ഇന്ത്യൻ ബഹിരാകാശ ഏജൻസിയായ ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ (ഐഎസ്ആർഒ) 2040-ഓടെ ചന്ദ്രനെ ചുറ്റുന്ന ബഹിരാകാശ നിലയം നിർമ്മിക്കാൻ പദ്ധതിയിടുന്നതായി റിപ്പോർട്ട്. ഭൗമ ഭ്രമണപഥത്തിനപ്പുറം ദീർഘകാല സാന്നിധ്യം സ്ഥാപിക്കുക എന്ന ഐഎസ്ആർഒയുടെ ലക്ഷ്യത്തിൻ്റെ ഭാഗമാണിത്. India’s ISRO has a massive plan to build a space station orbiting the moon
ബഹിരാകാശ നിലയം ചന്ദ്രൻ്റെ ഉപരിതലത്തിലേക്കുള്ള ക്രൂഡ് ദൗത്യങ്ങൾക്ക് സേവനം നൽകുമെന്നും ശാസ്ത്രീയ ഗവേഷണത്തിനുള്ള ഒരു ഔട്ട്‌പോസ്റ്റായിരിക്കുമെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യയുടെ ബഹിരാകാശ സഞ്ചാരികൾ ചന്ദ്രനിൽ ഇറങ്ങുന്ന അതേ സമയം തന്നെ ചാന്ദ്ര ബഹിരാകാശ നിലയം പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു, 2050 ന് മുമ്പ് ഉപരിതലത്തിൽ സ്ഥിരമായ അടിത്തറ നിർമ്മിക്കുമെന്നാണ് കരുതുന്നത്.
ഈ ബഹിരാകാശ നിലയം ഇന്ത്യയുടെ ചന്ദ്ര പര്യവേക്ഷണ ശ്രമങ്ങളുടെ മൂന്നാമത്തെയും അവസാനത്തെയും ഘട്ടമായിരിക്കുമെന്നു ഓൺലൈനിൽ വിവിധ റിപ്പോർട്ടുകളിൽ സൂചിപ്പിച്ചിരിക്കുന്നു. വരാനിരിക്കുന്ന ചന്ദ്രയാൻ 4 സാമ്പിൾ-റിട്ടേൺ മിഷൻ ഉൾപ്പെടെ ഐഎസ്ആർഒയുടെ സാങ്കേതികവിദ്യ ഉപയോഗിച്ച് ചന്ദ്രനിലേക്ക് റോബോട്ടിക് ദൗത്യങ്ങൾ നടത്തുന്നതാണ് ഇതിനു മുന്നോടിയായി ആദ്യ ഘട്ടത്തിൽ നടക്കുക.
ചന്ദ്രയാൻ 4 2028-ൽ ആണ് വിക്ഷേപിക്കാൻ തീരുമാനിച്ചിരിക്കുന്നത്. ഇത് ചന്ദ്രൻ്റെ ദക്ഷിണധ്രുവത്തിനടുത്തുള്ള ജലസമൃദ്ധമായ ഉപരിതലത്തിൽ നിന്ന് ഏകദേശം 3 കിലോഗ്രാം സാമ്പിളുകൾ ശേഖരിച്ച് ഭൂമിയിലേക്ക് തിരികെ എത്തിക്കാൻ ലക്ഷ്യമിടുന്നു. കുറഞ്ഞ ചെലവിൽ ചന്ദ്രനിലേക്കും തിരിച്ചുമുള്ള ദൗത്യം എങ്ങനെ നടത്താമെന്നാണ് ഞങ്ങൾ നോക്കുന്നതെന്ന് ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ഐഎസ്ആർഒ) ചെയർമാൻ എസ്. സോമനാഥ് പറഞ്ഞു.