തിരുവനന്തപുരം: സംസ്ഥാനത്ത് ലൈസൻസ് ടെസ്റ്റുകൾ ഇന്നും മുടങ്ങും.ഒരു ഇടവേളയ്ക്ക് ശേഷം ഇന്ന് ലൈസൻസ് ടെസ്റ്റുകൾ വീണ്ടും പുനഃരാരംഭിക്കാനിരിക്കെയാണ് പ്രതിഷേധം. ഡ്രൈവിംഗ് ടെസ്റ്റുമായി സഹകരിക്കില്ലെന്ന് ഡ്രൈവിങ് സ്കൂൾ ഓണേഴ്സ് സമിതിയായ കെഎംഡിഎസ് അറിയിച്ചതോടെ ലൈസൻസ് ടെസ്റ്റുകൾ ഇന്നും മുടങ്ങുമെന്ന് ഉറപ്പായി. ഭൂരിപക്ഷം ഡ്രൈവിങ് സ്കൂളുകളും കെഎംഡിഎസിന് കീഴിലാണെന്നിരിക്കെ പ്രതിഷേധത്തെ മറികടന്ന് ടെസ്റ്റുകൾ നടത്തുന്നത് മോട്ടോർ വാഹന വകുപ്പിന് എളുപ്പമായിരിക്കില്ല.
ഇളവ് നിർദ്ദേശം ഔദ്യോഗികമായി ലഭിച്ചിട്ടില്ലെന്ന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. ഇളവുകൾക്ക് മുമ്പുള്ള നിർദ്ദേശപ്രകാരം ടെസ്റ്റ് നടത്താനാണ് നിലവിലെ തീരുമാനം. ആവശ്യമെങ്കിൽ പൊലീസ് സുരക്ഷ തേടാനും നിർദ്ദേശം നൽകിയിട്ടുണ്ട്.ഗതാഗത കമ്മീഷണറുടെ സർക്കുലറിനെതിരെ ഹൈക്കോടതി ഡിവിഷൻ ബഞ്ചിനെ സമീപിക്കുമെന്നും പുതിയ ഹർജി ഫയർ ചെയ്യുമെന്നും കെഎംഡിഎസ് അറിയിച്ചു.