സ്വർണക്കടത്തും കൊലപാതകവും ഉൾപ്പെടെയുള്ള ആരോപണങ്ങൾ ഭരണപക്ഷ എം.എൽ.എ.യായ പി.വി. അൻവർ ഉന്നയിച്ചതിന് പിന്നാലെ ആഭ്യന്തര വകുപ്പ് എ.ഡി.ജി.പി. എം.ആർ. അജിത് കുമാറിനെ ലോ ആൻഡ് ഓർഡർ ചുമതലകളിൽ നിന്നും മാറ്റിനിർത്തുമെന്ന് സൂചന. ( It is hinted that mr.Ajith Kumar will be removed from Law and Order duties)
എ.ഡി.ജി.പി.യെ ചുമതലകളിൽ നിന്നും മാറ്റി നിർത്തി ആരോപണങ്ങളിൽ അന്വേഷണം നടത്തുമെന്നാണ് വിവരം.
ഇന്റലിജൻസ് എ.ഡി.ജി.പി.യായ മനോജ് എബ്രഹാമിനെ പകരം ചുമതലകളിലേക്ക് കൊണ്ടുവരുമെന്നും സൂചനയുണ്ട്. കഴിഞ്ഞ രണ്ടു ദിവസമായി പോലീസ് തലപ്പത്തുള്ളവർക്കെതിരെ നിലമ്പൂർ എം.എൽ.എ.യായ പി.വി. അൻവർ തൊടുത്തുവിട്ട ആരോപണങ്ങൾ ആഭ്യന്തര വകുപ്പിനെയും സർക്കാരിനെയും പിടിച്ചുകുലുക്കിയിരുന്നു.
എ.ഡി.ജി.പി. അധോലോക തലവനെന്നും ദാവൂദ് ഇബ്രാഹീമിനെ പോലെയാണെന്നും ഡി.ജി.പി.യെ മറികടന്ന് അജിത്കുമാർ ഭരണം നടത്തുകയാണെന്നും അൻവർ ആരോപിച്ചിരുന്നു. സൈബർ സെല്ലിനെ ഉപയോഗിച്ച് മന്ത്രിമാരുടെ ഉൾപ്പെടെ ഫോൺ ചോർത്തുന്നു.
തൃശൂർ പൂരം കുളമാക്കിയതിന് പിന്നിൽ പോലീസ് ഉന്നത ഉദ്യോഗസ്ഥർക്ക് പങ്കുണ്ട് തുടങ്ങിയ ആരോപണങ്ങളാണ് പി.വി. അൻവർ ഉന്നയിച്ചത്. സാമ്പത്തിക തിരിമറി ഉൾപ്പെടെ ആരോപണങ്ങളും അൻവർ ഉന്നയിച്ചിരുന്നു.









