ഇന്ത്യയും ഇംഗ്ലണ്ടും നേർക്കുനേർ വരുന്നത് തുടർച്ചയായ മൂന്നാം സെമിഫൈനലിൽ; ജയിക്കുന്നവർ ടി20 കിരീടം ചൂടുമെന്ന ചരിത്രം ആവർത്തിക്കുമോ?
ഐസിസി ടി20 ലോകകപ്പ് 2026-ന്റെ രണ്ടാം സെമി ഫൈനലിൽ നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യയും രണ്ട് തവണ ജേതാക്കളായ ഇംഗ്ലണ്ടും നേർക്കുനേർ.
മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തിൽ വ്യാഴാഴ്ച അരങ്ങേറുന്ന പോരാട്ടം വെറും സെമി മാത്രമല്ല—കിരീടത്തിലേക്കുള്ള വഴിയെ നിർണയിക്കുന്ന ചരിത്രമത്സരമാണ്.
കുട്ടി ക്രിക്കറ്റിലെ രണ്ട് ശക്തികളായ ഇന്ത്യയും ഇംഗ്ലണ്ടും വീണ്ടും ലോകകപ്പ് സെമി വേദിയിൽ ഏറ്റുമുട്ടുന്നു. തുടർച്ചയായ രണ്ടാം ടി20 ലോകകപ്പിലാണ് ഇരുടീമുകളും സെമിയിൽ നേർക്കുനേർ വരുന്നത് എന്ന പ്രത്യേകതയും ഈ മത്സരത്തിനുണ്ട്.
കഴിഞ്ഞ രണ്ട് ലോകകപ്പുകളിലെ സെമിയിൽ വിജയിച്ച ടീമാണ് പിന്നീട് കിരീടം സ്വന്തമാക്കിയതെന്നത് ആരാധകരുടെ ആവേശം ഇരട്ടിയാക്കുന്നു.
2022: വേദനാജനക തോൽവി
ഓസ്‌ട്രേലിയയിൽ നടന്ന 2022 ടി20 ലോകകപ്പ് സെമിയിൽ ടോസ് നേടിയ ഇംഗ്ലണ്ട് ബൗളിംഗ് തെരഞ്ഞെടുത്തു. 20 ഓവറിൽ 168/6 എന്ന സ്‌കോറിലേക്കാണ് ഇന്ത്യയെ ഒതുക്കിയത്.
വിരാട് കോഹ്‌ലിയുടെ അർദ്ധ സെഞ്ചുറിയും ഹാർദിക് പാണ്ഡ്യയുടെ 33 പന്തിൽ 63 റൺസും ഇന്ത്യയെ പോരാട്ടയോഗ്യമായ നിലയിലേക്ക് എത്തിച്ചെങ്കിലും, മറുപടിയിൽ അലക്സ് ഹെയ്ൽസും ജോസ് ബട്ട്‌ലറും ഒരുവിക്കറ്റ് പോലും നഷ്ടപ്പെടുത്താതെ നാല് ഓവർ ബാക്കി നിൽക്കെ ലക്ഷ്യം മറികടന്നു.
ടി20യിൽ ഇന്ത്യ അനുഭവിച്ച ഏറ്റവും വേദനാജനകമായ തോൽവികളിലൊന്നായിരുന്നു അത്.
2024: കണക്കുതീർത്ത ഇന്ത്യ
ഗയാനയിൽ നടന്ന 2024 സെമിയിൽ ഇന്ത്യ തിരിച്ചടിച്ചു. ബാറ്റിംഗിന് അനുകൂലമല്ലാത്ത പിച്ചിൽ 171 റൺസ് നേടിയ ഇന്ത്യയ്ക്ക് വേണ്ടി ക്യാപ്റ്റൻ രോഹിത് ശർമ്മ (57), സൂര്യകുമാർ യാദവ് (47), ഹാർദിക് പാണ്ഡ്യ (13 പന്തിൽ 23) എന്നിവർ നിർണ്ണായക സംഭാവന നൽകി.
മറുപടിയിൽ ഇംഗ്ലണ്ടിനെ 16.4 ഓവറിൽ 103 റൺസിന് പുറത്താക്കി ഇന്ത്യ 68 റൺസിന്റെ തകർപ്പൻ ജയം നേടി. അക്ഷർ പട്ടേൽ, കുൽദീപ് യാദവ് എന്നിവർ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ ബുംറയും തിളങ്ങി.
തുടർന്ന് ഫൈനലിൽ ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ച് ഇന്ത്യ കിരീടം സ്വന്തമാക്കി.
വാംഖഡെയിലെ കണക്ക്
വാംഖഡെ സ്റ്റേഡിയത്തിൽ ഇംഗ്ലണ്ട് ആറ് ടി20 മത്സരങ്ങളിൽ മൂന്ന് ജയം നേടിയിട്ടുണ്ട്. ഇന്ത്യ ഏഴ് മത്സരങ്ങളിൽ അഞ്ചിലും വിജയം കണ്ടു. 2017ന് ശേഷം ഈ വേദിയിൽ ഇന്ത്യ തോൽവി അറിഞ്ഞിട്ടില്ല.
മുംബൈയിൽ ഇന്ത്യയുടെ ടി20 പരാജയങ്ങൾ 2012-ൽ ഇംഗ്ലണ്ടിനോടും 2016-ൽ വെസ്റ്റ് ഇൻഡീസിനോടുമാണ്.
ലോകകപ്പ് ചരിത്രം
ടി20 ലോകകപ്പിൽ അഞ്ചുതവണയാണ് ഇന്ത്യയും ഇംഗ്ലണ്ടും നേർക്കുനേർ വന്നത്. ഇന്ത്യയ്ക്ക് മൂന്ന് ജയം, ഇംഗ്ലണ്ടിന് രണ്ട്.
2007-ലെ ഉദ്ഘാടന ടൂർണമെന്റിൽ യുവരാജ് സിംഗ് സ്റ്റുവർട്ട് ബ്രോഡിനെതിരെ ഒരോവറിലെ ആറു സിക്‌സുകൾ പറത്തിയ നിമിഷം ഇന്നും ആരാധകരുടെ ഓർമ്മയിൽ തെളിഞ്ഞുനിൽക്കുന്നു.
സെമി ഫൈനൽ ഘട്ടത്തിൽ ഇരുടീമുകളും ഓരോ ജയം വീതം പങ്കിട്ടിട്ടുണ്ടെങ്കിലും, ആ രണ്ട് തവണയും വിജയിച്ച ടീമാണ് കിരീടം ചൂടിയത് എന്നതാണ് ഏറ്റവും ശ്രദ്ധേയമായ വസ്തുത.
അതിനാൽ വ്യാഴാഴ്ച വാംഖഡെയിൽ ജയിക്കുന്നവർ കിരീടത്തിലേക്കുള്ള വലിയ ചുവടുവയ്‌പ് നടത്തുമെന്ന് ക്രിക്കറ്റ് ലോകം വിലയിരുത്തുന്നു.
ENGLISH SUMMARY
India and England will clash in the second semi-final of the ICC T20 World Cup 2026 at Mumbai’s Wankhede Stadium. The two teams have shared one win each in previous T20 World Cup semi-finals, and notably, the winner on both occasions went on to lift the trophy. With history, venue advantage, and recent rivalry adding spice, the contest promises to be a high-voltage encounter.









