ലെബനാനിലെ ഫലസ്തീൻ അനുകൂല സാധുധ സംഘമായ ഹിസ്ബുള്ളയുടെ കമാൻഡറെ വധിച്ചതിന് പിന്നാലെ ലെബനീസ് – ഇസ്രയേൽ അതിർത്തിയിൽ സംഘർഷം രൂക്ഷമായി.തിങ്കളാഴ്ചയാണ് തെക്കൻ ലെബനനിലെ ഖെർബേത് സെലേമിൽ ഇസ്രയേൽ നടത്തിയ ഡ്രോൺ ആക്രമണത്തിൽ ഹിസ്ബുള്ള ഉന്നത കമാൻഡർ വിസം ഹസൻ തവീൽ കൊല്ലപ്പെട്ടത്. ലെബനനിൽ ഹമാസ് ഉപനേതാവ് സലേഹ് അൽ അറൂരിയുടെ കൊലയ്ക്ക് പിന്നാലെ നടന്ന വീണ്ചും ഉന്നത നേതാവ് കൊല്ലപ്പെട്ടത് ഹിസ്ബുള്ളയെ ഞെട്ടിച്ചു. പിന്നാലെ ചൊവ്വാഴ്ച ഹിസ്ബുള്ള നടത്തിയ ഡ്രോണാക്രമണത്തിൽ വടക്കൻ ഇസ്രയേലിലെ സഫേദ് നഗരത്തിലെ ഇസ്രേയെൽ സൈനിക കേന്ദ്രം തകർന്നു. പ്രദേശത്തേയ്ക്ക് എത്തിയ ഇസ്രായേൽ മെർക്കാവ ടാങ്ക് തകർക്കുന്നതിന്റെ വീഡിയോയും അന്താരാഷ്ട്ര മാധ്യമങ്ങൾ പുറത്തുവിട്ടു.
ഒട്‌കോബർ ഏഴിന് ഹമാസ് ഇസ്രയേലിൽ നടത്തിയ ആക്രമണത്തിന് പിന്നാലെ ഇറാൻ പിന്തുണയുള്ള സായുധ സംഘമായ ഹിസ്ബുള്ള ഹമാസിന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. തുടർന്ന് ഇസ്രായേൽ- ലെബനൻ അതിർത്തിയിൽ ഏറ്റുമുട്ടൽ പതിവായിരുന്നെങ്കിലും അരൂറിയുടെയും , തവീലിന്റെയും കൊലയ്ക്ക് പിന്നാലെ ഏറ്റുമുട്ടൽ രൂക്ഷമായിരിയ്ക്കുകയാണ്. ഏറ്റുമപട്ടൽ സമ്പൂർണ യുദ്ധത്തിലേയ്ക്ക് നീങ്ങിയാൽ ആഗോള സമ്പദ് വ്യവസ്ഥയെ ഗുരുതരമായി ബാധിയ്ക്കും. മേഖലയെ യുദ്ധത്തിലേയ്ക്ക് തള്ളിവിടാതിരിയ്ക്കാൻ യൂറോപ്യൻ യൂണിയൻ പ്രതിനിധികൾ ഹിസ്ബുള്ളയുമായി ചർച്ച നടത്തിയിരുന്നു. പ്രശ്‌ന പരിഹാരത്തിന് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ യു.എ.ഇ. പ്രസിഡന്റും സൗദി കിരീടാവകാശിയുമായും ചർച്ച നടത്തിയിരുന്നു. ഇസ്രയേലിലെത്തിയ ആന്റണി ബ്ലിങ്കന് ഹമാസ് ബന്ദികളാക്കിയവരുടെ ബന്ധുക്കളുടെ പ്രതിഷേധവും നേരിടേണ്ടിവന്നു.