കോഴിക്കോട്: കൂടരഞ്ഞിയിൽ ഇരട്ട കൊലപാതകം നടത്തിയെന്ന പ്രതിയുടെ വെളിപ്പെടുത്തലിൽ കൊല്ലപ്പെട്ടയാളുടെ രേഖാചിത്രം പുറത്തു വിട്ട് പൊലീസ്.
പ്രതിയുമായുള്ള ചോദ്യം ചെയ്യലിൽ നിന്ന് ലഭിച്ച വിവര പ്രകാരം പ്രേംദാസ് എന്ന മുൻ പോലീസ് ഉദ്യോഗസ്ഥൻ ആണ് രേഖാചിത്രം വരച്ചത്.
വീട്ടുടമ ചിത്രം സ്ഥിരീകരിച്ചിട്ടുണ്ട്. ചിത്രം 80 ശതമാനം കൃത്യമെന്നാണ് വിലയിരുത്തൽ. പ്രതിയുടെ വെളിപ്പെടുത്തൽ അന്വേഷിക്കാൻ ഏഴംഗ ക്രൈം സ്ക്വാഡ് രൂപീകരിച്ചിരുന്നു.
വെള്ളയിൽ കൊലപാതകത്തിൽ മുഹമ്മദലിക്ക് ഒപ്പമുണ്ടായിരുന്നയാളെ കണ്ടെത്താനുള്ള ശ്രമം പൊലീസ് തുടങ്ങിയിരുന്നു.
1989ൽ കോഴിക്കോട് വെള്ളയിൽ ബീച്ചിൽ വെച്ച് യുവാവിനെ കൊലപ്പെടുത്തി എന്ന് മുഹമ്മദലി വെളിപ്പെടുത്തിയിരുന്നു. ഇതിന് സുഹൃത്ത് ബാബുവിൻ്റെ സഹായം ലഭിച്ചതായും മൊഴിയിലുണ്ട്.
1989 സെപ്തംബർ 24 ന് കടപ്പുറത്ത് യുവാവ് മരിച്ചിരുന്നു. എന്നാൽ മരിച്ചത് ആരെന്ന് തിരിച്ചറിയാൻ കഴഞ്ഞില്ല.
മുഹമ്മദലിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് ഈ കേസ് വീണ്ടും അന്വേഷിക്കുന്നുണ്ട്.
ആ യുവാവിനെ ഞാൻ കൊന്നതാണ്’
കോഴിക്കോട്: 14ാം വയസ്സിൽ നടത്തിയ കൊലപാതകം 39 വർഷത്തിനു ശേഷം ഏറ്റുപറഞ്ഞ് പ്രതി. മലപ്പുറം വേങ്ങര പൊലീസ് സ്റ്റേഷനിൽ ആണ് മുഹമ്മദലി (54) കീഴടങ്ങിയത്.
‘1986 ൽ കൂടരഞ്ഞിയിലെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവാവിനെ ഞാൻ കൊന്നതാണ്’. എന്നായിരുന്നു വെളിപ്പെടുത്തൽ. ജൂൺ അഞ്ചിനാണ് മുഹമ്മദലി വേങ്ങര പൊലീസ് സ്റ്റേഷനിലെത്തി കുറ്റസമ്മതം നടത്തിയത്.
മൂത്ത മകന്റെ മരണവും രണ്ടാമത്തെ മകന്റെ അപകടവും കഴിഞ്ഞപ്പോൾ കുറ്റബോധം കൊണ്ട് തനിക്ക് ഉറങ്ങാൻ പോലും പറ്റുന്നില്ലെന്നും 14ാം വയസ്സിൽ ഒരു കൊലപാതകം നടത്തിയിട്ടുണ്ടെന്നും പറഞ്ഞ മുഹമ്മദലി പൊലീസിനൊപ്പം കൂടരഞ്ഞിയിൽ എത്തി കൊല നടന്ന സ്ഥലവും കാണിച്ചുകൊടുത്തിട്ടുണ്ട്.
1986 നവംബർ അവസാനമായിരുന്നു കൊലപാതകം നടന്നത്. കൂടരഞ്ഞിയിലെ ദേവസ്യ എന്ന ആളുടെ പറമ്പിൽ കൂലിപ്പണിക്കു നിൽക്കുന്ന സമയത്ത് 14 വയസ്സു മാത്രമുള്ള തന്നെ ഉപദ്രവിക്കാൻ ശ്രമിച്ചയാളെ അടുത്തുള്ള തോട്ടിലേക്കു ചവിട്ടി വീഴ്ത്തി എന്നായിരുന്നു മുഹമ്മദലിയുടെ മൊഴി.
സ്ഥലത്തു നിന്ന് ഓടിപ്പോയ മുഹമ്മദലി 2 ദിവസം കഴിഞ്ഞതിനു ശേഷമാണ് തോട്ടിൽ മുങ്ങി അയാൾ മരിച്ച വിവരം അറിയുന്നത്. അപസ്മാരം ഉണ്ടായിരുന്ന ആളുടേത് സ്വാഭാവിക മരണമാകുമെന്നു നാട്ടുകാരും പറഞ്ഞതോടെ പൊലീസ് അങ്ങനെയാണ് കേസ് രജിസ്റ്റർ ചെയ്തത്.
മരിച്ചയാളെ തിരിച്ചറിയാൻ ബന്ധുക്കളാരും എത്തിയിരുന്നുമില്ല. തുടർന്ന് അജ്ഞാത മൃതദേഹമായി സംസ്കരിച്ച് കേസിലെ നടപടികൾ അവസാനിപ്പിക്കുകയായിരുന്നു.
വർഷങ്ങൾക്കിപ്പുറം മുഹമ്മദലിയുടെ വെളിപ്പെടുത്തൽ സ്ഥിരീകരിച്ച പൊലീസ് കഴിഞ്ഞ ദിവസം ഇയാൾക്കെതിരെ കേസെടുത്ത് റിമാൻഡ് ചെയ്തു.
എന്നാൽ മുഹമ്മദലിയുടെ ഏറ്റുപറച്ചിലോടെ തിരുവമ്പാടി പൊലീസ് മരിച്ചത് ആരാണെന്ന അന്വേഷണത്തിലാണ്. ആർഡിഒ ഓഫിസിലെ പഴയ ഫയലുകൾ പരിശോധിച്ചും അന്നത്തെ പത്രവാർത്തകൾ നോക്കിയും മരിച്ചയാളെ തിരിച്ചറിയാനാണ് തിരുവമ്പാടി സിഐ കെ.പ്രജീഷിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ ശ്രമം.
English Summary :
In connection with the double murder in Koodaranji, the police have released a sketch of one of the victims based on the accused’s confession