ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഇറാൻ, 40 ദിവസത്തെ ദുഃഖാചരണം
വാഷിങ്ടൻ: ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി കൊല്ലപ്പെട്ടതായി ഇറാൻ ഔദ്യോഗികമായി സ്ഥിരീകരിച്ചു.
ശനിയാഴ്ച പുലർച്ചെ ഔദ്യോഗിക ചുമതലകൾ നിർവഹിക്കുന്നതിനിടെയാണ് ഖമനയി കൊല്ലപ്പെട്ടതെന്ന് ഫാർസ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
ഖമനയിയുടെ മരണം നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്ന അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ്, ഇറാനിലെ മറ്റ് പ്രധാന നേതാക്കളും ആക്രമണത്തിൽ കൊല്ലപ്പെട്ടതായി അവകാശപ്പെട്ടു.
സമൂഹമാധ്യമമായ Truth Social വഴിയാണ് ട്രംപ് പ്രതികരണം അറിയിച്ചത്.
ഖമനയിയുടെ മരണത്തെ തുടർന്ന് ഇറാനിൽ 40 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണവും ഏഴ് ദിവസത്തെ പൊതു അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്.
എന്നാൽ മരണവുമായി ബന്ധപ്പെട്ട കൂടുതൽ വിശദാംശങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
ഖമനയിയുടെ മകളും മരുമകനും കൊച്ചുമകനും ആക്രമണത്തിൽ കൊല്ലപ്പെട്ടതായി നേരത്തേ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
യുഎസ്–ഇസ്രായേൽ ഇന്റലിജൻസിനെ മറികടക്കാൻ ഖമനയിക്ക് കഴിഞ്ഞില്ലെന്നും, ഇറാനിലെ ജനങ്ങൾക്ക് രാജ്യം തിരിച്ചുപിടിക്കാനുള്ള വലിയ അവസരമാണിതെന്നും ട്രംപ് തന്റെ സന്ദേശത്തിൽ പറഞ്ഞു.
പശ്ചിമേഷ്യയിലും ലോകമെമ്പാടും സമാധാനം ഉറപ്പാക്കുന്നതുവരെ ശക്തവും കൃത്യവുമായ ബോംബാക്രമണം തുടരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
അതേസമയം, ഖമനയിയുടെ മരണം ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെ അദ്ദേഹത്തിന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിൽ ഒരു പ്രതീകാത്മക ചിത്രം പ്രത്യക്ഷപ്പെട്ടു.
ഷിയാ പാരമ്പര്യത്തിൽ ‘ഹൈദർ’ എന്നറിയപ്പെടുന്ന ഇമാം അലി ‘ദുൽഫിക്കർ വാൾ’ വീശുന്ന നാടകീയ ദൃശ്യമാണ് ചിത്രത്തിലുള്ളത്.
റമദാൻ അനുസ്മരണ സന്ദേശമായി തോന്നുന്ന ഈ പോസ്റ്റിന്, നിലവിലെ യുദ്ധ സാഹചര്യത്തിൽ ശക്തമായ രാഷ്ട്രീയ പ്രതീകാത്മകതയുണ്ടെന്നാണ് വിലയിരുത്തൽ.
ടെഹ്‌റാൻ സമീപം നടന്ന ആക്രമണങ്ങൾക്കു പിന്നാലെയാണ് ഖമനയി കൊല്ലപ്പെട്ടെന്ന ട്രംപിന്റെ അവകാശവാദവും, തുടർന്ന് ഈ പോസ്റ്റും പുറത്തുവന്നത്.
English Summary
Iran has officially confirmed the death of Supreme Leader Ayatollah Ali Khamenei, according to Fars News Agency. US President Donald Trump had earlier claimed responsibility and said more Iranian leaders were also killed. Following the announcement, a symbolic image linked to Imam Ali appeared on Khamenei’s X account, widely interpreted as a powerful political message amid escalating regional tensions.
iran-confirms-khamenei-death-trump-claims-symbolic-x-post
ആയത്തുല്ല അലി ഖമനയി, ഡോണാൾഡ് ട്രംപ്, ഇറാൻ, ടെഹ്‌റാൻ, ഫാർസ് വാർത്താ ഏജൻസി, ഇമാം അലി, ട്രൂത്ത് സോഷ്യൽ, പശ്ചിമേഷ്യ സംഘർഷം








