തിരുവനന്തപുരം: സ്വന്തം ബഹിരാകാശ നിലയം നിർമ്മിക്കാനുള്ള ഐ.എസ്.ആർ.ഒയുടെ ചുവടുവയ്പിന് വിജയകരമായ തുടക്കം. തിരുവനന്തപുരം വട്ടിയൂർകാവിലെഇനേർഷ്യൽ സിസ്റ്റം യൂണിറ്റിൽ വികസിപ്പിച്ച ബഹിരാകാശ യന്ത്രക്കൈ പരീക്ഷണം വിജയിച്ചു.
അതേസമയം, ബഹിരാകാശത്ത് കൂട്ടിയോജിപ്പിക്കാനായി വിക്ഷേപിച്ച ഇരട്ട ഉപഗ്രഹങ്ങളുടെ സംഗമം ചൊവ്വാഴ്ച രാവിലെ ഒൻപതിനും പത്തിനുമിടയിൽ നടത്തും. ബഹിരാകാശനിലയത്തിന് മുന്നോടിയാണ് ഈ പരീക്ഷണവും നടത്തുന്നത്.
ഇരട്ട ഉപഗ്രഹങ്ങളെ വിക്ഷേപിച്ച പി.എസ്.എൽ.വി റോക്കറ്റിന്റെ ഉപയോഗശൂന്യമായ നാലാംഘട്ടം ഒരു പ്ളാറ്റ്ഫോമാക്കി മാറ്റി അതിലാണ് റീലൊക്കേറ്റബിൾ റോബോട്ടിക് മാനിപ്പുലേറ്റർ എന്ന ബഹിരാകാശ യന്ത്രക്കൈ പരീക്ഷിച്ചത്.
ബഹിരാകാശ നിലയം ഭ്രമണപഥത്തിൽ സഞ്ചരിച്ചുകൊണ്ടിരിക്കെ സ്പെയ്സ് റോബോട്ടിക് ആം എന്ന യന്ത്രക്കൈകളാണ് വിവിധ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത്.
ബഹിരാകാശനിലയത്തിലേക്ക് അയയ്ക്കുന്ന വസ്തുക്കൾ പിടിച്ചെടുത്ത് നിർദ്ദിഷ്ട സ്ഥാനത്ത് സ്ഥാപിക്കാനും പരിസരത്തുകൂടി പോകുന്ന പാഴ്വസ്തുക്കൾ നീക്കാനും യന്ത്രക്കൈ ഉപയോഗിക്കും.
ഇത്അറ്റകുറ്റപ്പണികൾക്കും ഈ സാങ്കേതികവിദ്യ അനിവാര്യമാണ്.ഭാവിയിൽ പേടകങ്ങളിൽ ഇന്ധനം നിറയ്ക്കാനും യന്ത്രക്കൈ സംവിധാനം ഉപയോഗിക്കാനാകും.
പ്രവർത്തനങ്ങൾ നിരീക്ഷിക്കാനുള്ള ക്യാമറ,സെൻസറുകൾ,പ്രത്യേകംതയ്യാറാക്കിയ സോഫ്റ്റ്‌വേർ എന്നിവയൊക്കെ ഇതിലുണ്ട്. ഡിജിറ്റൽ ട്വിൻ മോഡൽ ഉപയോഗിച്ചാണ് യന്ത്രക്കൈ പ്രവർത്തിക്കുന്നത്. ഈ സാങ്കേതികവിദ്യ വളരെ ചുരുക്കം ചില രാജ്യങ്ങൾക്ക് മാത്രമാണുള്ളത്.