ഏകദിന ലോകകപ്പ് സെമി ഫൈനൽ ആവേശത്തിലേക്ക് കടക്കുമ്പോൾ ഇന്ത്യ ഇക്കുറി കിരീടം നേടുമെന്ന പൂർണ ആത്മ വിശ്വാസത്തിലാണ്. കഴിഞ്ഞ രണ്ടു ലോകകപ്പിൽ സെമി ഫൈനലിലാണ് ഇന്ത്യയ്ക്ക് അടിപതറിയത്. എന്നാൽ ഇക്കുറി ടീം നേരിടുന്ന പ്രശ്നങ്ങളെയെല്ലാം അതിജീവിച്ചുകൊണ്ട് അപരാജിത കുതിപ്പ് തുടരുമ്പോൾ ആരാധകരുടെ പ്രതീക്ഷകളും വാനോളമാണ്. അതിനിടെ, കഴിഞ്ഞ രണ്ടു ലോകകപ്പിലും കൈവിട്ട കപ്പ് ഇത്തവണ നേടുമെന്ന് പറഞ്ഞിരിക്കുകയാണ് മുൻ സ്റ്റാർ ഓപ്പണറും 2011 ലെ അവസാന ലോക ചാമ്പ്യൻ ടീം അംഗവുമായ ഗൗതം ഗംഭീർ.
ഈ ലോകകപ്പില്‍ 2015, 2019 എഡിഷനുകളിലെ ലോകകപ്പുകളേക്കാള്‍ കൂടുതലാണ് ഇന്ത്യയുടെ കിരീടസാധ്യത. ക്യാപ്റ്റനായ രോഹിത് ശര്‍മയുടെ പ്രകൃതം പോലെ തന്നെ ഇപ്പോഴത്തെ ടീം കളിക്കുന്നുവെന്നതാണ് ഇതിന്റെ കാരണം. അവര്‍ ക്യാപ്റ്റനിലേക്കാണ് നോക്കുന്നത്. ദീര്‍ഘനേരം ബാറ്റ് ചെയ്യുന്നതിനെക്കുറിച്ച് ആലോചിച്ചിരുന്നെങ്കില്‍ ഈ ലോകകപ്പില്‍ രോഹിത്തിനു അനായാസം മൂന്ന്, നാലു സെഞ്ച്വറികളെങ്കിലും നേടാന്‍ സാധിക്കുമായിരുന്നുവെന്നും ഗംഭീര്‍ നിരീക്ഷിച്ചു. നിലവിലെ ഇന്ത്യന്‍ ടീം ഈ ലോകകപ്പില്‍ ഉജ്ജ്വലമായിട്ടാണ് കളിച്ചുകൊണ്ടിരിക്കുന്നതെന്നും അതുകൊണ്ടു തന്നെ കിരീടം നേടാനായില്ലെങ്കില്‍ അതു വലിയ അസ്വസ്ഥതയായി മാറുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
2015ലെ ലോകകപ്പിന്റെ സെമിയില്‍ ഓസ്‌ട്രേലിയയോടും കഴിഞ്ഞ തവണ ന്യൂസിലാന്‍ഡിനോടുമാണ് ഇന്ത്യ പരാജയപ്പെട്ടത്. ഇത്തവണ ഇന്ത്യ വീണ്ടും സെമിയില്‍ കിവികളുമായി ഏറ്റുമുട്ടുകയാണ്. 15നു മുംബൈയിലെ വാംഖഡെയിലാണ് സെമി ഫൈനൽ പോരാട്ടം. ദക്ഷിണാഫ്രിക്കയും ഓസ്ട്രേലിയയും തമ്മിലാണ് രണ്ടാം സെമി.
അഞ്ചു തവണ ചാംപ്യന്‍മാരായ ഓസ്‌ട്രേലിയയെ ആറു വിക്കറ്റിനു തകർത്താണ് രോഹിത്തും സംഘവും കുതിപ്പ് തുടങ്ങിയത്. രണ്ടാമത്തെ കളിയില്‍ അഫ്ഗാനിസ്താനെ എട്ടു വിക്കറ്റിനു പറത്തിയ ഇന്ത്യ, മൂന്നാം റൗണ്ടില്‍ ചിരവൈരികളായ പാകിസ്താനെയും അടിച്ചോടിച്ചു. അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ ഏഴു വിക്കറ്റിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.
നാലാം റൗണ്ടില്‍ ബംഗ്ലാദശിനെയും അഞ്ചാം റൗണ്ടിൽ ന്യൂസിലാന്‍ഡിനെയും തോൽപിച്ചു. ആറാം റൗണ്ടില്‍ നിലവിലെ ചാംപ്യന്‍മാരായ ഇംഗ്ലണ്ടിനെ 100 റണ്‍സിനു ഇന്ത്യ പരാജയപ്പെടുത്തി. ഇതിനു ശേഷം രണ്ടു വമ്പന്‍ ജയങ്ങളാണ് ഇന്ത്യ കൈക്കലാക്കിയത്. ശ്രീലങ്കയെ 302 റണ്‍സിനു നാണംകെടുത്തിയ ഇന്ത്യ കരുത്തരായ ദക്ഷിണാഫ്രിക്കയെ 243 റണ്‍സിനും മുട്ടുകുത്തിക്കുകയായിരുന്നു. അപരാജിത കുതിപ്പ് തുടരുന്ന ഇന്ത്യയ്ക്ക് ലീഗ് ഘട്ട അവസാന മത്സരം ഇന്ന് നെതര്‍ലാന്‍ഡ്‌സിനെതിരെയാണ്.
Read Also: ഈ പഴംപൊരി പൊളിക്കും ; ഇങ്ങനെ ഒന്ന് ട്രൈ ചെയ്തുനോക്കു