ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോ എന്നെഴുതിയ കവി ബിജെപിയിൽ ചേർന്നോ
കൊല്ലം: ബിജെപിയിൽ ചേർന്നെന്ന പ്രചാരണം തള്ളി കവി ഇഞ്ചക്കാട് ബാലചന്ദ്രൻ. താൻ ഒരു രാഷ്ട്രീയ പാർട്ടിയിലും അംഗമല്ലെന്നും, സ്വതന്ത്ര ചിന്തകനായ കവിയായി തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
രാഷ്ട്രീയമായി ഏറെക്കാലമായി സ്വതന്ത്രനാണെന്നും, തന്റെ നിലപാടുകളിൽ മാറ്റമില്ലെന്നും കവി പറഞ്ഞു.
പരിസ്ഥിതി പ്രമേയത്തിൽ എഴുതപ്പെട്ട പ്രശസ്ത വരികളായ “ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോ” എന്ന കവിതയിലൂടെ ശ്രദ്ധേയനായ ഇഞ്ചക്കാട് ബാലചന്ദ്രൻ ബിജെപിയിൽ ചേർന്നെന്നായിരുന്നു കഴിഞ്ഞ ദിവസങ്ങളിലെ പ്രചാരണം.
ഇതോടെയാണ് അദ്ദേഹം പൊതുവേദിയിൽ നിലപാട് വ്യക്തമാക്കിയത്.
പാർട്ടിപ്രവർത്തനങ്ങളോടോ രാഷ്ട്രീയ ചട്ടക്കൂടുകളോടോ ചേർന്ന് പ്രവർത്തിക്കുന്ന വ്യക്തിയല്ല താനെന്നും, നല്ല കാര്യങ്ങളോട് മാത്രം പിന്തുണ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കലാ-സാംസ്കാരിക പ്രവർത്തനങ്ങളോടാണ് തനിക്ക് അടുപ്പമെന്നും കഴിഞ്ഞ മാസം സംസ്കാര സാഹിതിയുടെ ഭാഗമായത് അത്തരം പ്രവർത്തനങ്ങളുടെ പേരിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സിനിമാ നിർമ്മാതാവ് സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ ബിജെപിയുടെ സാംസ്കാരിക വിഭാഗം രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലാ പ്രസിഡന്റ് രാജി ക്ഷണിച്ചിരുന്നു
എന്നും, “വരാം” എന്ന് പറഞ്ഞെങ്കിലും ഒരു രാഷ്ട്രീയ പദവിയും ആഗ്രഹിക്കില്ലെന്ന് അന്നുതന്നെ വ്യക്തമാക്കിയിരുന്നതായും കവി പറഞ്ഞു.
എന്നാൽ ചാനലുകളിലൂടെയാണ് താൻ ബിജെപിയിൽ ചേർന്നുവെന്ന വാർത്ത അറിഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി.
72-ാം വയസ്സിൽ യാതൊരു വിവാദങ്ങളിലും ഇടപെടാൻ താൽപ്പര്യമില്ലെന്നും, രാഷ്ട്രീയത്തിനും വ്യക്തികൾക്കും അപ്പുറം മാനവികതയ്ക്കാണ് പ്രാധാന്യമെന്നും അദ്ദേഹം പറഞ്ഞു.
എം.എ. ബേബി, ചിറ്റയം ഗോപകുമാർ, സി.ആർ. മഹേഷ്, പി.കെ. ഉസ്മാൻ, കോവൂർ കുഞ്ഞുമോൻ, കുമ്മനം രാജശേഖരൻ, രാജീവ് ചന്ദ്രശേഖർ തുടങ്ങിയ നേതാക്കളുമായി മാനവികവും സാംസ്കാരികവുമായ ആശയങ്ങൾ പങ്കുവച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“കക്ഷി രാഷ്ട്രീയത്തിനപ്പുറം, വെറുപ്പും പേടിയും ഇല്ലാത്ത, സ്നേഹവും അറിവും നിറഞ്ഞ ഒരു ലോകമാണ് താൻ ആഗ്രഹിക്കുന്നത്. കവിത, സിനിമ, സംഗീതം എന്നിവയുമായി ഞാൻ ഇവിടെ തുടരും” എന്നും അദ്ദേഹം പറഞ്ഞു.
English Summary
Poet Inchakkad Balachandran has denied reports claiming he joined the BJP, asserting that he is politically independent and not a member of any party.
inchakkad-balachandran-denies-bjp-membership-independent-stand









