തിരുവനന്തപുരം: തിരുവനന്തപുരത്ത് ഇരുപത്തിമൂന്നുകാരനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികളെത്തിയ കാറിന്റെ ഉടമയുടെ അച്ഛനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. അഞ്ചംഗ സംഘമെത്തിയ മാരുതി ആൾട്ടോ കാറിന്റെ ഉടമ അച്ചുവിന്റെ പിതാവ് സുരേഷിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വ്യാഴാഴ്ച രാവിലെയാണ് സംഭവം. നെയ്യാറ്റിൻകരയ്ക്കു സമീപം കൊടങ്ങാവിളയിൽ ആദിത്യൻ(23) എന്ന യുവാവിനെയാണ് വെട്ടിക്കൊലപ്പെടുത്തിയത്.
ഡ്രൈവറായ സുരേഷിനെ ഓലത്താന്നിയിലെ ജോലിസ്ഥലത്താണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ വാഹന ഉടമ അച്ചുവിന് പങ്കുണ്ടോയെന്ന് പോലീസ് പരിശോധിച്ചുവരികയാണ്.
ബുധനാഴ്ച രാത്രി എട്ടുമണിയോടെയാണ് നെയ്യാറ്റിൻകരയ്ക്കു സമീപം കൊടങ്ങാവിളയിൽ കാറിലെത്തിയ അഞ്ചംഗ സംഘം യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയത്. നെല്ലിമൂട് സ്വദേശി ജിവിനുമായുള്ള പണമിടപാട് സംബന്ധിച്ച തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ബൈക്ക് പണയപ്പെടുത്തി ജിവിനിൽനിന്ന് ആദിത്യൻ പണം വാങ്ങിയിരുന്നു. പണയപ്പെടുത്തിയ ബൈക്കിന് ഇരുപതിനായിരം രൂപയാണ് നിശ്ചയിച്ചത്. ഇതിൽ പതിനായിരം രൂപ നൽകി. ബാക്കി പണത്തിനായി ആദിത്യൻ എത്തിയപ്പോൾ ജിവിൻ ആദിത്യനെ ആക്രമിച്ചു.
ഈ സംഭവത്തിനു ശേഷം, പണമിടപാടു സംബന്ധിച്ച കാര്യം പറഞ്ഞുതീർക്കാമെന്നു പറഞ്ഞ് ആദിത്യനെ സംഘം കൊടങ്ങാവിളയിൽ വിളിച്ചുവരുത്തി. തുടർന്നാണ് കാറിലുണ്ടായിരുന്നവർ വാളുപയോഗിച്ച് ആദിത്യനെ ആക്രമിച്ചത്. പിന്നീട്, അക്രമിസംഘം കാറുപേക്ഷിച്ചു കടന്നുകളയുകയായിരുന്നെന്നാണ് പോലീസ് നൽകുന്ന വിവരം.
Read Also: വാഹന ഇൻഷ്വറൻസ് ; ഏപ്രിൽ ഒന്നുമുതൽ നിരക്ക് വർധനവോ ??