ന്യൂഡൽഹി: തദ്ദേശീയമായി രൂപകല്പന ചെയ്ത ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജൻ ട്രെയിൻ 2023 ഡിസംബറോടെ കൽക- ഷിംല പൈതൃക നഗരങ്ങളിലൂടെ ഓടിത്തുടങ്ങും. ഹരിതവത്കരണത്തിലേയ്ക്കുള്ള രാജ്യത്തിന്റെ ചുവടുവയ്പ്പിന്റെ ഭാഗമാണ് ഹൈഡ്രജൻ ട്രെയിനുകൾ.India’s first hydrogen train will start running on these routes
ലോകത്ത് വിരലിലെണ്ണാവുന്ന രാജ്യങ്ങൾക്ക് മാത്രം സ്വന്തമായുള്ള സൗകര്യം ഇനി ഇന്ത്യയ്‌ക്കും സ്വന്തമാകും. ഹൈഡ്രജൻ ഇന്ധനമായി ഓടുന്ന ട്രെയിനുകൾ വൈകാതെ ഇന്ത്യയിലുണ്ടാകും. ലോകത്ത് ഇത്തരം സാങ്കേതിക വിദ്യ ഉപയോഗിക്കുന്നത് നാല് രാജ്യങ്ങളിൽ മാത്രമാണ്.
ജർമ്മനി, ഫ്രാൻസ്, സ്വീഡൻ, ചൈന എന്നീ രാജ്യങ്ങളിലാണ് ഹൈഡ്രജൻ ട്രെയിനുകളുള്ളത്. നിലവിലെ ഡെമു(ഡീസൽ ഇലക്‌ട്രിക് മൾട്ടിപ്പിൾ യൂണിറ്റ്) ട്രെയിനുകളിൽ അവശ്യ സൗകര്യങ്ങൾ ചെയ്‌ത് ഇന്ത്യ പൈലറ്റ് പദ്ധതിയ്‌ക്ക് അനുമതി നൽകിയിട്ടുണ്ട്.
നോർത്തേൺ റെയിൽവെ സോണിൽ ഹരിയാനയിലെ ജിന്ദ്-സോണിപട് സെക്ഷനിലാകും ആദ്യ ഹൈഡ്രജൻ ഇന്ധനം നിറച്ച ട്രെയിനോടുക. ഈ വർഷം ഡിസംബറോടെയാകും ഇത്. പ്രോട്ടോടൈപ്പ് ട്രെയിനിനെ സംയോജിപ്പിച്ച് തയ്യാറാക്കുന്ന നടപടി ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്‌ടറിയിൽ നടക്കുന്നതായി മുതിർന്ന ഉദ്യോഗസ്ഥർ സൂചന നൽകുന്നു. റെയിൽവെ മന്ത്രി അശ്വിനി വൈഷ്‌ണവിന്റെ നേരിട്ടുള്ള ശ്രദ്ധ ഈ പരിസ്ഥിതി സൗഹൃദ പദ്ധതിക്കുണ്ടെന്നും അവർ അറിയിക്കുന്നു.
ഹൈഡ്രജൻ ഫോർ ഹെറിറ്റേജ് പദ്ധതിപ്രകാരം 35 ഹൈഡ്രജൻ ട്രെയിനുകൾ ട്രയൽ റണ്ണിന് ശേഷം റെയിൽവെ ഇറക്കുമെന്നാണ് സൂചന. 80 കോടി രൂപ ഓരോ ട്രെയിനിനായും അതിന്റെ അടിസ്ഥാന വികസനത്തിനായി 70 കോടി രൂപയും നീക്കി വയ്‌ക്കും. വിവിധ പാരമ്പര്യ, മലയോര മേഖലയിൽ ഇവ ഓടും. സീറോ കാർബൺ ബഹിർഗമനം എന്ന ബൃഹദ് ലക്ഷ്യം ഇന്ത്യയ്‌ക്ക് നേടാനായുള്ള ശ്രമമാണ് ഹെഡ്രജൻ ട്രെയിനുകൾ. പെട്രോളിയം ആൻഡ് എക്‌സ്‌പ്ളോസീവ് സേഫ്‌ടി ഓർഗനൈസേഷനിൽ നിന്നും ഹൈഡ്രജൻ പ്ളാന്റിന് വേണ്ട അനുമതി റെയിൽവെ നേടിയിട്ടുണ്ട്.
മാതേരാൻ-ഹിൽ റെയിൽവെ, ഡാർജിലിംഗ് ഹിമാലയൻ റെയിൽവെ, കൽക്ക-ഷിംല റെയിൽവെ, കംഗ്രാ വാലി, നീലഗിരി റെയിൽവെ എന്നിവിടങ്ങളിൽ ഹൈഡ്രജൻ ട്രെയിൻ കൊണ്ടുവരാനാണ് ശ്രമം. വളരെ ശുദ്ധമായ ഇന്ധനമായതിനാൽ ഇന്ത്യയുടെ സീറോ കാർബൺ ബഹിർഗമന പദ്ധതിയ്‌ക്ക് ഇവ യോജിച്ചത് ആയതുകൊണ്ടാണ് ഹൈഡ്രജൻ ട്രെയിൻ എത്തിക്കാൻ ശ്രമിക്കുന്നത്. എട്ട് പരമ്പരാഗത റൂട്ടുകളിൽ ആറ് ചെയർകാറുകളുള്ള ട്രെയിനുകൾ ഓടിക്കാനാണ് തീരുമാനം. ഇതിനായി 35 എച്ച് പവേർഡ് ട്രെയിനുകളാണ് തുടങ്ങുക