സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ആഭ്യന്തര വകുപ്പ് നാഥനില്ലാ കളരിയായി മാറിയെന്ന് രമേശ് ചെന്നിത്തല വിമർശിച്ചു. കേരളം ഇന്ന് ഗൂണ്ടകളുടെ പറുദീസയായി മാറി. ഗുണ്ടകളും സാമൂഹ്യ വിരുദ്ധരും സംസ്ഥാനത്ത് അഴിഞ്ഞാടുന്നു. ഗുണ്ടാ വിളയാട്ടം പെരുകുമ്പോൾ പോലീസ് നിഷ്ക്രിയമായി നോക്കി നിൽക്കുന്നു. ഇവരെ നിലയ്ക്ക് നിർത്താൻ ആഭ്യന്തര വകുപ്പിന് കഴിയുന്നില്ല എന്നും ചെന്നിത്തല പറഞ്ഞു.
സംസ്ഥാനത്ത് ഡിജിപിയുണ്ടോ എന്ന് സംശയമാണെന്നും ഉണ്ടെങ്കിൽ തന്നെ ഡിജിപി ആരെന്ന് ആർക്കും അറിയാത്ത സ്ഥിതിയാണെന്നും ചെന്നിത്തല പരിഹസിച്ചു. അറിയപ്പെടുന്ന ഗുണ്ടകളെല്ലാം ജയിലിന് പുറത്താണ്. ഗുണ്ടകളാണ് ഇപ്പോൾ കേരളം നിയന്ത്രിക്കുന്നതെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു. മുഖ്യമന്ത്രി മൂന്നാഴ്ച വിദേശത്തായിട്ടും ഭരണ നിർവഹണത്തിന് ബദൽ സംവിധാനമില്ല എന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേരളത്തിൽ ഈ വർഷം ഇത് വരെ 142 കൊലപാതകങ്ങൾ നടന്നതായും അദ്ദേഹം ആരോപിച്ചു.
പ്ലസ് വൺ സീറ്റ് വിഷയത്തിലും ചെന്നിത്തല പ്രതികരിച്ചു. വിദ്യാർത്ഥികൾ ആശങ്കയിലാണെന്നും എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കിട്ടിയവർക്ക് പോലും പ്രവേശനമില്ല. വിദ്യാർത്ഥികൾക്ക് രണ്ട് ലക്ഷം രൂപ വരെ കോഴ കൊടുക്കേണ്ട ഗതിയായി. മാനേജ്മെന്റുകൾ കോഴ വാങ്ങുന്നത് വ്യാപകമായ പരാതിയാണ് എന്നും അദ്ദേഹം പറഞ്ഞു. അതോടൊപ്പം തന്നെ വരൾച്ച, പകർച്ചവ്യാധി തുടങ്ങിയവ പെരുകിയിട്ടും യാതൊരു നടപടിയും സർക്കാർ എടുത്തില്ലെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
Read More: സഞ്ജുവും രാജസ്ഥാൻ റോയൽസ് വീണ്ടും ഒന്നാമതെത്തുമോ; സാധ്യതകൾ ഇങ്ങനെ
Read More: വഞ്ചനാക്കേസ്; സിനിമാ നിർമാതാവ് ജോണി സാഗരിഗ അറസ്റ്റിൽ