നോര്‍ത്ത്‌സൗണ്ട്: ടി20 ലോകകപ്പിലെ സൂപ്പര്‍ എട്ട് പോരാട്ടത്തില്‍ ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെതിരേ. അഫ്ഗാനിസ്ഥാനെ തകര്‍ത്ത ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഇറങ്ങുന്നത്.India vs Bangladesh today in Super Eight match of T20 World Cup
മറുവശത്ത് ഓസ്‌ട്രേലിയയോട് തോറ്റ ക്ഷീണത്തിലാണ് ബംഗ്ലാദേശ് വരുന്നത്. ഇന്ത്യ തോല്‍വി അറിയാതെയാണ് മുന്നേറുന്നത്. എന്നാല്‍ ചില പ്രശ്‌നങ്ങള്‍ ഇന്ത്യയെ ആശങ്കപ്പെടുത്തുന്നുണ്ട്.
അതിലൊന്ന് ഓപ്പണര്‍മാരുടെ മോശം പ്രകടനമാണ്. വിരാട് കോലിയെ ഇന്ത്യ ഓപ്പണിങ്ങിലേക്ക് പരിഗണിച്ചതോടെ ഓപ്പണിങ് കൂട്ടുകെട്ട് തകര്‍ന്നു.സൂപ്പർ ഏട്ടിലെ ആദ്യ മത്സരത്തിൽ ഓസീസിനോട് തോറ്റ ബംഗ്ലാദേശിന് വിജയം അനിവാര്യമാണ്. ബംഗ്ലാദേശുമായി അവസാനം ഏറ്റുമുട്ടിയ അഞ്ച് ടി-20 മത്സരങ്ങളിൽ നാലെണ്ണത്തിലും ഇന്ത്യക്കായിരുന്നു ജയം.
സൂപ്പർ എട്ടിൽ തങ്ങളുടെ ആദ്യ മത്സരത്തിൽ അഫ്ഗാനിസ്താനെ 47 റൺസിന് തോൽപ്പിച്ച ആത്മവിശ്വാസവുമായിട്ടാണ് ഇന്ത്യ ഇറങ്ങുന്നത്. സൂര്യകുമാർയാദവ്(53), ഹാർദിക് പാണ്ഡ്യ(32)യും ബാറ്റിങ്ങിൽ തിളങ്ങിയപ്പോഴും കോഹ്‌ലി, രോഹിത് അടക്കമുള്ള മറ്റ് ബാറ്റിങ് മുന്നേറ്റ നിര ഇത് വരെ ഫോമിലേക്ക് എത്താത്തത് ആശങ്കയുണ്ട്.
അതെ സമയം ജസ്‌പ്രീത് ബുംറയുടെ നേതൃത്വത്തിൽ പേസും കുൽദീപ് യാദവിന്റെ നേതൃത്വത്തില്‍ സ്പിൻ ബൗളിങ് നിരയും മികച്ച പ്രകടനം തുടരുന്നത് ടീമിന് ആത്‌മവിശ്വാസം നൽകുന്നു.
നല്ല സ്കോർ പിറക്കുന്ന പിച്ചാണ് ആന്റിഗ്വയിലേത്. യുഎസിനെതിരേ ദക്ഷിണാഫ്രിക്ക 194 റൺസെടുത്തത് ഇവിടെയാണ്. യുഎസും 176 റൺസടിച്ചു. ബംഗ്ലാദേശിനെതിരേ ഓസ്‌ട്രേലിയ മികച്ച രീതിയിൽ ബാറ്റ് ചെയ്യുമ്പോഴാണ് മഴയെത്തിയത്.
എന്നാൽ, ശനിയാഴ്ച മഴ തടസ്സമാകില്ലെന്നാണ് കാലാവസ്ഥാ റിപ്പോർട്ട്. പിച്ചിൽ സ്പിന്നിന് ആനുകൂല്യം കൂടുതൽ ലഭിക്കാനും സാധ്യതയുണ്ട്. ഫോമിലല്ലാത്ത ശിവം ദുബെയെ മാറ്റി സഞ്ജു സാംസണെ ഇറക്കാനും സാധ്യതയുണ്ട്.
മത്സരത്തിന് മുമ്പുള്ള പരിശീലന സെഷനുകളിലും പതിവിന് വിപരീതമായി സഞ്ജു മണിക്കൂറുകളോളം പ്രാക്ടീസ് നടത്തിയിരുന്നു. ശിവം ദുബെയെ പന്തെറിയിപ്പിക്കാത്ത സാഹചര്യത്തിൽ സഞ്ജുവിനെ ഇറക്കി ബാറ്റിങ് ഓർഡറിലെ മുൻനിരയിലെ ഫോമില്ലായ്മ മറികടക്കുക എന്നതാവും ടീം പ്ലാൻ.
ബംഗ്ലാദേശിന്റെ ബാറ്റിങ് നിരയും ബൗളിങ് നിരയും ഒരുപോലെ നിരാശപ്പെടുത്തുന്നു. ഷക്കീബ് അല്‍ ഹസന്‍, ലിറ്റന്‍ ദാസ് തുടങ്ങി ശക്തരായ താരനിര ബംഗ്ലാദേശിനുണ്ട്. ഇവര്‍ക്ക് ഇന്ത്യയെ ഞെട്ടിക്കാന്‍ സാധിക്കുമോയെന്നത് കണ്ടറിയാം. എന്തായാലും ഇന്ത്യ വമ്പന്‍ ജയം ലക്ഷ്യമിട്ടാവും ഇറങ്ങുകയെന്ന കാര്യം ഉറപ്പാണ്.