കോഴിക്കോട്: ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുന്റെ വീട്ടിലെത്തി മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപെ. ഇന്ന് ഉച്ചയോടെയാണ് ഈശ്വർ മാൽപെ കണ്ണാടിക്കലിലെ അർജുന്റെ വീട്ടിലെത്തിയത്. കുടുംബത്തെ സമാധാനിപ്പിക്കാനാണ് എത്തിയതെന്ന് ഈശ്വർ മാൽപെ പ്രതികരിച്ചു.(Ishwar Malpe visited Arjun’s house and promises his mother)
തിരച്ചിൽ നടത്തുമ്പോൾ അനുമതി നേടുന്നതിനാണ് ഏറ്റവും പ്രതിസന്ധി നേരിട്ടത്. ഒരു ദിവസം വെള്ളത്തിൽ ഇറങ്ങാൻ അനുവദിച്ചാൽ അടുത്ത രണ്ട് ദിവസം അനുമതി നിഷേധിക്കും. മണ്ണിടിച്ചിലിൽപ്പെട്ട എട്ട് പേരുടെ മൃതദേഹം കിട്ടി. മൂന്ന് പേരെ ഇനിയും കിട്ടാനുണ്ട്. അർജുന്റെ വണ്ടിയുടെ ജാക്കിയും കയറും കണ്ടെത്തി. കയറ് കിട്ടിയ സ്ഥലത്ത് ഒരുപാട് മണ്ണ് നീക്കം ചെയ്യാനുണ്ട്.
ഡ്രജിങ് മെഷിൻ കൊണ്ടുവന്ന് മണ്ണ് നീക്കണം. 5 ദിവസമെങ്കിലും ഡ്രജിങ് നടത്തേണ്ടി വരും. 30 അടിയിൽ മണ്ണ് അടിഞ്ഞിട്ടുണ്ട്. ഡ്രജർ എത്തിക്കാനുള്ള ഫണ്ട് ഇല്ലാത്ത രീതിയിലാണ് കർണാടക സർക്കാരിന്റെ നിലപാട്. കേരള സർക്കാരും വിഷയത്തിൽ ഇടപെടണം. അർജുന്റെ മൃതദേഹമെങ്കിലും വീട്ടിൽ എത്തിക്കുമെന്ന് അമ്മയ്ക്ക് വാക്ക് നൽകിയിരുന്നു. ഞങ്ങളുടെ സംഘത്തിൽ പത്ത് പേരുണ്ട്. അർജുനെ കണ്ടെത്തുക എന്നത് ഞങ്ങൾ പ്രതിജ്ഞയാക്കി എടുത്തിരിക്കുകയാണെന്നും ഈശ്വർ മാൽപെ പറഞ്ഞു.