുമൂലം ഷൊർണൂരിൽ നിന്ന് വളരെ നേരത്തെ പുറപ്പെടുകയും ദീർഘ നേരം വേണാട് വഴിയിൽ പിടിച്ചിടേണ്ടി വരികയും ചെയ്യുന്നുണ്ട്. ഇതിൽ മാറ്റംവരുത്തി റണ്ണിങ് ടൈം കുറക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
യാത്രക്കാർക്ക് പ്രയോജനപ്പെടുന്ന രീതിയിൽ യാത്രാ സമയം കുറച്ച് ഷൊർണൂരിൽ നിന്ന് പുറപ്പെടുന്ന സമയം പുനഃക്രമീകരിക്കണമെന്നാണ് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് നൽകിയ കത്തിൽ കൊടിക്കുന്നിൽ സുരേഷ് എംപി ആവശ്യപ്പെട്ടിരിക്കുന്നത്. നിലവിൽ ഷൊർണൂരിൽ നിന്ന് ഉച്ചയ്ക്ക് 2:35ന് പുറപ്പെടുന്ന ട്രെയിൻ 3:09നാണ് തൃശൂരിലെത്തുക, ആലുവയിൽ നിന്ന് 04:20 ന് പുറപ്പെട്ടാൽ എറണാകുളത്ത് എത്തേണ്ട സമയമാകട്ടെ 05:15, രാത്രി 10:00 മണിയ്ക്കാണ് ട്രെയിൻ തിരുവനന്തപുരത്ത് എത്തിച്ചേരുക.