വിശ്വാസി സമൂഹത്തിന് ആശ്വാസം. മാർപ്പാപ്പയുടെ ആരോഗ്യ നിലയിൽ പുരോഗതി.റോമിലെ ജെമെല്ലി ആശുപത്രിയിലെ ചാപ്പലിൽ നിന്നും ഫ്രാൻസിസ് മാർപാപ്പയുടെ ഫോട്ടോ വത്തിക്കാൻ പുറത്തുവിട്ടു. ദിവ്യബലി അർപ്പിക്കുമ്പോൾ ധരിക്കുന്ന സ്റ്റോളും ധരിച്ച് ഇരിക്കുന്ന 88കാരനായ മാർപാപ്പയാണ് ചിത്രത്തിലുള്ളത്.
ഫെബ്രുവരി 14 ന് ന്യൂമോണിയ ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ശേഷം വത്തിക്കാനിൽ നിന്ന് പുറത്തുവരുന്ന മാർപാപ്പയുടെ ആദ്യത്തെ ഫോട്ടോയാണ് പുറത്തു വിടുന്നത്. സന്ദർശകരെ ആരെയും ഇപ്പോൾ അദ്ദേഹത്തെ കാണാൻ അനുവദിക്കുന്നില്ല.
മാർപ്പാപ്പയുടെ വിവരങ്ങൾ അറിയാൻ നൂറ് കണക്കിന് കുട്ടികളാണ് പ്രാർത്ഥനകളുമായി ആശുപത്രിക്ക് മുന്നിൽ തടിച്ചുകൂടിയിരിക്കുന്നത്. ‘പ്രിയപ്പെട്ട കുട്ടികളേ, നന്ദി! പോപ്പ് നിങ്ങളെ സ്നേഹിക്കുന്നു, നിങ്ങളെ കാണാൻ എപ്പോഴും കാത്തിരിക്കുന്നു’ എന്നാണ് ഇവർക്കയച്ച പരസ്യ പ്രസ്താവനയിൽ പോപ്പ് പറഞ്ഞത്. മാർപാപ്പയുടെ ചികിത്സ തുടരുന്നതായി വത്തിക്കാൻ അറിയിക്കുന്നു.
വെറുതെ പേടിപ്പിക്കാൻ പറഞ്ഞതല്ല, ചെയ്യുമെന്ന് പറഞ്ഞാൽ ചെയ്തിരിക്കും; ട്രംപിന്റെ മുന്നറിയിപ്പിന് പിന്നാലെ ഹൂതി കേന്ദ്രങ്ങളിൽ വ്യോമാക്രമണം
വാഷിങ്ടൺ: ഡൊണാൾഡ് ട്രംപിന്റെ മുന്നറിയിപ്പിന് പിന്നാലെ യമനിലെ ഹൂതി കേന്ദ്രങ്ങളിൽ ശക്തമായ വ്യോമാക്രമണം നടത്തി അമേരിക്കൻ സേന. യു.എസ് യുദ്ധകപ്പലിനുനേരെ ഹൂതികൾ ആക്രമണം നടത്തിയെന്നാരോപിച്ചാണ് യെമനിലെ ഹൂതി ശക്തികേന്ദ്രങ്ങളിൽ വ്യോമാക്രമണം നടത്തുന്നത്.ഹൂതികളെ പൂർണമായും ഇല്ലാതാക്കുന്നതുവരെ ആക്രമണം തുടരുമെന്നാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറയുന്നത്.
വ്യോമാക്രമണം തുടങ്ങുന്നതിന് മുമ്പ് മുന്നറിയിപ്പുമായി ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ രംഗത്തെത്തിയിരുന്നു.ഹൂതികളുടെ കടൽക്കൊള്ളയ്ക്കും ഭീകരതയ്ക്കും അതിക്രമങ്ങൾക്കെതിരെയുമാണ് നിലപാടെടുക്കുന്നതെന്നാണ് ട്രംപ് പറഞ്ഞത്. ഇന്നു മുതൽ ആക്രമണം നിർത്തണമെന്ന അന്ത്യശാസനവും യു.എസ് പ്രസിഡൻ്റ് ഹൂതികൾക്ക് നൽകിയിരുന്നു.‘നിങ്ങളുടെ സമയം അവസാനിച്ചു. നിങ്ങളുടെ ആക്രമണം ഇന്ന് മുതൽ നിർത്തണം’ എന്ന് ട്രംപ് ട്രൂത്ത് സോഷ്യലിൽ പോസ്റ്റ് ഇട്ടിരുന്നു.
അമേരിക്കൻ കപ്പലുകൾക്ക് നേരെ ഹൂതികൾ നടത്തുന്ന ഒരാക്രമണവും ഇനി അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.കൂടാതെ ഹൂതികൾക്ക് പ്രധാനമായും പിന്തുണ നൽകുന്ന ഇറാനും ട്രംപ് ശക്തമായ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഹൂതികൾക്ക് സഹായം ചെയ്യുന്നത് നിർത്തണമെന്ന് ട്രംപ് ഇറാനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അമേരിക്കയെ ഭീഷണിപ്പെടുത്താനാണ് ശ്രമമെങ്കിൽ കാര്യങ്ങൾ വഷളാകുമെന്നും ഇറാന് ട്രംപ് മുന്നറിയിപ്പ് നൽകി.