ഐപിഎൽ 2025 ലെ രണ്ടാം പോരാട്ടത്തിൽ തകർത്തടിച്ച് സണ്‍റൈസേഴ്സ് ഹൈദാരബാദ്. ആറ് വിക്കറ്റിന് 286 റൺസാണ് നേടിയത്.
ട്രാവിസ് ഹെഡിന്റെ അതിവേഗ ഫിഫ്റ്റിയ്ക്ക് പിന്നാലെ ഇഷാൻ കിഷൻ സെഞ്ച്വറി നേടി. 45 പന്തിലാണ് താരം സെഞ്ച്വറി നേടിയത്. ആറ് സിക്സറുകളും പത്ത് ഫോറുകളും അടക്കമായിരുന്നു താരത്തിന്റെ പ്രകടനം.
ട്രാവിസ് ഹെഡ് 31 പന്തിൽ 67 റൺസെടുത്താണ് പുറത്തായി. അഭിഷേക് ശർമ, നിതീഷ് കുമാർ റെഡ്‌ഡി, ക്ലാസൻ എന്നിവരും മിന്നും പ്രകടനം നടത്തി. 20, 34 , 30 എന്നിങ്ങനെയാണ് യഥാക്രമം ഈ ബാറ്റർമാർ നേടിയത്.
അതേ സമയം ഇന്ത്യൻ ടീമിൽ നിന്നും പുറത്തായിരുന്ന ഇഷൻ കിഷന് ഇന്നത്തെ മത്സരം ഒരു മികച്ച തിരിച്ചുവരവ് കൂടിയായിരുന്നു. താരത്തെ വാർഷിക കരാറിൽ നിന്നും ബിസിസിഐ പുറത്താക്കിയിരുന്നു. ശേഷം ആഭ്യന്തര ക്രിക്കറ്റിലേക്ക് മടങ്ങി മികവ് തെളിയിച്ചെങ്കിലും താരത്തെ ഇന്ത്യൻ ടീം മാനേജ്‌മെന്റ് അവഗണിക്കുകയായിരുന്നു.
നേരത്തേ ടോസ് നേടിയ രാജസ്ഥാന്‍ റോയൽസ് ഫീൽഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. നായകന്‍ സഞ്ജു സാംസന്‍റെ അഭാവത്തില്‍ ആദ്യ മൂന്ന് കളികളില്‍ നായകനാവുന്ന റിയാന്‍ പരാഗാണ് ടോസിനെത്തിയത്.
ഐപിഎല്ലിന് മുന്നോടിയായുള്ള പരിശീലന മത്സരങ്ങളിൽ ഇഷാൻ കിഷൻ നടത്തിയ മിന്നും പ്രകടനങ്ങളുടെ തനിയാവർത്തനമായിരുന്നു ഇന്ന്.
പരിശീലന മത്സരങ്ങളിൽ നാല് മത്സരങ്ങളിൽ മൂന്ന് അർദ്ധ സെഞ്ച്വറികൾ നേടിയാണ് ഇഷാൻ കിഷൻ തിളങ്ങിയതെങ്കിൽ 47 പന്തിൽ 106 റൺസാണ് രാജസ്ഥാൻ റോയൽസിനെതിരെ അടിച്ചുകൂട്ടിയത്.
പരിശീന മത്സരത്തിൽ ആദ്യ കളിയിൽ 23 പന്തിൽ 64 റൺസാണ് കിഷൻ അടിച്ചെടുത്തത്.
രണ്ടാം മത്സരത്തിൽ 30 പന്തിൽ നിന്നും 70 റൺസ് നേടിയിരുന്നു താരത്തിന്റെ മിന്നും പ്രകടനം. മൂന്നാം മത്സരത്തിൽ 19 പന്തിൽ 49 റൺസും നാലാം മത്സരത്തിൽ 33 പന്തിൽ പുറത്താവാതെ 64 റൺസുമാണ് താരം നേടിയത്.
മുംബൈ ഇന്ത്യൻസ് കൈവിട്ടതോടെയാണ് ഇഷാൻ കിഷൻ ഹൈദരാബാദിന്റെ തട്ടകത്തിലെത്തിയത്. മെഗാ ലേലത്തിൽ 11.25 കോടി രൂപക്കായിരുന്നു ഇഷാനെ ഓറഞ്ച് ആർമി സ്വന്തമാക്കിയത്.
അഭിഷേക് ശർമ്മ, ട്രാവിസ് ഹെഡ്, ഹെൻറിച്ച് ക്ലാസൻ തുടങ്ങിയ പേര് കേട്ട വെടിക്കെട്ട് താരങ്ങളേക്കാൾ ഇന്ന് തിളങ്ങിയത് ഇഷാനായിരുന്നു.









