തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റിൽ എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജൻ വിഷയം ചർച്ച ചെയ്തതായി വിവരം. ഇ.പി. ജയരാജനെതിരേ ഉടൻ നടപടി വന്നേക്കുമെന്നാണ് സൂചനകൾ. സംസ്ഥാന സെക്രട്ടേറിയേറ്റിൽ എടുത്ത തീരുമാനങ്ങൾ ഉച്ചയ്ക്ക് ശേഷം പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വിളിച്ചുചേർത്തിരിക്കുന്ന വാർത്താസമ്മേളനത്തിൽ വ്യക്തമാക്കും.
തെരഞ്ഞെടുപ്പ് അവലോകനത്തിനാണ് ഇന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് വിളിച്ചത്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സിപിഎം 12 സീറ്റുകൾ നേടുമെന്നാണ് പാർട്ടി വിലയിരുത്തൽ. ഭരണവികാരമെന്ന പ്രതിപക്ഷ പ്രചരണത്തെ ശക്തമായ തെരഞ്ഞെടുപ്പ് പ്രചരണം കൊണ്ടു മറികടക്കാൻ കഴിഞ്ഞെന്നാണ് യോഗത്തിൽ പൊതുവെ ഉണ്ടായ വിലയിരുത്തൽ. വോട്ടെടുപ്പ് ദിവസം തന്നെ ഇ.പി. ജയരാജൻ – പ്രകാശ്ജാവദേക്കർ കൂടിക്കാഴ്ചയുടെ വിവരം പുറത്തുവന്നതും യോഗത്തിൽ ചർച്ച ചെയ്തു.
യോഗത്തിലേക്ക് രാവിലെ എത്തിയപ്പോൾ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള ബിജെപിയും കോൺഗ്രസും നടത്തുന്ന ഗൂഡാലോചന എന്നായിരുന്നു ഇ.പി. ജയരാജൻ നടത്തിയ പ്രതികരണം. എന്നാൽ തിരിച്ചിറങ്ങിയപ്പോൾ പ്രതികരിച്ചതുമില്ല. ബിജെപി നേതാവ് ശോഭാസുരേന്ദ്രനെ താൻ കണ്ടിട്ടേയില്ലെന്നും ഉമ്മൻചാണ്ടിയുടെ മരണ ദിവസമാണ് ആദ്യമായി കണ്ടതെന്നുമുള്ള പ്രതികരണം ആവർത്തിച്ചിരുന്നു. തെരഞ്ഞെടുപ്പ് ദിവസം ജാവദേക്കറുമായി താൻ കണ്ടിരുന്നു എന്നും രാഷ്ട്രീയചർച്ചകൾ നടത്തിയില്ല എന്നും ജയരാജൻ നടത്തിയ പ്രതികരണം വൻ വിവാദമായിരുന്നു.