പോലീസ് അസോസിയേഷന്‍ പരിപാടിയില്‍ മലപ്പുറം എസ്പി എസ്.ശശിധരനെ വിമര്‍ശിച്ച നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വറിനെതിരെ ഐപിഎസ് അസോസിയേഷന്‍.IPS Association will file a complaint against Nilambur MLA PV Anwar to the Chief Minister
എസ്പിയെ മാത്രമല്ല മുഴുവന്‍ ഐപിഎസ് ഉദ്യോഗസ്ഥരെയും അപകീര്‍ത്തിപ്പെടുത്താനാണ് എംഎല്‍എയുടെ ശ്രമമെന്ന് അസോസിയേഷന്‍ പാസാക്കിയ പ്രമേയത്തില്‍ വിമര്‍ശിക്കുന്നു. എംഎല്‍എക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.
എസ്പിയെ പല മാര്‍ഗത്തില്‍ കൂടി സ്വാധീനിക്കാന്‍ എംഎല്‍എ ശ്രമിച്ചതായി പരസ്യമായി സമ്മതിച്ചിരിക്കുകയാണ്. നിയമ രാഹിത്യത്തിന്റെ ഭീതിതമായ സ്ഥിതിയാണ് സൃഷ്ടിക്കാന്‍ ശ്രമിക്കുന്നത്.
മുഴുവന്‍ ഐപിഎസ് ഉദ്യോഗസ്ഥരെയും അപകീര്‍ത്തിപ്പെടുത്താനാണ് ശ്രമിച്ചത്. പ്രസ്താവന പിന്‍വലിച്ച് പൊതുമധ്യത്തില്‍ എംഎല്‍എ മാപ്പ് പറയണമെന്നും ഐപിഎസ് അസോസിയേഷന്റെ പ്രമേയം ആവശ്യപ്പെടുന്നു.
പരിപാടിക്ക് എത്താന്‍ വൈകിയതിന്റെ പേരിലാണ് എസ്പിക്കെതിരെ പി വി അന്‍വര്‍ രൂക്ഷവിമര്‍ശനം നടത്തിയത്. തന്റെ പാര്‍ക്കില്‍ നടന്ന മോഷണത്തില്‍ പ്രതിയെ പിടികൂടാത്തത് അടക്കം വിമര്‍ശനത്തിനിടയില്‍ പരാമര്‍ശിക്കുകയും ചെയ്തു.
അമരമ്പലം പഞ്ചായത്തിലെ ലൈഫ് ഭവനപദ്ധതിയില്‍ വീട് നിര്‍മ്മിക്കാന്‍ കുറച്ച് മണ്ണിടാന്‍ പോലും എസ്പി അനുവദിക്കുന്നില്ലല്ലെന്നും അന്‍വര്‍ ആരോപിച്ചിരുന്നു.
തുടര്‍ന്ന് സംസാരിച്ച എസ്പി വിമര്‍ശനത്തിന് മറുപടി പറയാതെ ഓറ്റവാചകത്തില്‍ പ്രസംഗം അവസാനിപ്പിച്ചു. മികച്ച ഉദ്യോഗസ്ഥരില്‍ ഒരാളെന്ന് പേരെടുത്ത എസ്.ശശിധരനെതിരായ എംഎല്‍എയുടെ വിമര്‍ശനത്തില്‍ പോലീസിനുള്ളിലും അമര്‍ഷം പുകയുകയാണ്.