ലെബനന് നേരെ കൊലവിളിയുമായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഹിസ്ബുള്ളയെ പുറന്തള്ളിയില്ലെങ്കില്‍ ലെബനന് ഗാസയുടെ അവസ്ഥയായിരിക്കുമെന്ന് നെതന്യാഹു മുന്നറിയിപ്പ് നൽകുന്നു. നിങ്ങളുടെ രാജ്യത്തെ ഹിസ്ബുള്ളയില്‍ നിന്ന് മോചിപ്പിച്ചാല്‍ മാത്രമെ ഈ യുദ്ധം അവസാനിക്കുകയുള്ളെന്നും നെതന്യാഹും ലെബനൻ ജനതയോട് ആഹ്വനം ചെയ്തു. Israeli Prime Minister Benjamin Netanyahu called for death against Lebanon
മൂന്ന് ആഴ്ചയായി തുടരുന്ന ഇസ്രയേല്‍ ആക്രമണത്തില്‍ ഇതുവരെ 1,400 പേർ കൊല്ലപ്പെട്ടതായും 12 ലക്ഷത്തോളം പേർ പലായനം ചെയ്തതായുമാണ് ലെബനൻ അധികൃതർ അറിയിക്കുന്നത്. തെക്ക്-പടിഞ്ഞാറൻ ലെബനനിലേക്ക് ആയിരക്കണക്കിന് ട്രൂപ്പുകളെ വിന്യസിച്ച് അധിനിവേശം വിപൂലികരിക്കാൻ ഒരുങ്ങുന്നതിനിടെയാണ് നെതന്യാഹുവിന്റെ മുന്നറിയിപ്പ് വരുന്നത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 50 ഹിസ്ബുള്ള അംഗങ്ങളെ വ്യോമാക്രമണത്തിലൂടെ വധിച്ചെന്നാണ് ഇസ്രയേല്‍ അവകാശപ്പെടുന്നത്. അതേസമയം, 36 പേർ കൊല്ലപ്പെട്ടതായാണ് ലെബനീസ് ആരോഗ്യമന്ത്രാലയം അറിയിക്കുന്നത്. 150 പേർക്ക് പരുക്കേറ്റതായും മന്ത്രാലയം കൂട്ടിച്ചേർത്തു.
നസറുള്ളയുടെ പിൻഗാമിയായി കണക്കാക്കപ്പെടുന്ന സഫീദ്ദീന്റെ വിവരങ്ങള്‍ ലഭ്യമാകുന്നില്ലെന്ന് റിപ്പോർട്ടുകളുണ്ട്. വ്യാഴാഴ്ചയാണ് സഫീദ്ദീനെ ലക്ഷ്യമാക്കി ഇസ്രയേല്‍ ആക്രമണം നടത്തിയത്.