ട്വന്റി20 ലോകകപ്പിൽ ഇന്ത്യയ്ക്കെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് 177 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 176 റൺസെടുത്തു.
രോഹിത് ശർമയുടേതുൾപ്പെടെ മൂന്നു മുൻ നിര വിക്കറ്റുകൾ നഷ്ടമായെങ്കിലും വിരാട് കോലി നടത്തിയ രക്ഷാപ്രവർത്തനമാണ് ഇന്ത്യയെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്.ടൂര്‍ണമെന്റിലിന്നുവരെ നിരാശപ്പെടുത്തിയ കോലി കലാശപ്പോരില്‍ ക്ലാസ് ഇന്നിങ്‌സുമായി നിറഞ്ഞുനിന്നു.
ഒരു ഘട്ടത്തില്‍ തകര്‍ന്നടിഞ്ഞ ഇന്ത്യയെ കോലിയും അക്ഷറും ചേര്‍ന്നാണ് കരകയറ്റിയത്. മൂന്നാം വിക്കറ്റില്‍ 72 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് പടുത്തുയര്‍ത്തിയത്. ടൂര്‍ണമെന്റിലുടനീളം നിരാശപ്പെടുത്തിയ കോലി ക്ലാസ് ഇന്നിങ്‌സുമായി ബാര്‍ബഡോസില്‍ നിറഞ്ഞുനിന്നു. അര്‍ധസെഞ്ചുറി തികച്ച കോലിയും അര്‍ധസെഞ്ചുറിയ്ക്കരികെ വീണുപോയ അക്ഷറുമാണ് നീലപ്പടയ്ക്ക് തുണയായത്.
തുടക്കത്തിൽ തന്നെ നായകൻ രോഹിത് ശർമ, വിക്കറ്റ്കീപ്പർ ബാറ്റർ ഋഷഭ് പന്ത്, സൂര്യകുമാർ യാദവ് എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. അഞ്ചു പന്തിൽ ഒമ്പതു റൺസെടുത്താണ് രോഹിത്ത് പുറത്തായത്. പന്ത് റണ്ണൊന്നും എടുക്കാതെയും സൂര്യകുമാർ മൂന്നു റൺസുമായും മടങ്ങി. നേരത്തെ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.
മാർകോ ജാൻസൻ എറിഞ്ഞ ആദ്യ ഓവറിലെ രണ്ടും മൂന്നും പന്തുകൾ ബൗണ്ടറി കടത്തിയാണ് കോഹ്ലി തുടങ്ങിയത്. ആ ഓവറിൽ 15 റൺസാണ് ഇന്ത്യ അടിച്ചെടുത്തത്. എന്നാൽ, രണ്ടാം ഓവറിൽ സ്പിന്നർ മഹാരാജിനെ കൊണ്ടുവന്ന പ്രോട്ടീസ് നായകൻ മാർക്രത്തിന്‍റെ തീരുമാനം തെറ്റിയില്ല.
ആദ്യ രണ്ടു പന്തുകൾ അതിർത്തി കടത്തിയെങ്കിലും നാലാം പന്തിൽ രോഹിത്തിന് അടിതെറ്റി. സ്ക്വയർ ലെഗിലേക്കു പോയ പന്ത് ഹെൻറിച് ക്ലാസൻ കൈയിലൊതുക്കി. വന്നപോലെ പന്തും മടങ്ങി.
ആറാം പന്ത് ഋഷഭിന്‍റെ ബാറ്റിൽ തട്ടി ഉയർന്നപ്പോൾ വിക്കറ്റ് കീപ്പർ ക്വിന്‍റൻ ഡികോക്ക് പിടിച്ചെടുത്തു. സൂര്യകുമാറിനും നിലയുറപ്പിക്കാനായില്ല.
കഗിസോ റബാദയെറിഞ്ഞ അഞ്ചാം ഓവറിലെ മൂന്നാം പന്ത് ബൗണ്ടറി കടത്താൻ ശ്രമിച്ച സൂര്യയെ ബൗണ്ടറി ലൈനിനു സമീപത്തുനിന്ന് ഹെൻറിച് ക്ലാസൻ പിടിച്ചെടുത്തു.
ബ്രിഡ്ജ്ടൗണിലെ കെൻസിങ്ടൗൺ ഓവലിലാണ് മത്സരം. രണ്ടാം ട്വന്‍റി20 ലോകകപ്പ് കിരീടമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്, പ്രോട്ടീസ് കന്നി കിരീടവും.
ഐ.സി.സി ടൂർണമെന്‍റ് ഫൈനലിൽ ഇന്ത്യയും ദക്ഷിണാഫ്രിക്കയും നേർക്കുനേർ വരുന്നത് ആദ്യമായാണ്.
2014 ട്വന്‍റി20 ലോകകപ്പ് സെമിഫൈനലിൽ ഇരു ടീമുകളും നേർക്കുനേർ വന്നപ്പോൾ ജയം ഇന്ത്യക്കൊപ്പമായിരുന്നു. ദക്ഷിണാഫ്രിക്ക ഐ.സി.സി ലോകകപ്പ് ഫൈനൽ കളിക്കുന്നത് ആദ്യമാണ്.
ടീം ഇന്ത്യ: രോഹിത് ശർമ (ക്യാപ്റ്റൻ), വിരാട് കോഹ്ലി, ഋഷഭ് പന്ത്, സൂര്യകുമാർ യാദവ്, ശിവം ദുബെ, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജദേജ, അക്സർ പട്ടേൽ, കുൽദീപ് യാദവ്, ജസ്പ്രീത് ബുംറ, അർഷ്ദീപ് സിങ്.
ടീം ദക്ഷിണാഫ്രിക്ക: എയ്ഡൻ മാർക്രം (ക്യാപ്റ്റൻ), ക്വിന്‍റൻ ഡികോക്ക്, റീസ ഹെൻറിക്സ്, ട്രിസ്റ്റൻ സ്റ്റബ്സ്, ഹെൻറിച് ക്ലാസൻ, ഡേവിഡ് മില്ലർ, മാർകോ ജാന്‍സൻ, കേശവ് മഹാരാജ്, കഗിസോ റബാദ, ആൻറിച് നോർച്യ, ടബ്രീസ് ഷംസി.