കൊച്ചി: രോഗിയുമായി പോകുന്നതിനിടെ ആംബുലൻസിന്റെ വഴിമുടക്കി കാർ. എറണാകുളം മൂവാറ്റുപുഴയിലാണ് സംഭവം. അടിയന്തര ഡയാലിസിസിനായി കളമശ്ശേരി മെഡിക്കൽ കോളജിലേക്ക് പോയ ആംബുൻസിനെയാണ് മുന്നിൽ പോയിരുന്ന കാർ കടത്തി വിടാതെ യാത്ര ചെയ്തത്.
KL 06 E 7272 രജിസ്ട്രേഷൻ നമ്പറിലുള്ള ടയോട്ട ഇന്നോവയാണ് ആംബുലൻസിനെ വഴിമുടക്കിയത്. ഡയാലിസ് ചെയ്യാനുള്ള രോഗിയ്ക്ക് ശ്വാസസംബന്ധമായ ബുദ്ധിമുട്ടുകളും ഉണ്ടായിരുന്നുവെന്ന് ആംബുൻസ് ഡ്രൈവർ പറയുന്നു. നാല് മിനിറ്റോളം ഇന്നോവ വഴിമുടക്കിക്കൊണ്ട് മുന്നിൽ സഞ്ചരിച്ചു എന്നാണ് ഡ്രൈവറുടെ ആരോപണം.
ഇന്ന് രാവിലെയാണ് സംഭവം നടന്നത്. തുടർന്ന് റോങ് സൈഡ് കേറി ഓവർടേക്ക് ചെയ്ത് പോകേണ്ടി വന്നുവെന്നും ഡ്രൈവർ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ആംബുലൻസ് ഡ്രൈവർ എംവിഡിക്ക് പരാതി നൽകി.
കുറച്ച് ദിവസങ്ങൾക്ക് മുൻപും സമാനമായ രീതിയിൽ സംഭവം നടന്നിരുന്നു. ഗുരുതരമായി പരിക്കേറ്റ രോഗിയുമായി പോയ ആംബുലന്‍സിൻ്റെ വഴിമുടക്കുന്ന തരത്തിൽ യുവതി സ്‌കൂട്ടര്‍ ഓടിക്കുകയായിരുന്നു. ഡ്രൈവറുടെ പരാതിയ്ക്ക് പിന്നാലെ യുവതിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇവർക്കെതിരെ ഇവർക്ക് 5000 രൂപ പിഴയും ചുമത്തിയിരുന്നു.