കൊച്ചി: പ്രവേശനോത്സവത്തിൽ കുട്ടികളെ ആവേശഭരതരാക്കി റോബോട്ടിക് ആനയും നായയും.കാലടി ശ്രീ ശാരദാ വിദ്യാലയത്തിൽ നടന്ന പ്രവേശനോത്‌സവത്തിലാണ് വ്യത്യസ്തമായ പ്രവേശനോത്സവം അരങ്ങേറിയത്. ഇപ്പി എന്ന ആന റോബോട്ടും, ചിപ്പി എന്ന നായ റോബോട്ടും നിമിഷനേരം കൊണ്ട് കുട്ടികളുടെ ചങ്ങാതിമാറായി മാറി.
ലക്ഷണമൊത്ത ആനയെ സ്‌കൂൾ മുറ്റത്ത് കണ്ടപ്പോൾ ആദ്യം കുട്ടികൾ ഒന്ന് അമ്പരന്നുവെങ്കിലും പിന്നീട് റോബോട്ടിക് ആനയാണെന്ന് മനസിലാക്കിയപ്പോൾ ചുറ്റും കൂടി. ആനയെ തലോടിയും തമ്പികൈയിൽ മുത്തമിട്ടും കുട്ടികൾ സ്‌നേഹം പ്രകടിപ്പിക്കുമ്പോൾ വലിയ ചെവിയാട്ടി തലകുലുക്കി കുട്ടികളെയും ആന സന്തോഷിപ്പിച്ചു. ഇതിനിടെ റോബോട്ടിക്
നായ ഓടിയെത്തിയതോടെ കുട്ടിക്കൂട്ടം അതിന്റെ പിന്നാലെയായി.
സ്കൂൾ മുറ്റമാകെ ഓടിയും ചാടിയും ചരിഞ്ഞുനോക്കിയും അവൻ കുട്ടികളുടെ വികൃതിക്കൊപ്പം കൂടി.
പാട്ടിനൊത്ത് നായ നൃത്തവക്കുകയും ചെയ്തു. ആധുനിക സാങ്കേതിക വിദ്യകളെ കുഞ്ഞുങ്ങൾക്ക് പരിചയപ്പെടുത്തുന്നതിനായാണ് റോബോട്ടിക് ആനയും, നായയും സ്‌കൂൾ അധികൃതർ പ്രവേശനോത്‌സവത്തിന് എത്തിച്ചത്.
സ്‌കൂളിലെ തന്നെ കുട്ടികളുടെ ചെണ്ടമേളവും ഉണ്ടായിരുന്നു.
പ്രവേശനോത്‌സവം ആദിശങ്കര മാനേജിങ് ട്രസ്റ്റി കെ. ആനന്ദ് ഉദ്ഘാടനം ചെയ്‌തു. ആദിശങ്കര ഗ്രൂപ്പ് ജനറൽ മാനേജർ എൻ. ശ്രീനാഥ്,സീനിയർ പ്രിൻസിപ്പാൾ ഡോ. ദീപ ചന്ദ്രൻ, വൈസ് പ്രിൻസിപ്പാൾ മഞ്ജുഷ വിശ്വനാഥ് തുടങ്ങിയവർ സംസാരിച്ചു. വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും പ്രവേശനോത്‌സവത്തിന് മാറ്റ് കൂട്ടി.