ഒപ്പം താമസിച്ചിരുന്ന ആളിനെ കുത്തി; അമേരിക്കയിൽ ഇന്ത്യൻ യുവാവിനെ വെടിവച്ചു കൊലപ്പെടുത്തി പോലീസ്
വാഷിങ്ടൺ: ഹൈദരാബാദ് സ്വദേശിയായ 32 കാരൻ മുഹമ്മദ് നിസാമുദ്ദീനെ യുഎസ് പൊലീസ് വെടിവെച്ച് കൊലപ്പെടുത്തി.
കാലിഫോർണിയയിലെ സാന്താ ക്ലാരയിലെ ഒരു ടെക് സ്ഥാപനത്തിൽ ജോലി ചെയ്തുവരികയായിരുന്നു അദ്ദേഹം. കംപ്യൂട്ടർ സയൻസിൽ ബിരുദാനന്തര ബിരുദം നേടിയ ശേഷമാണ് നിസാമുദ്ദീൻ അമേരിക്കയിലെത്തിയത്.
സെപ്റ്റംബർ 3-നാണ് സംഭവം നടന്നത്. എന്നാൽ ആഴ്ചകൾ പിന്നിട്ട ശേഷമാണ് കുടുംബം വിവരം അറിഞ്ഞത്. അമേരിക്കയിലെ സുഹൃത്താണ് മരണവിവരം നിസാമുദ്ദീന്റെ കുടുംബത്തെ അറിയിച്ചത്.
പോലീസ് നൽകിയ വിവരങ്ങൾ പ്രകാരം, സാന്താ ക്ലാരയിലെ താമസസ്ഥലത്ത് കൂടെ താമസിച്ചിരുന്ന ആളെ നിസാമുദ്ദീൻ കത്തികൊണ്ട് കുത്തിയെന്നാണ് വിവരം. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവസ്ഥലത്തെത്തിയ പൊലീസ് നിസാമുദ്ദീനെ നാലുതവണ വെടിവെച്ചതോടെ അദ്ദേഹം വീണു. ഉടൻ ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും പിന്നീട് മരണം സ്ഥിരീകരിക്കുകയായിരുന്നു.
വെടിവെപ്പിന് മുൻപ് തന്നെ തനിക്ക് നേരെ വംശീയ അധിക്ഷേപവും ജോലിയിൽ നിന്ന് അന്യായമായ പിരിച്ചുവിടലും നേരിടേണ്ടി വന്നതായി നിസാമുദ്ദീൻ സുഹൃത്തുക്കളോട് പങ്കുവെച്ചിരുന്നതായാണ് വിവരം.
വംശീയ ഉപദ്രവത്തെക്കുറിച്ച് അദ്ദേഹം പരാതിപ്പെട്ടിട്ടുണ്ടെന്നും കുടുംബം ആരോപിക്കുന്നു. ഇപ്പോൾ സാന്താ ക്ലാരയിലെ ആശുപത്രിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം നാട്ടിലെത്തിക്കാൻ വിദേശകാര്യ മന്ത്രാലയത്തിന്റെ ഇടപെടൽ ആവശ്യമാണ് എന്ന് നിസാമുദ്ദീന്റെ കുടുംബം അഭ്യർത്ഥിച്ചു.
നിസാമുദ്ദീൻ ആക്രമിച്ച ആൾ ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തെ കുറിച്ച് അന്വേഷണം പുരോഗമിക്കുന്നതായി പൊലീസ് വ്യക്തമാക്കി.