സംസ്ഥാനത്ത് വീണ്ടും ക്രൂരമായ റാഗിംഗ്. കണ്ണൂരിൽ പ്ലസ് വൺ വിദ്യാർഥിയെ സീനിയർ വിദ്യാർഥികൾ റാഗിങ്ങിന് ഇരയാക്കിയെന്നാണ് ആക്ഷേപം.
കൊളവല്ലൂർ പിആർഎം ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർഥിയായ മുഹമ്മദ് നിഹാലാണ് ക്രൂര മർദനത്തിന് ഇരയായത്. പ്ലസ് ടു വിദ്യാർഥികളായ അഞ്ചുപേർ ചേർന്ന് നിഹാലിനെ മർദ്ദിക്കുകയായിരുന്നു എന്നാണ് പരാതി.
ആക്രമണത്തിൽ മുഹമ്മദ് നിഹാലിന്റെ ഇടതുകൈയുടെ എല്ലിന് പൊട്ടലേറ്റു. സംഭവത്തിൽ സീനിയർ വിദ്യാർഥികൾക്കെതിരെ കൊളവല്ലൂർ പൊലീസ് കേസെടുത്തിട്ടുണ്ട്.
സീനിയർ വിദ്യാർഥികളെ ബഹുമാനിക്കുന്നില്ലെന്നും നോട്ടം ശരിയല്ലെന്നും പറഞ്ഞാണ് സീനിയർ വിദ്യാർഥികൾ മുഹമ്മദ് നിഹാലിനെ മർദ്ദിച്ചത്. 12-ാം തീയതിയായിരുന്നു കേസിന് ആസ്പദമായ സംഭവം.
പരിക്കേറ്റ നിഹാലിനെ തലശ്ശേരിയിലെ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിഹാലിന്റെ ആരോഗ്യനിലയിൽ പുരോഗതിയുള്ളതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.