യുഎസിൽ ലൈംഗിക കുറ്റവാളിയെ കുത്തിക്കൊലപ്പെടുത്തി ഇന്ത്യൻ വംശജനായ യുവാവ്
വാഷിങ്ടൺ: അമേരിക്കയിലെ കാലിഫോർണിയയിൽ ഞെട്ടിക്കുന്ന കൊലപാതകം. 71 കാരനായ ഡേവിഡ് ബ്രിമ്മർ എന്ന മുൻ ലൈംഗിക കുറ്റവാളിയെ ഇന്ത്യൻ വംശജനായ വരുണ്‍ സുരേഷ് (29) കുത്തിക്കൊന്നു. ഫ്രെമോണ്ടിലാണ് സംഭവം നടന്നത്. പോലീസ് പിന്നീട് പ്രതിയെ അറസ്റ്റ് ചെയ്തു.
‘പീഡോഫൈലുകളെ കൊലപ്പെടുത്തുക എന്റെ സ്വപ്നം‘
അറസ്റ്റിലായ വരുണ്‍ സുരേഷ് പോലീസിനോട് നൽകിയ മൊഴിയിൽ, ലൈംഗിക കുറ്റവാളികളെ കൊല്ലുക തന്റെ ഏറെനാളത്തെ ആഗ്രഹമായിരുന്നുവെന്ന് പറഞ്ഞു. “ഇത്തരം ആളുകൾ കുട്ടികളെ വേദനിപ്പിക്കുന്നവരാണ്. അവർക്ക് ജീവിക്കാൻ അർഹതയില്ല” എന്നും വരുണ്‍ വ്യക്തമാക്കിയതായി അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
കൊല്ലപ്പെട്ട ഡേവിഡ് ബ്രിമ്മറിന്റെ പഴയ കേസ്
ഡേവിഡ് ബ്രിമ്മർ 1995-ൽ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ അറസ്റ്റിലായിരുന്നു. തുടർന്ന് അദ്ദേഹത്തിന് ഒൻപത് വർഷം തടവുശിക്ഷ ലഭിക്കുകയും അത് അനുഭവിക്കുകയും ചെയ്തു. എന്നാൽ, പ്രതിയായ വരുണും ബ്രിമ്മറും തമ്മിൽ മുൻപ് വ്യക്തിപരമായ ബന്ധമൊന്നും ഉണ്ടായിരുന്നില്ലെന്ന് പോലീസ് സ്ഥിരീകരിച്ചു.
മെഗൻസ്ലോ ഡാറ്റാബേസിൽ നിന്നാണ് വിവരം കണ്ടെത്തിയത്
പോലീസിന്റെ റിപ്പോർട്ട് പ്രകാരം, കാലിഫോർണിയയിലെ “Megan’s Law” ഡാറ്റാബേസിൽ നിന്നാണ് വരുണ്‍ സുരേഷ് ഡേവിഡ് ബ്രിമ്മറിനെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ചത്. ലൈംഗിക കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ടവരുടെ പേരുകളും വിലാസങ്ങളും പൊതുജനങ്ങളുടെ സുരക്ഷയ്ക്കായി പ്രസിദ്ധീകരിച്ചിരിക്കുന്ന ഓൺലൈൻ രജിസ്ട്രിയാണ് മെഗൻസ്ലോ.
വ്യാജ ‘അക്കൗണ്ടന്റ്’ ആയി വീട്ടിലെത്തിയ പ്രതി
സംഭവദിവസം വരുണ്‍ സുരേഷ് പബ്ലിക് അക്കൗണ്ടന്റ് എന്ന വ്യാജേന ഡേവിഡിന്റെ വീട്ടിലെത്തി. വാതിൽ തുറന്ന ഉടനെ തന്നെ ഇയാളാണ് താൻ അന്വേഷിച്ചിരുന്ന കുറ്റവാളിയെന്ന് വരുണ്‍ തിരിച്ചറിഞ്ഞു. കൈകൊണ്ട് ഹസ്തദാനം നൽകിയതിന് പിന്നാലെ, കൈയിൽ കരുതിയിരുന്ന കത്തികൊണ്ട് ഡേവിഡിനെ ആക്രമിച്ചു.
ആദ്യ ആക്രമണത്തിന് ശേഷം ഡേവിഡ് ബ്രിമ്മർ രക്ഷപ്പെടാൻ ശ്രമിച്ചു. വഴിയിലൂടെ കടന്നുപോകുന്ന വാഹനങ്ങളെ തടഞ്ഞ് സഹായം തേടിയെങ്കിലും ആരും നിർത്തിയില്ല.
തുടർന്ന് അയൽവീട്ടിലെ ഗാരേജിലേക്കും അവിടെ നിന്ന് അടുക്കളയിലേക്കും അദ്ദേഹം ഓടി. എന്നാൽ വരുണ്‍ സുരേഷ് പിന്തുടർന്ന് എത്തി, പലതവണ കുത്തുകയായിരുന്നു. “നീ പശ്ചാത്തപിക്കണം” എന്ന് പറഞ്ഞാണ് പ്രതി ഡേവിഡിനെ കുത്തിക്കൊന്നതെന്നും പോലീസ് പറഞ്ഞു.
കൊല്ലുന്നത് രസകരമായിരുന്നു – പ്രതിയുടെ ഞെട്ടിക്കുന്ന മൊഴി
സംഭവത്തിനു ശേഷം പ്രതി പോലീസിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചില്ല. “പോലീസ് വന്നില്ലെങ്കിൽ ഞാൻ തന്നെ വിളിച്ച് വരുത്തുമായിരുന്നു. അയാൾ ഒരു പീഡോഫൈലാണ്, എല്ലാവരും ഇത്തരം ആളുകളെ വെറുക്കുന്നു” എന്നായിരുന്നു വരുണ്‍ സുരേഷിന്റെ മൊഴി. “കൊല്ലുന്നത് രസകരമായ അനുഭവമായിരുന്നു” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുൻപ് പിടിയിലായിരുന്ന കേസുകൾ
ഇതിനിടെ, 2021-ൽ വ്യാജ ബോംബ് ഭീഷണി കേസിലും കവർച്ചാ കേസിലും വരുണ്‍ സുരേഷ് അറസ്റ്റിലായിരുന്നുവെന്ന് റിപ്പോർട്ടുകൾ പറയുന്നു.
അതേസമയം, ഡേവിഡ് ബ്രിമ്മറിനെതിരായ ആക്രമണം അമേരിക്കയിലെ ലൈംഗിക കുറ്റവാളികളെയും പൊതുസുരക്ഷയെയും ചൊല്ലിയുള്ള വിവാദങ്ങൾ വീണ്ടും ശക്തമാക്കുകയാണ്.









