കൊച്ചി: ഇപ്പോൾ പെയ്യും, ദാ പെയ്തു, കുട എടുത്തോ എന്നൊക്കെ കാലാവസ്ഥ വകുപ്പ് പറയുന്നതല്ലാതെ മഴ മാത്രം പെയ്യുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. ഇതിനൊരു പരിഹാരം നിർദ്ദേശിച്ചിരിക്കുകയാണ് ഇ ടി ടൈസൺ എം.എൽ എ. സംസ്ഥാനം അഭിമുഖീകരിക്കുന്ന കടുത്ത ഉഷ്ണ തരംഗത്തിന് പ്രതിവിധിയായി കൃത്രിമ മഴ പെയ്യിക്കാനുള്ള അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഇ.ടി.ടൈസൺ എം.എൽ.എ മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നൽകി. അയൽ രാജ്യങ്ങളിലും അയൽ സംസ്ഥാനങ്ങളിലും കൃത്രിമ മഴ പെയ്യിക്കുന്നുണ്ടെന്നും കത്തിൽ പറയുന്നു.
ഗൾഫ് നാട്ടിലും കർണാടക പോലുള്ള മറ്റ് സംസ്ഥാനങ്ങളിലും ഉഷ്ണതരംഗം അസഹനീയമാകുമ്പോൾ മേഘങ്ങളിൽ രാസവസ്തു വിതറി മഴ പെയ്യിപ്പിക്കുന്ന പദ്ധതി വ്യാപകമാണെന്നാണ് എം.എൽ.എയുടെ വാദം. ചെലവ് ചുരുക്കാനായി ഈ രംഗത്ത് വിദഗ്ദ്ധരായ യു.എ.ഇയുടെ സഹായം തേടിയാൽ മതിയെന്നും കത്തിൽ പറയുന്നുണ്ട്.
കേരളത്തിൽ അങ്ങോളം ഇങ്ങോളവും അതിർത്തി സംസ്ഥാനങ്ങളിലും ക്ലൗഡ് സീഡിംഗ് നടത്താം.
ക്ലൗഡ് സീഡിംഗ് ഉപയോഗിച്ചാണ് യുഎഇ മഴപെയ്യിപ്പിക്കുന്നതെന്ന് മിക്കവർക്കും അറിവുളള കാര്യമാണ്. ഇവിടത്തെ കാലാവസ്ഥയിൽ കൃത്യമായി മഴ ലഭിക്കുകയെന്നത് അത്യപൂർവമായ കാര്യമാണ്. അതിനാൽ തന്നെ ഇവിടെ ഒരു കാലത്ത് ശുദ്ധ ജലക്ഷാമവും രൂക്ഷമായിരുന്നു.ഇതിന് പരിഹാരമായി പലവഴികളും യുഎഇ ഭരണകൂടം അന്വേഷിച്ചിരുന്നു.അത്തരത്തിൽ 1990ലാണ് ക്ലൗഡ് സീഡിംഗ് എന്ന സാങ്കേതികവിദ്യ പരീക്ഷിക്കാൻ യുഎഇ ഒരുങ്ങിയത്.
വിമാനമുപയോഗിച്ച് മേഘങ്ങളിൽ രാസപദാർത്ഥം വിതറി മഴപെയ്യിപ്പിക്കുന്ന രീതിയാണ് ക്ലൗഡ് സീഡിംഗ് . മഴ വർദ്ധിപ്പിക്കാനും അന്തരീക്ഷത്തിലെ ചൂടുകുറയ്ക്കാനും സുഗമമായ കാലാവസ്ഥയൊരുക്കാനുമാണ് ഈ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്താൻ യുഎഇ തീരുമാനിച്ചത്.
കാലാവസ്ഥാ നിരീക്ഷണ മാർഗങ്ങൾ ഉപയോഗിച്ച് ഈർപ്പം കൂടുതലുളള മേഘങ്ങളെ ആദ്യം കണ്ടെത്തും. വിമാനമുപയോഗിച്ച് ഈ മേഘങ്ങളിലേക്ക് രാസപദാർത്ഥം വിതറുകയെന്നതാണ് അടുത്ത ഘട്ടം. പ്രധാനമായും മഗ്നീഷ്യം, പൊട്ടാസ്യം ക്ലോറൈഡ്, സോഡിയം ക്ലോറൈഡ് എന്നിവയാണ് ഈ പദാർത്ഥത്തിലടങ്ങിയിരിക്കുന്നത്. വിമാനത്തിൽ ഘടിപ്പിച്ചിരിക്കുന്ന ഫ്ലയറുകൾ ഈ പദാർത്ഥത്തെ മേഘങ്ങളിലേക്ക് വിതറും. ഇതിലൂടെ മേഘങ്ങളിലെ ഈർപ്പവും പദാർത്ഥവും പരസ്പരം യോജിച്ച് സാന്ദ്രീകരണം എന്ന പ്രക്രിയ നടക്കുകയും ചെയ്യും.അങ്ങനെ മേഘത്തിൽ കൂടുതൽ ജലത്തുളളികൾ രൂപപ്പെടുകയും ചെയ്യുന്നു. ഈ ഭാരമുളള ജലത്തുളളികളെ വായുവിന് താങ്ങിനിർത്താൻ പറ്റാതെ വരുന്നതോടെ മഴ പെയ്യാൻ തുടങ്ങും. കൃത്രിമ മഴ വിജയിക്കണമെങ്കില്‍ അന്തരീക്ഷത്തില്‍ ചാരനിറത്തിലുള്ള മേഘങ്ങളുണ്ടാവണം. കേരളത്തില്‍ സാധാരണ ഗതിയിലുള്ള നീലമേഘങ്ങള്‍ക്കു പകരം ഇത്തരം ചാരമേഘമാണ് ഇപ്പോഴത്തെ ഉഷ്ണതരംഗത്തിനിടെ ദൃശ്യമായിരിക്കുന്നതെന്നും വിദഗ്ധര്‍ വിലയിരുത്തുന്നു. 4000 മീറ്റര്‍ വരെ ഉയരത്തില്‍ ദൃശ്യമാകുന്ന ആള്‍ട്ടോ ക്യൂമുലസ്, സിറോക്യൂമുലസ്, നുബ്രോ സാറ്റസ് ഗണങ്ങളിലുള്ള മേഘങ്ങളാല്‍ ആവൃതമാണിപ്പോള്‍ കേരളത്തിലെ അന്തരീക്ഷം. അതായത് കൃത്രിമ മഴ പെയ്യിക്കാനുള്ള സുവര്‍ണ സാഹചര്യമാണിപ്പോള്‍ ഒത്തുവന്നിരിക്കുന്നത്. എന്നാല്‍ ക്ലൗഡ് സീഡിങ്ങിലൂടെ നിശ്ചിത സ്ഥാനത്തു മാത്രം മഴ പെയ്യിക്കാനുള്ള വിജയസാധ്യത 30ശതമാനം വരെ മാത്രമേയുള്ളു. മേഘജാലങ്ങള്‍ നിരന്തരം നീങ്ങിക്കൊണ്ടിരിക്കുന്നതാണ് ഇതിനു കാരണം.
വിമാനം ഉപയോഗിച്ചല്ലാതെ ഡ്രോണുകൾ ഉപയോഗിച്ചും ക്ലൗഡ് സീഡിംഗ് നടത്താറുണ്ട്. മറ്റൊരു രീതി മലമുകളിൽ ഘടിപ്പിക്കുന്ന ഗ്രൗണ്ട് ജനറേറ്ററുകൾ വഴി മേഘങ്ങളിലേക്ക് പദാർത്ഥത്തിന്റെ അംശങ്ങൾ പമ്പ് ചെയ്യുകയെന്നതാണ്.യുഎഇയിലെ ജബൽഹഫീത്തിലും ഫുജൈറൈയിലുമാണ് ഈ രീതി പ്രധാനമായും ഉപയോഗിക്കുന്നത്.2019ലെ കണക്കനുസരിച്ച് 200 ക്ലൗഡ് സീഡിംഗ് ദൗത്യങ്ങളാണ് യുഎഇ ഭരണകൂടം പൂർത്തിയാക്കിയത്. ഇതിലൂടെ 6.7 മില്ല്യൺ ക്യൂബിക് മീറ്റർ വെളളമാണ് ശേഖരിച്ചത്. 2022ൽ 311 ക്ലൗഡ് സീഡിംഗ് ദൗത്യങ്ങളും പൂർത്തിയാക്കി.സാധാരണഗതിയിൽ മഴപെയ്യാതിരിക്കുകയും ചൂട് അസഹ്യമാകുമ്പോഴും ചെയ്യുമ്പോഴാണ് ഈ പ്രക്രിയ നടത്തുന്നത്.’
വരൾച്ച ഒഴിവാക്കാൻ മാത്രമല്ല വായുമലിനീകരണം തടയാനും ഇത് തന്നെയാണ് യുഎഇ ചെയ്യുന്നത്. വലിയ ചെലവ് വരുന്ന ക്ലൗഡ് സീഡിംഗ് എപ്പോഴും വിജയിക്കണമെന്നില്ല. ഓരോ വർഷം ആയിരം മണിക്കൂറാണ് യുഎഇ ക്ലൗഡ് സീഡിംഗിനായി ഉപയോഗിക്കുന്നത്. അതായത് വർഷം തോറുമുളള ചെലവ് ഇന്ത്യൻ രൂപയിൽ പത്ത് കോടിയിലധികം രൂപയാണ്. നാല് മണിക്കൂർ പ്രവർത്തന സമയം കൊണ്ട് 22 മേഘങ്ങളിൽ ക്ലൗഡ് സീഡിംഗ് നടത്താനായി ഏകദേശം നാല് ലക്ഷം ഇന്ത്യൻ രൂപ ചെലവാകുമെന്നാണ് കണക്ക്.
കര്‍ണാടകയില്‍ യുഎസില്‍ നിന്നെത്തിച്ച ബീച്ച് ക്രാഫ്റ്റ് ക്യൂ 100 വിമാനങ്ങള്‍ വഴി ക്ലൗഡ് സീഡിങ് നടത്തി കൃത്രിമ മഴ പെയ്യിച്ചത് രണ്ടാഴ്ച മുമ്പാണ്. 30 കോടി രൂപയാണ് ഇതിന് ചെലവു വന്നത്. കേരളത്തിലും കൃത്രിമമായി മഴ പെയ്യിക്കാന്‍ ഇത്രയും തുകയേ ചെലവു വരൂവെന്നാണ് വിദഗ്ധര്‍ കണക്കാക്കുന്നത്.
കഴിഞ്ഞ വര്‍ഷമുണ്ടായ മഴക്കുറവും വരള്‍ച്ചയും മൂലം സംസ്ഥാനത്തെ 45,399 ഹെക്റ്റര്‍ കൃഷിയാണ് നശിച്ചത്. ഇതുവഴിയുണ്ടായ നഷ്ടം 875 കോടി രൂപയാണെന്നാണ് ഔദ്യോഗിക കണക്ക്. ഈ സാഹചര്യത്തില്‍ കൃത്രിമ മഴയ്ക്ക് 100 കോടി രൂപ ചെലവഴിച്ചാലും അത് അധികപ്പറ്റാവില്ലെന്ന് വിദഗ്ധര്‍ കരുതുന്നു. ഈ രംഗത്ത് വിദഗ്ധരായ യുഎഇയുടെ സഹായം തേടിയാല്‍ ചെലവും ചുരുക്കാം.