വിശാഖപട്ടണം: ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് ആരംഭിക്കാനിരിക്കെ ഇംഗ്ലണ്ടിന് കനത്ത തിരിച്ചടി. ആദ്യ ടെസ്റ്റിനിടെ കാല്‍മുട്ടിന് പരിക്കേറ്റ സ്പിന്നര്‍ ജാക് ലീച്ച് രണ്ടാം ടെസ്റ്റില്‍ കളിക്കില്ല. ജാക് ലീച്ച് കളിക്കില്ലെന്ന് ഉറപ്പായതോടെ നാലു സ്പിന്നര്‍മാരുമായി വിശാഖപട്ടണം ടെസ്റ്റിലിറങ്ങാമെന്ന ഇംഗ്ലണ്ടിന്റെ മോഹം പൊലിഞ്ഞു.
ഹൈദരാബാദില്‍ നടന്ന ആദ്യ ടെസ്റ്റിനിടെയാണ് ലീച്ചിന്‍റെ ഇടതു കാല്‍മുട്ടില്‍ പരിക്കേറ്റത്. ലീച്ചിന്‍റെ പരിക്ക് ഗുരുതരമാകില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മൂന്നാം ടെസ്റ്റില്‍ അദ്ദേഹത്തിന് തിരിച്ചുവരാനാകുമെന്നാണ് കരുതുന്നതെന്നും ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്റ്റോക്സ് അറിയിച്ചു. ഹൈദരാബാദില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഇന്ത്യയുടെ ആദ്യ ഇന്നിംഗ്സില്‍ ലീച്ച് 26 ഓവറുകള്‍ എറിഞ്ഞിരുന്നെങ്കിലും രണ്ടാം ഇന്നിംഗ്സില്‍ പരിക്ക് മൂലം കൂടുതല്‍ ഓവറുകള്‍ ബൗള്‍ ചെയ്യാനായില്ല. വിശാഖപട്ടണത്ത് ലീച്ചിന് പകരം ഷൊയ്ബ് ബാഷിര്‍ ഇംഗ്ലണ്ടിന്‍റെ പ്ലേയിംഗ് ഇലവനില്‍ കളിച്ചേക്കും.
അതേസമയം ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിലേറ്റ പരാജയത്തിന്റെ ക്ഷീണത്തിലാണ് ടീം ഇന്ത്യ രണ്ടാം മത്സരത്തിനിറങ്ങുന്നത്. അഞ്ചുമത്സര പരമ്പരയിൽ ഇംഗ്ലണ്ടിനോടൊപ്പമെത്താൻ രണ്ടാം മത്സരത്തിൽ ഇന്ത്യയ്ക്ക് ജയിച്ചേ മതിയാകൂ. രോഹിത് ശർമയുടെ നേതൃത്വത്തിലിറങ്ങുന്ന ടീമിൽ ഇത്തവണ മാറ്റങ്ങളുണ്ടാകുമെന്നത് ഉറപ്പാണ്. കെ.എൽ.രാഹുലും രവീന്ദ്ര ജഡേജയും ഇല്ലാതെ ഇറങ്ങുന്ന ടീമിൽ പുതുമുഖ താരങ്ങളുടെ അരങ്ങേറ്റം നടന്നേക്കും.
Read Also:ഐസിസി ട്വന്റി 20 റാങ്കിംഗ്; ഇന്ത്യയുടെ ദീപ്തി ശർമ്മ രണ്ടാമത്, ഒപ്പം മറ്റൊരു ബഹുമതിയും