മൊഹാലി: ഇന്ത്യ- അഫ്ഗാനിസ്താൻ ടി 20 പരമ്പരയിലെ ആദ്യ മത്സരം ഇന്ന് വൈകിട്ട് 7 മുതൽ ആരംഭിക്കും. ഒരിടവേളയ്ക്ക് ശേഷം ടി 20 യിലേക്ക് തിരിച്ചെത്തിയ നായകൻ രോഹിത് ശർമയും യശസ്വി ജയ്സ്വാളും ചേർന്ന് ബാറ്റിംഗ് ഓപ്പൺ ചെയ്യും. ഇന്ത്യൻ പരിശീലകൻ രാഹുൽ ദ്രാവിഡാണ് ഓപ്പണിങ്ങിനെക്കുറിച്ച് സൂചന നൽകിയത്. അതേസമയം വ്യക്തിപരമായ കാരണങ്ങളാൽ സൂപ്പർ താരം വിരാട് കോലി ഇന്നത്തെ മത്സരത്തിനിറങ്ങില്ലെന്നും ദ്രാവിഡ് അറിയിച്ചു. ലോകകപ്പിനിടെ പരുക്കേറ്റ് ശസ്ത്രക്രിയയ്ക്കു വിധേയനായ അഫ്ഗാനിസ്താൻ സൂപ്പർ സ്പിന്നർ റാഷിദ് ഖാനും പരമ്പരയിൽ കളിക്കില്ല.
രോഹിതിന്റെ മടങ്ങി വരവ് തന്നെയാണ് ഇന്ത്യൻ ടീമിനെയും ആരാധകരെയും ആവേശത്തിലാഴ്ത്തുന്നത്. ജൂണിലെ ട്വന്റി20 ലോകകപ്പിനു മുൻപുള്ള ഇന്ത്യയുടെ അവസാന പരമ്പരയിലാണ് രോഹിത് ശർമ ടീമിന്റെ നേതൃനിരയിലേക്കു തിരിച്ചെത്തിയത്. ആദ്യ മത്സരത്തിൽ നിന്നു വിട്ടുനിൽക്കുന്ന കോലി പരമ്പരയിലെ തുടർന്നുള്ള 2 മത്സരങ്ങളും കളിക്കും. 2022ലെ ട്വന്റി20 ലോകകപ്പ് സെമിഫൈനലിലാണ് രോഹിത്തും കോലിയും അവസാനമായി ഇന്ത്യയ്ക്കായി ട്വന്റി20 മത്സരം കളിച്ചത്.
ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ തിളങ്ങാൻ കഴിയാതെ പോയ ശുഭ്മൻ ഗില്ലിനും തിലക് വർമയ്ക്കും അഫ്ഗാനിസ്ഥാനെതിരായ മത്സരങ്ങൾ നിർണായകമാണ്. പരുക്കേറ്റ സൂര്യകുമാർ യാദവിന്റെയും ഹാർദിക് പാണ്ഡ്യയുടെയും അഭാവത്തിൽ മധ്യനിര ബാറ്റിങ്ങിൽ ഇന്ത്യയ്ക്കു റിങ്കു സിങ്ങിനെ കൂടുതൽ ആശ്രയിക്കേണ്ടിവരും. വിക്കറ്റ് കീപ്പറായി ആദ്യ പരിഗണന ജിതേഷ് ശർമയ്ക്കാണെങ്കിലും സഞ്ജു സാംസണും അവസരം ലഭിച്ചേക്കും. പേസ് ബോളിങ് ഓൾറൗണ്ടറായി ടീമിലിടം നേടിയ ശിവം ദുബെയാണ് ഇന്ത്യയുടെ മറ്റൊരു തുറുപ്പു ചീട്ട്. സ്പിൻ ബോളിങ്ങിൽ കുൽദീപ് യാദവിനൊപ്പം ടീമിലിടം നേടാൻ മത്സരിക്കുന്നത് രവി ബിഷ്ണോയ്, അക്‌ഷർ പട്ടേൽ, വാഷിങ്ടൻ സുന്ദർ എന്നിവരാണ്.
Read Also: കളത്തിൽ കോലിയും രോഹിത്തും; അഫ്ഗാനിസ്താനെതിരായ ടി20 പോരാട്ടത്തിന് നാളെ തുടക്കം