കൊച്ചി: അന്റാർട്ടിക്കയിൽ പുതിയ ഗവേഷണ കേന്ദ്രം സ്ഥാപിക്കാനൊരുങ്ങി ഭാരതം. നാല് വർഷത്തിനകം ‘മൈത്രി 2’ സ്ഥാപിക്കുമെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു പറഞ്ഞു. അന്റാർട്ടിക്കയിലെ ഗവേഷണ പദ്ധതികൾ വികസിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് മൈത്രി 2 സ്ഥാപിക്കുന്നത്.സൗരോർജ്ജവും കാറ്റിൽ നിന്നുള്ള വൈദ്യുതിയും ഉപയോഗിക്കുന്ന തരത്തിലാണ് പുതിയ ഗവേഷണ കേന്ദ്രം നിർമിക്കുക.
1989-ൽ പ്രവർത്തനം തുടങ്ങിയ മൈത്രിക്ക് പകരമാണ് പുതിയ ഗവേഷണകേന്ദ്രം വരുന്നത്. രണ്ട് വർഷത്തിനകം ഗവേഷണ കേന്ദ്രത്തിന്റെ രൂപകൽപന പൂർത്തിയാകുമെന്നും ഭൗമ ശാസ്ത്ര മന്ത്രാലയം സെക്രട്ടറി ഡോ. എം. രവിചന്ദ്രൻ പറഞ്ഞു.
അന്റാർട്ടിക്കയുടെ സംരക്ഷണത്തിനായി ഒപ്പുവച്ച ഉടമ്പടിയിൽ ഉൾപ്പടെ അംഗരാജ്യങ്ങളുടെ കൂടിയാലോചന യോഗം (എ.ടി.സി.എം) ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് സുപ്രധാന പ്രഖ്യാപനം. മൈത്രി, ഭാരതീ എന്നീ രണ്ട് ഗവേഷണ കേന്ദ്രങ്ങളിലായി വേനൽക്കാലത്ത് 100 ഇന്ത്യൻ ശാസ്ത്രജ്ഞർക്ക് വരെ പര്യവേക്ഷണം ചെയ്യാനുള്ള സൗകര്യമാണ് നിലവിലുള്ളത്.
ഗവേഷണത്തിന് വേണ്ടിയല്ലാതെ അന്റാർട്ടിക്ക സന്ദർശിക്കുന്നവരുടെ എണ്ണം ഗണ്യമായി ഉയരുന്ന സാഹചര്യത്തിൽ വിനോദ സഞ്ചാരം നിയന്ത്രിക്കാൻ ലക്ഷ്യമിട്ടുള്ള നയരൂപീകരണം ഇത്തവണ എടിഎസിഎമ്മിൽ നടക്കും. കഴിഞ്ഞ വർഷം 1.10 ലക്ഷം ടൂറിസ്റ്റുകളാണ് അന്റാർട്ടിക്ക സന്ദർശിച്ചത്. പരിസ്ഥിതി ലോല മേഖലയായ അന്റാർട്ടിക്കയുടെ സംരക്ഷണം ഉറപ്പുവരുത്തി മാത്രമേ ഇവിടെ ടൂറിസം പ്രോത്സാഹിപ്പിക്കാവൂവെന്നാണ് ഇന്ത്യയുടെ നിലപാട്.
ഇത്രണ്ടാം തവണയാണ് ഇന്ത്യ എടിഎസിഎമ്മിന് ആതിഥ്യം വഹിക്കുന്നത്. 2007-ൽ ന്യൂഡൽഹിയിലാണ് മുൻപ് ഇന്ത്യയിലെ സമ്മേളനം നടന്നത്. 30-ന് സമാപിക്കുന്ന സമ്മേളനത്തിൽ 56 രാജ്യങ്ങളിൽ നിന്നായി 400 പ്രതിനിധികളാണ് പങ്കെടുക്കുന്നത്.









