തൃശൂർ: ബൈക്ക് അപകടത്തിൽ പരുക്കേറ്റ രണ്ടു യുവാക്കളെ ആശുപത്രിയിലെത്തിച്ചതിന് കള്ളക്കേസിൽ കുരുക്കി റിമാന്റ് ചെയ്‌തെന്ന പരാതിയിൽ സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മിഷൻ. സംഭവത്തിൽ സംസ്ഥാന പൊലീസ് മേധാവി അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മിഷൻ അംഗം വി.കെ ബീനാകുമാരി. സംഭവത്തിൽ പരാതി നൽകിയതോടെ സി.പി.ഒ കെ.കെ അജുവിനെ സസ്പെന്റ് ചെയ്തു. പിന്നീട് പൊലീസുകാരുടെ സമ്മർദത്തിൽ പരാതി പിൻവലിച്ചപ്പോൾ റീനയ്ക്കെതിരെ മറ്റൊരു കേസെടുത്ത് റിമാന്റ് ചെയ്തു. സി.പി.ഒ അജുവിനെ കാറോടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചെന്നായിരുന്നു കേസ്. ഇതിൽ 35 ദിവസം കഴിഞ്ഞാണ് ജാമ്യം കിട്ടിയതെന്ന് മനുഷ്യാവകാശ കമ്മിഷൻ പറഞ്ഞു. ഒടുവിൽ തൃശൂർ പ്രിൻസിപ്പൽ അസിസ്റ്റന്റ് സെഷൻസ് കോടതി റീനയെ കുറ്റവിമുക്തയാക്കിയെന്നും കമ്മീഷൻ ചൂണ്ടിക്കാണിച്ചു.
2015ലെ തിരുവോണ നാളിലായിരുന്നു സംഭവം. ‘മൂവാറ്റുപുഴയിൽ പാതയോരത്ത് ചക്കയും ഇളനീരും വിൽക്കുന്ന റീന മത്തായിക്കാണ് ദുരനുഭവം ഉണ്ടായത്. തൃശൂരിലെ സുഹൃത്തിന്റെ ഫ്ളാറ്റിലേക്ക് കാറോടിച്ച് വരികയായിരുന്ന റീന കുരിശുമൂലയിൽ വാഹനാപകടം നടന്നതു കണ്ട് കാർ നിർത്തി. റോഡിൽ രക്തത്തിൽ കുളിച്ചു കിടന്ന റോഷിൻ, ജെറിൻ എന്നിവരെ സ്വന്തം കാറിൽ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചു. കൃത്യ സമയത്ത് എത്തിച്ചതിനാൽ യുവാക്കൾ രക്ഷപ്പെട്ടു. തുടർന്ന് കുട്ടനെല്ലൂരിലെ കൂട്ടുകാരിയുടെ ഫ്ളാറ്റിലെത്തി കാറിലെ രക്തം കഴുകുന്നതിനിടെ രണ്ടു പൊലീസുകാരെത്തി റീനയെ ഒല്ലൂർ പൊലീസ് സ്റ്റേഷനിലെത്തിച്ചു. പിറ്റേന്ന് വരെ ലോക്കപ്പിലിട്ടു.’