ഇസ്രായേൽ സൈന്യത്തിന് നൽകുന്ന എണ്ണ വിതരണം നിർത്തിയില്ലെങ്കിൽ സാമ്പത്തിക ഉപരോധം ഉൾപ്പെടെ നേരിടേണ്ടിവരുമെന്നും വംശഹത്യാകുറ്റം ചുമത്തുമെന്നും എണ്ണ നൽകുന്ന ആഗോള കുത്തക കമ്പനികൾക്ക് മുന്നറിയിപ്പുമായി യു.എൻ വിദഗ്ധര്‍. ബ്രിട്ടീഷ് പെട്രോളിയം(ബി.പി), യു.എസ് കമ്പനികളായ ഷെവ്‌റോൺ, എക്‌സോൺ മൊബിൽ എന്നിവയ്ക്കാണ് രണ്ട് ഐക്യരാഷ്ട്ര സഭാ മനുഷ്യാവകാശ വിദഗ്ധർ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. പ്രത്യേക യു.എൻ വിദഗ്ധൻ മിഷേൽ ഫഖ്രിയാണ് ഓയിൽ ചേഞ്ച് ഇന്റർനാഷനലിനെ ഉദ്ധരിച്ച് റിപ്പോർട്ട് പുറത്തുവിട്ടത്. ബി.പിയും ഷെവ്‌റോണും എക്‌സോണും ഇസ്രായേൽ സൈന്യത്തിന് എണ്ണ നൽകുന്നതിനു തെളിവുകൾ ലഭിച്ചിട്ടുണ്ടെന്ന് ഫഖ്രി പറഞ്ഞു.
യു.എസ്, ബ്രസീൽ, റഷ്യ, അസർബൈജാൻ, കസഖ്‌സ്താൻ എന്നീ രാജ്യങ്ങളിലൂടെയാണ് എണ്ണ എത്തിച്ചുനൽകുന്നത്. നടപടിയിലൂടെ ഗസ്സയിൽ ഇസ്രായേൽ സൈന്യം നടത്തുന്ന വംശഹത്യാ കുറ്റങ്ങളിൽ കമ്പനികളും പങ്കാളികളാകുകയാണെന്ന് മിഷേൽ ഫഖ്രി ചൂണ്ടിക്കാട്ടി. എണ്ണ വിതരണം നിർത്തിയില്ലെങ്കിൽ ഇവർക്കെതിരെ സാമ്പത്തിക ഉപരോധം പ്രഖ്യാപിക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു. ഫഖ്രിയുടെ കണ്ടെത്തലിനെ ഭവനാവകാശ വിഷയത്തിലുള്ള പ്രത്യേക യു.എൻ വിദഗ്ധൻ ബാലകൃഷ്ണൻ രാജഗോപാൽ പിന്തുണച്ചു.
Read Also: തിരഞ്ഞെടുപ്പ് സ്‌ക്വാഡ് റെയ്‌ഡ്; അനധികൃതമായി ലോറികളിൽ കടത്തിയ 14.70 ലക്ഷം രൂപ പിടികൂടി