പറവൂരിലെ വീട്ടമ്മയുടെ ആത്മഹത്യ; പ്രതികളുടെ മകള്‍ കസ്റ്റഡിയിൽ
എറണാകുളം: പറവൂരിൽ വീട്ടമ്മ ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതികളുടെ മകളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഭർത്താവ് ജോലി ചെയ്യുന്ന സ്ഥലത്ത് എത്തിയാണ് യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
എന്നാൽ പൊലിസിന്റേത് തെറ്റായ നടപടിയാണെന്ന് അഭിഭാഷക പറഞ്ഞു. എന്നാൽ മജിസ്‌ട്രേറ്റിന്റെ ഉത്തരവുമായെത്തിയാണ് മകളെ പോലീസ് കസ്റ്റഡിയിലെടുത്തത്.
ഇന്ന് രാത്രി ഏഴു മണിയോടുകൂടി മഫ്തിയിലെത്തിയ പൊലീസ് സംഘം ഇവരെ കസ്റ്റഡിയിലെടുക്കാൻ എത്തിയിരുന്നെങ്കിലും പൊലീസുകാരെ അഭിഭാഷകർ തടഞ്ഞിരുന്നു. തുടർന്ന് സ്ഥലത്ത് വലിയ പ്രതിഷേധവും നടന്നു.
പിന്നാലെയാണ് കോടതി ഉത്തരവുമായെത്തി പ്രതികളുടെ മകളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പറവൂരിലെ മജിസ്‌ട്രേറ്റിന്റെടുത്തേക്കാണ് മകളുമായി പൊലീസ് സംഘം പോയതെന്നാണ് വിവരം.
ഇന്നലെ ഉച്ചയോടെയാണ് പറവൂരിൽ പലിശക്കാരുടെ ഭീഷണിയെത്തുടർന്ന് കോട്ടുവള്ളി സ്വദേശി ആശ എന്ന വീട്ടമ്മ പുഴയിൽ ചാടി ജീവനൊടുക്കിയത്. സംഭവത്തിൽ അയൽവാസിയായ റിട്ടയേർഡ് പൊലീസ് ഉദ്യോഗസ്ഥനും ഭാര്യക്കുമെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയിരുന്നു.
പ്രദീപ് കുമാറിന്റെ ഭാര്യ ബിന്ദുവാണ് ഇവർക്ക് പണം നൽകിയത്. രണ്ട് തവണകളായി 10 ലക്ഷം രൂപയാണ് ബിന്ദുവിൽ നിന്ന് ആശ വാങ്ങിയതെങ്കിലും 24 ലക്ഷത്തോളം തിരികെ നൽകിയെന്ന് വീട്ടമ്മയുടെ കുടുംബം പറയുന്നു.
പലിശ തീർന്നിട്ടും വീണ്ടും പണം ആവശ്യപ്പെട്ടപ്പോൾ ആശ മാനസികമായി തളർന്നതായി വ്യക്തമാക്കുന്നു.
പറവൂർ പൊലീസ് സ്റ്റേഷനിൽ തന്നെ ബിന്ദുവും പ്രദീപും ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും, പൊലീസിന്റെ ഭാഗത്ത് നിന്ന് ഇടപെടൽ ഉണ്ടായില്ലെന്നുമാണ് കുടുംബത്തിന്റെ ആരോപണം.
Summary: In the Paravoor housewife suicide case, police have taken the daughter of the accused into custody. The young woman was taken into custody from her husband’s workplace.